- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സർക്കാർ കോടികൾ അനുവദിക്കുമ്പോഴും അതെല്ലാം സംസ്ഥാന പദ്ധതികളായി അവതരിപ്പിക്കുന്നു; എട്ടാം വാർഷികത്തിൽ സത്യം അറിയിക്കാൻ കണ്ണൂരിൽ ബിജെപി പ്രവർത്തകരുടെ ഭവനസന്ദർശനവും ക്യാംപയിനും
കണ്ണൂർ: മോദി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ ജനക്ഷേമ പദ്ധതികളെ കുറിച്ച് ജനങ്ങളെ അറിയിക്കാൻ ബിജെപി പ്രവർത്തകർ ഭവനസന്ദർശനവും ക്യാംപയിനും നടത്തുന്നു. എൻ.ഡി. എ സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്ന പിണറായി സർക്കാരിന്റെ കാപട്യം തുറന്നുകാട്ടും. ജൂൺ അഞ്ചുമുതൽ 15 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബിജെപി പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് കണ്ണൂർ മാരാർജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി ഗൃഹസമ്പർക്കം, ലഘുലേഖ വിതരണം, കേന്ദ്രസർക്കാർ പദ്ധതി ഗുണഭോക്താക്കളുടെ സംഗമം, വിവിധ സമ്മേളനങ്ങൾ, ദളിത് പിന്നോക്ക വിഭാഗങ്ങൾക്കായുള്ള സേവനപ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. കേന്ദ്ര മന്ത്രിമാരും, ബിജെപി ദേശീയ, സംസ്ഥാന നേതാക്കളും പരിപാടികളിൽ പങ്കെടുക്കും.
കഴിഞ്ഞ എട്ട് വർഷമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികൾ ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും ഗുണകരമായിട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് വിവിധ പദ്ധതികൾക്കായി നീക്കിവെച്ചത്. പ്രധാനമന്ത്രി സഡക്ക് യോജനയിലുൾപ്പെടുത്തി വിവിധ റോഡുകൾക്കായി 225.36 ലക്ഷം രൂപ അനുവദിച്ചു. തൊഴിൽ മേഖലയിൽ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയ മുദ്ര യോജന വഴി നൽകിയ 285.09 കോടി രൂപയ്ക്ക് 74,097 പേർ ഗുണഭോക്താക്കളായി. ജില്ലയിലെ ഗ്രാമീണ മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിന് മുദ്രാ യോജന വലിയ പങ്ക് വഹിച്ചു. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയ 17 പദ്ധതികളിൽ 10 എണ്ണം പൂർത്തീകരിച്ചു. ആരോഗ്യ മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകിയ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി 83.95 കോടി രൂപ ഇതുവരെ ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്.
പ്രധാൻ മന്ത്രി ആവാസ് യോജനയിൽ 865.20 ലക്ഷം രൂപയാണ് ലഭിച്ചത്. പദ്ധതിയിൽ ഇതുവരെ 721 വീടുകൾ പൂർത്തിയായി. പ്രധാനമന്ത്രി കൃഷി സീഞ്ചായി യോജനയിൽ ഇതുവരെ 14.89 കോടി രൂപയാണ് അനുവദിച്ചത്. ദേശീയപാത വിഭാഗത്തിൽ ഒൻപത് പദ്ധതികൾക്കായി അനുവദിച്ച 149 കോടി രൂപയിൽ ഇതുവരെ 73 കോടി രൂപ ചെലവഴിച്ചു. ഇതിൽ അഞ്ച് പ്രവൃത്തികൾ പൂർത്തിയായി. നാഷണൽ സോഷ്യൽ അസിസ്റ്റന്റ് പ്രോഗ്രാം പദ്ധതിയിൽ വിവിധ പെൻഷൻ പദ്ധതിയിലേക്ക് 325.6 കോടി രൂപ നൽകി.
പെൻഷൻ പദ്ധതിയുടെ 60 ശതമാനമാണ് കേന്ദ്രസർക്കാർ നൽകുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പദ്ധതികൾക്കായി ഇതുവരെ 145.72 കോടി രൂപ കണ്ണൂർ കോർപറേഷന് നൽകി. തൊഴിലുറപ്പ് പദ്ധതിയിലേക്ക് ഇതുവരെ 245.98 കോടി രൂപ അനുവദിച്ചു. വിനോദ സഞ്ചാര വികസനത്തിനായി പറശ്ശിനിക്കടവ് മുതൽ നീലേശ്വരം വരെയുള്ള പ്രധാന കേന്ദ്രങ്ങൾ ചേർത്ത് 427 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി റോഡ് പരിഷ്‌കരണത്തിന് 738 കോടി രൂപയും കരിവെള്ളൂർ തലശ്ശേരി ബൈപാസ് സ്ഥലമേറ്റെടുപ്പിന് 2260 കോടി രൂപയും മോദി സർക്കാർ അനുവദിച്ചു.
വിവിധ പദ്ധതികൾക്കായി മോദി സർക്കാർ കോടികൾ അനുവദിക്കുമ്പോഴും അതെല്ലാം സംസ്ഥാന പദ്ധതികളായി അവതരിപ്പിക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ സമഗ്രവികസനത്തിനുള്ള പദ്ധതികളാണ് മോദി സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. എന്നാൽ ക്ഷേമപദ്ധതികളിലൂടെ മോദി സർക്കാർ ജനഹൃദയങ്ങളിലേക്കെത്തുമെന്ന ആശങ്കയിൽ പല പദ്ധതികളും ഇവിടെ നടപ്പിലാക്കാതെ പോവുകയാണെന്നും ഹരിദാസ് പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ. സുരേഷ്, മീഡിയ കൺവീനർ പി.വി. വിജയരാഘവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




