കണ്ണൂർ: തൃക്കാക്കരയിൽ, സെഞ്ച്വറിയടിക്കാതെ ഇഞ്ച്വറിയുമായി എൽ.ഡി. എഫ് ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ കണ്ണൂരിൽ. ഉപതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് ശേഷം മുഖ്യമന്ത്രി നാളെ മുതൽ രണ്ടുദിവസം കണ്ണൂരിലെത്തും. തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രി കണ്ണൂരിൽ നിന്നും മൗനം ഭേദിക്കുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നിരാശരായ പാർട്ടി അണികൾക്ക് ആശ്വാസമേകുമെന്നാണ് പൊതുവിലയിരുത്തൽ. സാധാരണ ഫെയ്സ് ബുക്ക് പേജിൽ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുന്ന മുഖ്യമന്ത്രി മൗനം പാലിക്കുന്നതാണ് പാർട്ടി വൃത്തങ്ങളിലും ജനങ്ങളിലും ചർച്ചയാകുന്നത്.

പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വനംവകുപ്പ് നടത്തുന്ന വൃക്ഷസമൃദ്ധി പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനമടക്കം വിവിധപരിപാടികളിലാണ് മുഖ്യമന്ത്രി കണ്ണൂർ ജില്ലയിൽ പങ്കെടുക്കുന്നത്. ഇതിൽ പാർട്ടിപരിപാടികളില്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാവില്ലെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

പിണറായി കൺവെൻഷൻ സെന്ററിലാണ് പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. കണ്ണൂർ ശൈലിയിൽ എണ്ണയിട്ട യന്ത്രം പോലെയാണ് തൃക്കാക്കരക്കയിൽ എൽ. ഡി. എഫ് പ്രവർത്തകർ പ്രവർത്തിച്ചത്. കണ്ണൂരുകാരൻ തന്നെയായ എൽ. ഡി. എഫ് കൺവീനർ ഇ.പി ജയരാജനായിരുന്നു തെരഞ്ഞെടുപ്പിന്റെ ചുമതല. ഇ.പി കൺവീനറായതിനു ശേഷം നേരിട്ട ആദ്യ തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേത്. തുടക്കത്തിൽ തന്നെ പരാജയം രുചിച്ചത് ഇ.പിക്കും തിരിച്ചടിയായി.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്യാപ്റ്റനെന്ന് വിശേഷണം ചാർത്തി നൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം വൻവിജയം കൊയ്തിരുന്നു. ഇതിന്റെ ആവർത്തനം തൃക്കാരക്കയിലുണ്ടാകുമെന്നും എൽ.ഡി. എഫ് സർക്കാർ നൂറുതികയ്ക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായത്. എന്നാൽ അതുണ്ടായില്ലെന്നത് എൽ.ഡി. എഫ് പ്രവർത്തകർക്ക് നിരാശ പകർന്നിട്ടുണ്ട്.

തൃക്കാക്കരയിലെ പരാജയത്തിൽ പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി പ്രതികരിക്കാത്തതിൽ അസ്വാഭാവികതയില്ലെന്നാണ് സി.പി. എം നേതൃത്വം പറയുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കണ്ണൂർജില്ലയിൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് വരെ സിൽവർ ലൈൻ കുറ്റിയിടൽ പ്രതിഷേധം ശക്തമായത് സി.പി. എമ്മിനുള്ളിൽ തന്നെ ചർച്ചയായിരുന്നു. സിൽവർ ലൈൻ പദ്ധതി എന്തുവന്നാലും നടപ്പിലാക്കുമെന്നു ആവർത്തിച്ച മുഖ്യമന്ത്രി മാറിയ സാഹചര്യത്തിൽ ഈ വിഷയത്തിൽ കണ്ണൂരിൽ നിന്നും പ്രതികരിക്കുമോയെന്നും രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നുണ്ട്. ഇതിനിടെ തൃക്കാക്കരയിലെ തോൽവിയെ കുറിച്ചുള്ള പ്രതികരണവുമായി എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്തു വന്നിട്ടുണ്ട്. പിണറായി സർക്കാരിന്റെ ഭരണ വിലയിരുത്തലാകും തൃക്കാരക്കര ഉപതെരഞ്ഞെടുപ്പെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഇ.പി വ്യക്തമാക്കി. എന്നാൽ നൂറ് സീറ്റ് തികയ്ക്കാൻ തൃക്കാക്കരയിലൂടെ കഴിഞ്ഞിട്ടില്ലെന്നും വോട്ടുകൾകൂടിയത് എൽ. ഡി. എഫ് അടിത്തറ ശക്തമാണെന്ന് തെളിയിക്കുന്നതായും ഇ.പി വ്യക്തമാക്കി.