കണ്ണൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജൈവവൈവിധ്യ പ്രാധാന്യമുള്ള കണ്ടൽക്കാടുകളുള്ള തലശേരിയിൽ ഏക്കർ കണക്കിന് കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ചതായി പരാതി. തലശേരി നഗരസഭാ പരിധിയിലെ പതിമൂന്നാംവാർഡായ കുഴിപ്പങ്ങാട് പുഴയോരത്തെയും സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ ചതപ്പുനിലയത്തിലെയും കണ്ടൽക്കാടുകൾ വ്യാപകമായി മുറിച്ചു മാറ്റിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ചതിനു ശേഷം നഗരസഭാ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ അറിയിച്ചു.

കണ്ടൽക്കാടുകൾ മുറിച്ചു മാറ്റിയുള്ള നിർമ്മാണത്തിനു സബ് കലക്ടർ അനുകുമാരി സ്റ്റോപ്പ് മെമോ നൽകിയിരുന്നു.അപൂർവ ഇനത്തിൽപ്പെട്ട മൂന്നു തരത്തിലുള്ള കണ്ടൽക്കാടുകളായിരുന്നു മുറിച്ചു മാറ്റിയിരുന്നത്. മുറിച്ചുമാറ്റിയ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മണ്ണിട്ടുനികത്തിയ നിലയിലുമായിരുന്നു. കഴിഞ്ഞദിവസം തലശേരി നഗരസഭാ യോഗത്തിൽ യു.ഡി.എഫ് കൗൺസിലർ കെ.പി അൻസാരി ഈ വിഷയം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് നദരസഭാ അധ്യക്ഷ കെ.എം ജമുനാറാണി കണ്ണവം ഫോറസ്റ്റ് വിഭാഗത്തിനു മുമ്പാകെ വിവരങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഇതിനിടെയിലാണ് തിരുവങ്ങാട് വില്ലേജിൽ വരുന്ന സ്ഥലമായതിനാൽ വില്ലേജ് ഓഫിസർ അന്വേഷണം നടത്തി സബ്കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. എറണാകുളം സ്വദേശിയയായ ഉടമ ചെമ്മീൻ കൃഷി നടത്താനാണു കണ്ടൽക്കാടുകൾ വെട്ടി നശിപ്പിച്ചതെന്നാണു പ്രാഥമിക വിവരം. ഇതേ തുടർന്ന് നിർമ്മാണം നിർത്തിവയ്ക്കാൻ സ്റ്റോപ്പ് മെമോ നൽകുകയായിരുന്നു.

നഗരസഭയിലെ 13ാം വാർഡിൽപ്പെടുന്ന സ്ഥലത്താണ് പുഴയോരം കൈയേറി കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിച്ചത്. വർഷങ്ങൾക്കു മുമ്പ് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റാണ് പുഴയോരത്ത് അപൂർവ ഇനത്തിൽപ്പെട്ട കണ്ടൽച്ചെടികൾ വച്ചു പിടിപ്പിച്ചത്. അതുഉൾപ്പെടെയാണ് ഇപ്പോൾ മുറിച്ചു മാറ്റിയിരിക്കുന്നത്. മുറിച്ചു മാറ്റിയ കണ്ടൽക്കാടുകൾ വാഹനത്തിൽ കയറ്റി കൊണ്ടുപോയെന്നാണു പരിസരത്തുള്ള നാട്ടുകാർ പറയുന്നത്.
കുറച്ച് പുഴയോരത്ത് കൂട്ടിയിട്ട നിലയിലുമുണ്ട്.

ഫോറസ്റ്റ് വിഭാഗത്തിന്റെ റിസർവ് ഏരിയയിൽപെടുന്ന പ്രദേശമാണിത്. കാലവർഷത്തിൽ ഈപ്രദേശത്തിൽ വെള്ളക്കെട്ട് രൂക്ഷമാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച്സ്ഥലത്തെ വേലി നിർമ്മിക്കാനെത്തയ സംഘത്തെ ഡിവൈഎഫ്ഐ തലശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തടഞ്ഞു. പ്രകൃതിയുടെ ആവാസ്ഥ വ്യവസ്ഥ സംരക്ഷിക്കണമെന്ന് ഡി.വൈ.എഫ്‌ഐ നേതാക്കൾ ആവശ്യപ്പെട്ടു.കണ്ടൽ നശീകരണത്തിനെതിരെ വരുംദിനങ്ങളിൽ പ്രതിഷേധവും പ്രതിരോധവും ശക്തമാക്കാനാണ് ഡി.വൈ. എഫ്. ഐയുടെ തീരുമാനം.