ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചു തിരികെ പോയതിനു പിന്നാലെ ഒരു വൻ സംഘമാണ് ബ്രിട്ടനിൽ നിന്നും ഇന്ത്യയിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വാണിജ്യ-വ്യവസായ മേഖലകളിൽ കൂടുതൽ ദീർഘകാല കരാറുകൾ ഒപ്പുവയ്ക്കുന്നതിനുമാണ് ഈ വൻ സംഘം ഇന്ത്യയിലെത്തുന്നത്. 22 ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ പ്രതിനിധികൾ, യൂണിവേഴ്സിറ്റീസ് യു കെ ഇന്റർനാഷണൽ, വിദ്യാഭ്യാസ വകുപ്പ്, അന്താരാഷ്ട്ര വ്യാപാര വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരാണ് സംഘത്തിലുള്ളത്.

കോവിഡ് പ്രതിസന്ധിയുടെ അവസാന നാളുകളിലായിരുന്നു ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം എക്കാലത്തേക്കാൾ ശക്തമായത്. വരുന്ന നാളുകളിൽ അത് കൂടുതൽ ദൃഢമാക്കുവാനുള്ള കാര്യങ്ങളായിരിക്കും കൂടിയാലോചനകളിൽ ഉണ്ടാവുക. ട്രാൻസ് നാഷണൽ എഡ്യുക്കേഷൻ, ഡ്യൂവൽ ഡിഗ്രി (ഇരട്ട ബിരുദം), അറിവിന്റെയും വൈദഗ്ദ്യത്തിന്റെയും പങ്കുവയ്ക്കൽ തുടങ്ങി അനവധി പദ്ധതികളാണ് വിദ്യാഭ്യാസ രംഗത്ത് ഇരു രാഷ്ട്രങ്ങളും ഒത്തൊരുമിച്ച് ചെയ്യാൻ ഉദ്ദേശിക്കുന്നത്.

2020- ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി തുറന്നുകിട്ടിയ അവസരങ്ങൾ എല്ലാം പരമാവധി ഉപയോഗിക്കുവാൻ പോവുകയാണെന്ന് യു കെ ഗവണ്മെന്റിന്റെ ഇന്റർനാഷണൽ എഡ്യുക്കേഷൻ ചാമ്പ്യൻ സ്റ്റീവ് സ്മിത്ത് പറഞ്ഞു. ഇതിനായി ഡൽഹി, അഹമ്മദാബാദ്, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിലെ പല ഉന്നത ഉദ്യോഗസ്ഥന്മാരുമായും ഇതിനോടകം പ്രാഥമിക ചർച്ചകൾ നടത്തിയതായും അദ്ദേഹം അറിയിച്ചു. വരുന്ന നാലു ദിവസങ്ങളിൽ ഇന്ത്യ സന്ദർശിക്കുന്ന ബ്രിട്ടീഷ് സംഘം പത്തോളം സംസ്ഥാനങ്ങൾ സന്ദർശിക്കുകയും പരസ്പര പങ്കാളിത്തത്തോടെയുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.

കഴിഞ്ഞ തവണ 2019-ൽ സന്ദർശനത്തിനെത്തിയ സംഘം, അതിനുശേഷം ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായ പുരോഗതികളുടെ രേഖകളും പുറത്തിറക്കും. ശാസ്ത്രം, ഗവേഷണം, നവാശയങ്ങൾ (ഇന്നോവേഷൻ), എന്നീ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഉതകുന്ന രീതിയിലുള്ള പദ്ധതികൾക്കായിരിക്കും രൂപം നൽകുക. ഒപ്പം ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കുവാനും ഇരു രാജ്യങ്ങളും മുന്നിട്ടിറങ്ങും.

അതുപോലെ ഇന്ത്യൻ വ്യവസായ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ ശ്രമിക്കുന്നുണ്ട്. അതിനുള്ള അവസരങ്ങളും ഈ സന്ദർശനവേളയിൽ അവർ തേടും. ഇരു രാജ്യങ്ങളിലേക്കും റിക്രൂട്ട്മെന്റുകൾ നടത്തുക, വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കുക തുടങ്ങിയ കാര്യങ്ങളായിരിക്കും ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ നേടുന്ന ചർച്ചാവിഷയങ്ങൾ. ഉന്നത വിദ്യാഭ്യാസ മേഖലകളിലെ യോഗ്യതകൾക്ക് ഇരു രാജ്യങ്ങളിലും പരസ്പരം അംഗീകാരം നൽകുക എന്നതും ഇവിടെ പരിഗണനയിലുണ്ട്.

ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനവേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊരുമിച്ച് സംയുക്തമായി പ്രഖ്യാപിച്ച ഇന്ത്യാ യു കെ റോഡ് മാപ്പ് 2030 ന്റെ ഭാഗമായിട്ടാണ് ഈ പദ്ധതികൾ ഒക്കെയും വരുന്നത്. കുടിയേറ്റം ഉൾപ്പടെയുള്ള പല പ്രശ്നങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര കൂടുതൽ ഉദാരമായ സമീപനം പുലർത്താനും അന്ന് തീരുമാനം ഉണ്ടായിരുന്നു.