- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസുലിൻ വില കുതിക്കുന്നു; പ്രമേഹ രോഗികളുടെ ജീവൻ അപകടത്തിൽ; നാല് വർഷത്തിനിടയിൽ 50 ശതമാനം വില വർധന; ലോകത്തിലെ പ്രമേഹ രോഗികളിൽ 17 ശതമാനം ഇന്ത്യയിൽ; സംസ്ഥാനത്ത് നാല് പേരിലൊരാൾ ഡയബറ്റിസ് രോഗി
ന്യൂഡൽഹി: ലോകത്തിന്റെ പ്രമേഹ തലസ്ഥാനമെന്നറിയപ്പെടുന്ന ഇന്ത്യയിൽ രോഗ നിയന്ത്രണത്തിനുള്ള ഇൻസുലിന്റെ വില കുതിച്ചുയരുന്നു. തുടരെത്തുടരെയുള്ള വില വർധന രോഗികളുടെ ആരോഗ്യത്തിനും, ജീവനും ഭീഷണിയായി മാറുന്നു. അടിക്കടിയുള്ള വില വർധനവ് മൂലം സാമ്പത്തികമായി പരാധീനത നേരിടുന്ന രോഗികൾക്ക് മിക്കപ്പോഴും ഇൻസുലിൻ കുത്തിവെയ്ക്കാനും കഴിയുന്നില്ല. കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യത്തെ ഇൻസുലിന്റെ വില 50 ശതമാനത്തിലധികം വർധിച്ചിട്ടുണ്ട്.
പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന ഇൻസുലിന്റെ വില വർധന അവസാനിപ്പിക്കണമെന്ന് ഫാർമാ കമ്പനികളോട് ലോകാരോഗ്യ സംഘടന കഴിഞ്ഞ വർഷം അവസാനം ആവശ്യപ്പെട്ടിരുന്നു. ജീവൻ രക്ഷാ മരുന്നായ ഇൻസുലിന്റെ വില അനിയന്ത്രിതമായി വർധിപ്പിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നാണ് ഡബ്യൂ എച്ച് ഒ പറഞ്ഞത്. 100 വർഷം മുൻപാണ് ശാസ്ത്രജ്ഞർ ഇൻസുലിൻ കണ്ടുപിടിച്ചത്. ഈ മരുന്നിൽ നിന്ന് ലാഭം ഉണ്ടാക്കുകയെന്നതായിരുന്നില്ല അവരുടെ ഉദ്ദേശം. തുച്ഛമായ വിലയ്ക്ക് എല്ലാവർക്കും മരുന്ന് ലഭിക്കുന്നതിന് വേണ്ടി കേവലം ഒരു ഡോളറിനാണ് ഈ മരുന്നിന്റെ പേറ്റന്റ് അവകാശം ആ ശാസ്ത്രജ്ഞർ നൽകിയതെന്ന് ഡബ്യൂ എച്ച് ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്‌റോസ് അഥനോം പറഞ്ഞു.
നിലവിലെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യയിൽ എട്ടുകോടി ആൾക്കാർ പ്രമേഹ രോഗം ബാധിച്ചവരാണ്. 2045 ആവുമ്പോഴേക്കും രോഗികളുടെ എണ്ണം പതിമൂന്നര കോടിയാവാനാണ് സാധ്യതയെന്ന് കണക്കുകൾ തെളിയിക്കുന്നു. ലോകത്തിലെ പ്രമേഹ രോഗികളിലെ 17 ശതമാനം ഇന്ത്യയിലാണ്. ഇൻസുലിൻ രാജ്യത്ത് 30 മുതൽ 40 വരെ രോഗികൾ ഉപയോഗിക്കുന്നു. ഇൻസുലിന്റെ വില നിയന്ത്രണത്തിനായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപ്പെടലുകളൊന്നും ഉണ്ടാവുന്നില്ല.
സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ വർധിക്കുന്നതായി പഠനം.10 വർഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണത്തിൽ 20 ശതമാനമാണ് വർധനവ് ഉണ്ടായിട്ടുള്ളത്. അതായത് 2009ൽ പ്രമേഹ രോഗികൾ ജനസംഖ്യയുടെ 15 ശതമായിരുന്നുവെങ്കിൽ ഇന്ന് 35 ശതമാനമാണ്. നിലവിൽ സംസ്ഥാനത്തെ നാല് പേരെ എടുത്താൽ അതിലൊരാൾ പ്രമേഹ രോഗിയാണെന്നാണ് കണക്ക്.
ഇൻസുലിൻ വില കൂടുന്നത് രാജ്യത്തെ പ്രമേഹ രോഗ നിയന്ത്രണത്തിൽ വൻ പ്രത്യാഘാതം സൃഷ്ടിക്കുന്നതായി പഠനം. പ്രമേഹത്തെ പ്രതിരോധിച്ച് നിർത്താൻ കഴിയുന്ന ഏറ്റവും ശക്തമായ മരുന്നുകളിലൊന്നാണ് ഇൻസുലിൻ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയാണ് ഇൻസുലിൻ ചെയ്യുന്നത്.
സനോഫി, എലി ലില്ലി, നോവോ നോർഡിസ്‌ക് എന്നിവയാണ് ഇൻസുലിൻ വിപണി നിയന്ത്രിക്കുന്ന മുൻനിര ബഹുരാഷ്ട്ര ഫാർമ കമ്പനികൾ. ലോക ഇൻസുലിൻ വിപണിയുടെ 90 ശതമാനവും ഈ മൂന്ന് കമ്പനികളുടേതാണ് ഇക്കാരണത്താൽ വില നിയന്ത്രിക്കുന്നതും ബഹുരാഷ്ട്ര കമ്പനികൾ തന്നെയാണ്.
ബയോകോൺ തുടങ്ങിയ ഇന്ത്യൻ കമ്പനികൾ രംഗത്തുണ്ടെങ്കിലും വിപണിയിലെ സാന്നിധ്യം കുറവാണ്. അതേസമയം ബയോസിമിലാർ ഇൻസുലിൻ അവതരിപ്പിച്ചത് 20 മുതൽ 40 വരെ കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാക്കാൻ സഹായിച്ചതായും സയൻസ് ഡയറക്ടിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഹോർമോണാണ് ഇൻസുലിൻ. ആരോഗ്യമുള്ള ഒരു വ്യക്തി തന്റെ ശരീരത്തിന് ആവശ്യമായ ഇൻസുലിൻ സ്വയം ഉല്പാദിപ്പിക്കുന്നു. എന്നാൽ ടൈപ്പ് 1 പ്രമേഹ രോഗികളായ ആളുകളുടെ ശരീരം അതിന് ആവശ്യമായ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നില്ല. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ ഇൻസുലിൻ കുത്തിവയ്‌ക്കേണ്ടതുണ്ട്.
ടൈപ്പ് 2 പ്രമേഹ രോഗികളായ ആളുകളുടെ ശരീരം കുറച്ച് ഇൻസുലിൻ ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും ശരീരത്തിന് അത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയില്ല. ഇതിനാൽ ടൈപ്പ് 2 പ്രമേഹ രോഗികളായ ചിലർക്കും ഇൻസുലിൻ കുത്തിവയ്‌പ്പ് വേണ്ടിവരും. രാജ്യത്ത് ഏകദേശം 80 ദശലക്ഷം പ്രമേഹരോഗികളുണ്ട്, 2045 ഓടെ ഇത് 135 ദശലക്ഷമായി ഉയരുമെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ