തിരുവനന്തപുരം: സബ് ഡിവിഷനൽ മജിസ്‌ട്രേട്ട് കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 72 പവനിലേറെ ആഭരണങ്ങൾ കാണാതായ സംഭവത്തിന് പിന്നിൽ ഓഫിസ് ജീവനക്കാരെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. ഇക്കാലഘട്ടത്തിൽ ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യും. ഡപ്യൂട്ടി കലക്ടർമാർ വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടും. രണ്ടു വർഷം മുൻപ് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ അന്നത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചനയില്ല.

അതേസമയം ആഭരണങ്ങൾ കാണാതായ ചെസ്റ്റ് (ലോക്കർ) സംഘം പരിശോധിച്ചിരുന്നില്ലെന്നും രജിസ്റ്ററിനെ ആസ്പദമാക്കിയാണ് ഓഡിറ്റ് നടന്നതെന്നും പേരൂർക്കട പൊലീസിനു വിവരം ലഭിച്ചു. മുൻകൂർ നോട്ടിസ് നൽകി എജി ഓഫിസിൽ നിന്നു വിവരങ്ങൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണു പൊലീസ്. 2010 മുതൽ 2019 വരെയുള്ള കാലത്തെ 19 പേരുടെ തൊണ്ടിമുതലുകളാണ് ചെസ്റ്റിൽ നിന്നു മോഷണം പോയതെന്നു പൊലീസിന്റെ മഹസർ പരിശോധനയിൽ സ്ഥിരീകരിച്ചു. ചെസ്റ്റിന്റെ കസ്റ്റോഡിയൻ സീനിയർ സൂപ്രണ്ടാണ്. കൂടാതെ ഒരു ക്ലാർക്കും ഉണ്ട്. ഇവരടക്കം ഈ കാലഘട്ടത്തിൽ ഇവിടെ ജോലി ചെയ്ത അൻപതിൽ പരം പേരെ ചോദ്യം ചെയ്യും.

അന്ന് ഇവിടെ ജോലി ചെയ്തിരുന്നവരിൽ ചിലർ വിരമിച്ചെങ്കിൽ, മറ്റു ചിലർ സ്ഥാനക്കയറ്റം ലഭിച്ചു ഡപ്യുട്ടി കലക്ടർ വരെയായി. ഇവരെയെല്ലാം ചോദ്യം ചെയ്യുന്നതിനുള്ള അനുമതി തേടും. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായതിനെ തുടർന്ന് മെയ്‌ 29നാണു സിറ്റി പൊലീസ് കമ്മിഷണർക്കു സബ് കലക്ടർ പരാതി നൽകിയത്. പുറമേ നിന്നാരും ലോക്കർ തുറക്കാൻ സാധ്യത ഇല്ലാത്തതിനാൽ ജീവനക്കാരെ തന്നെയാണു സംശയം. അതിനാലാണ്, ജില്ലാ കലക്ടർ നിയോഗിച്ച ഉദ്യോഗസ്ഥരുടെ മൂന്നംഗ സംഘത്തിന്റെ അന്വേഷണവും സമാന്തരമായി തുടരുകയാണ്.

അസ്വാഭാവികമായി മരണമടഞ്ഞ അമ്മയുടെ പേരിൽ കോടതിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മറ്റും കണ്ണമൂല സ്വദേശിയായ മകനു തിരികെ നൽകാൻ സബ് ഡിവിഷനൽ മജിസ്‌ട്രേട്ട് കൂടിയായ സബ് കലക്ടർ ഏപ്രിൽ 7ന് ഉത്തരവിട്ടിരുന്നു. എട്ടു പവനോളം സ്വർണാഭരണങ്ങളും കൂടാതെ വെള്ളി ആഭരണങ്ങളും 48,000 രൂപയും മറ്റും അടങ്ങിയ ഈ മുതലുകൾ ചെസ്റ്റിൽ ഇല്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതേ തുടർന്ന് വിവരം പൊലീസിൽ അറിയിക്കുക ആയിരുന്നു.

ബാങ്കുകളിൽ ഉള്ള വലിയ ചെസ്റ്റും ആർഡിഒ കോടതിയിലേതും സമാനമാണ്. ഓരോ വർഷത്തെയും തൊണ്ടിമുതലുകൾ വെവ്വേറെ ആണ് സൂക്ഷിക്കുന്നത്. ഇവയെ കേസിന്റെ അടിസ്ഥാനത്തിൽ വീണ്ടും തരംതിരിച്ചിട്ടുണ്ട്. ക്രിമിനൽ നടപടി ചട്ടം 174 പ്രകാരം, ആത്മഹത്യ പോലുള്ള അസ്വാഭാവിക മരണങ്ങൾ ഉണ്ടാകുമ്പോൾ മരിച്ചവരുടെ ഇൻക്വസ്റ്റ് നടത്തിയ ശേഷം അവരുടെ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും പൊലീസ് ആർഡിഒ കോടതിക്കു കൈമാറും. സ്വർണത്തിന്റെയും മറ്റും മാറ്റ് അപ്രൈസർമാരുടെ സഹായത്തോടെ പരിശോധിച്ചാണു കൈമാറുന്നത്.

മരിച്ചവരുടെ അവകാശികൾ രേഖാമൂലം ആർഡിഒയ്ക്ക് അപേക്ഷ നൽകുമ്പോൾ അർഹത പരിശോധിച്ച് ഉത്തരവിറക്കി അവർക്കു നൽകും. ലോക്കറിന്റെ കസ്റ്റോഡിയനായ സീനിയർ സൂപ്രണ്ട് മാറുമ്പോൾ രജിസ്റ്ററുകളും തൊണ്ടിമുതലുകളും മറ്റു വിലയേറിയ വസ്തുക്കളും ഒത്തുനോക്കി ബോധ്യപ്പെടണം. റവന്യു വകുപ്പിലെയോ ധനവകുപ്പിലെയോ ഓഡിറ്റ് സംഘങ്ങൾ ഇവിടെ പരിശോധന നടത്തുന്നതായി അറിവില്ല.