പ്രവാസ എഴുത്തുകാരൻ ജോയ് ഡാനിയേലിന്റെനോവൽ 'പുക്രൻ' പ്രകാശനം കാഞ്ഞിരപ്പള്ളി എംഎ‍ൽഎ യും, ഗവൺമെന്റ് ചീഫ് വിപ്പുമായ ഡോ.എൻ ജയരാജ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെ നിർവഹിച്ചു. പ്രവാസികൾ ആയിത്തീർന്നെങ്കിലും എഴുത്തിന്റെ വഴികൾ മറക്കാതെ സർഗ്ഗാത്മകതയെ നന്നായി എഴുതി ഫലിപ്പിക്കുവാനും നാടിന്റെ സ്പന്ദനങ്ങൾ അടയാളപ്പെടുത്തുവാനും പ്രവാസികൾ ശ്രദ്ധ കാണിച്ചിട്ടുണ്ടെന്നും അത്തരത്തിൽ ഒരെഴുത്തുകാരനാണ് ജോയ് ഡാനിയേൽ എന്നും ഡോ: എൻ. ജയരാജ് അഭിപ്രായപ്പെട്ടു.

പത്തോളം സ്ഥലങ്ങളിൽ മുപ്പത് മണിക്കൂറിൽ നടക്കുന്ന സസ്‌പെൻസ് നോവലാണ് 'പുക്രൻ'. എഴുപതുകളുടെ അവസാനം കേരളത്തിലെ ഒരു ഗ്രാമത്തിലും നഗരത്തിലുമായി ക്രിസ്മസ് രാത്രിയിൽ കഥ അരങ്ങേറുന്നു. ലളിതമായ അവതരണത്തിൽ പാപവും, മരണവും, പ്രണയവും ഒപ്പം കുറെയേറെ നന്മയും ഒത്തുചേരുന്ന പുസ്തകമാണ് 'ഒരു ക്രിസ്മസ് സമ്മാനത്തിന്റെ കഥ' എന്ന ടാഗ് ലൈനിൽ എഴുതപ്പെട്ട ഈ നോവൽ.

പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശിയാണ് ജോയ് ഡാനിയേൽ. ഡോൺ ബുക്സ്, കോട്ടയം ആണ് പ്രസാധകർ.