- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നത് പല രൂപത്തിൽ; സമൂഹത്തിനാവശ്യം വ്യാജവാർത്തകളെ തിരിച്ചറിയാനുള്ള സാക്ഷരത എന്ന് മുഖ്യമന്ത്രി
കണ്ണൂർ:സമൂഹത്തിൽ വ്യാജവാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അവയെ തിരിച്ചറിയാനുള്ള സാക്ഷരത വായനയിലൂടെ നേടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാമപുരം വായനശാല ആൻഡ് ഗ്രന്ഥാലയം കെട്ടിടം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജവാർത്തകൾ പല രൂപത്തിലാണ് പ്രചരിക്കപ്പെടുന്നത്. അവയെ ശരിയെന്ന് ധരിക്കരുത്. അത് നാടിനെ വലിയ അബദ്ധത്തിലേക്കാണ് നയിക്കുക.
കാര്യങ്ങളെ വേർതിരിച്ചറിയാനുള്ള ശേഷി പരന്ന വായനയിലൂടെ ലഭിക്കും. വായനശാലകൾക്ക് അക്കാര്യത്തിൽ മുഖ്യ പങ്ക് വഹിക്കാൻ കഴിയും -മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോൾ ശരിയായ രീതിയിൽ യുക്തിബോധവും ചരിത്രബോധവും നൽകാൻ വായനയിലൂടെ കഴിയും. മതനിരപേക്ഷതയെ പോറലേൽക്കാതെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യമാണ്. നാടിനെ മുന്നോട്ടു നയിക്കാൻ വായനശാലകൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.പുസ്തകങ്ങളിൽ നിന്നും ഇ-വായനയിലേക്കുള്ള വായനയുടെ മാറ്റം ഉൾക്കൊള്ളണം. വൈജ്ഞാനിക സമൂഹമായി മാറുക എന്നതാണ് സർക്കാർ ലക്ഷ്യം. കാലാനുസൃതമായി മാറാൻ വായനശാലകൾക്കും സാധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
1959ൽ ആരംഭിച്ച രാമപുരം വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് 75 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം പണിതത്. ഏഴ് സെന്റ് സ്ഥലത്ത് മൂന്ന് നിലകളിലുള്ള കെട്ടിടമാണ് നിർമ്മിച്ചത്. മുൻ എംഎൽഎ ടിവി രാജേഷിന്റെ പ്രാദേശിക വികസന നിധിയിൽ നിന്നും രാജാറാം മോഹൻ റോയ് ഫണ്ടിൽ നിന്നും, ജനകീയ കൂട്ടായ്മ സ്വരൂപിച്ച തുകയും ചേർത്താണ് കെട്ടിടം നിർമ്മിച്ചത്. 13000 ത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ട്.രാമപുരം വഴിയോര വിശ്രമ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കെ സി സി പി എൽ ചെയർമാനും മുൻ എംഎൽഎയുമായ ടി വി രാജേഷ് അധ്യക്ഷനായി. ഗ്രന്ഥാലയത്തിന്റെ എ പ്ലസ് ഗ്രേഡ് പ്രഖ്യാപനം എം വിജിൻ എം എൽ എ നിർവഹിച്ചു.
ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ, മുൻ എംപി പി കെ ശ്രീമതി ടീച്ചർ, മുൻ എംഎൽഎ എം വി ജയരാജൻ, സംഘാടക സമിതി ചെയർമാൻ ഐ വി ശിവരാമൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എം കെ രമേഷ് കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ശിവകുമാർ, മാടായി മേഖല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ പി മനോജ്, വായനശാല സെക്രട്ടറി കെ വി ചന്ദ്രൻ, പഞ്ചായത്ത് നേതൃസമിതി കൺവീനർ എ വി മണി പ്രസാദ്, സംഘാടക സമിതി കൺവീനർ വി രമേശൻ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ചെറുതാഴം ചന്ദ്രനും സംഘത്തിന്റെയും തായമ്പക, ഫോക് ലോർ അക്കാദമിയുടെ നാടൻ പാട്ടുകൾ എന്നിവ അരങ്ങേറി.




