കണ്ണൂർ: തോട്ടടകിഴുത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിലെ നിയമനതർക്കവുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നത മർദ്ദനത്തിൽ കലാശിച്ചു. ഇന്നലെ രാവിലെയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. കൈകാലുകൾക്കും മുഖത്തും പരുക്കേറ്റ ക്ഷേത്രത്തിലെ കൗണ്ടർ ക്ലർക്ക് പെരളശേരി സ്വദേശി വി.ഷിബിനെ(24) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷിബിന്റെ പരാതിയിൽ കണ്ണൂർ ടൗൺപൊലീസ് ക്ഷേത്രപരികർമ്മി റജിൽ ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവിടെ നിലവിലുള്ള ഭരണസമിതിയുമായി ബന്ധപ്പെട്ട് നിയമന തർക്കം നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് മർദ്ദനമുണ്ടായത്. ഡി.വൈ. എഫ്. ഐ പെരളശേരി അമ്പലനട യൂനിറ്റ് സെക്രട്ടറിയാണ് ഷിബിൻ. ആർ. എസ്. എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ഡി.വൈ. എഫ്. ഐ ആരോപിച്ചു.