- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖം കാട്ടാതെ കറുത്ത വസ്ത്രത്തിൽ കഥാപത്രത്തെ അവതരിപ്പിച്ചിട്ടും പ്രവാചകന്റെ മകൾ ഫാത്തിമയേയാണ് ഉദ്ദേശിച്ചതെന്ന് ആരോപിച്ച് ആയിരങ്ങൾ തെരുവിലിറങ്ങി; ദി ലേഡി ഓഫ് ഹെവൻ എന്ന സിനിമയുടെ പേരിൽ ബ്രിട്ടനിൽ കലാപം; ഐസിസ് ഭീകരതയുടെ പശ്ചാത്തലത്തിൽ എടുത്ത സിനിമ പിൻവലിച്ച് തീയറ്റർ ഉടമകൾ
കലയ്ക്കും സഹിത്യത്തിനുമൊക്കെ ഇടുങ്ങിയ ഇടങ്ങൾ മാത്രം അനുവദിച്ചുകൊണ്ട് ആവിഷ്‌കാര സ്വാതന്ത്ര്യം അടിച്ചമർത്തുന്ന കാഴ്‌ച്ചകളാണ് ഇന്ന് നമുക്ക് ചുറ്റും കണുന്നത്. എന്തും ഏതും മതത്തിന്റെ കണ്ണിൽ കൂടി നോക്കിക്കണ്ട് വിധി നിർണ്ണയിക്കുന്നവർ ഇന്ത്യ പോലുള്ള കിഴക്കൻ രാജ്യങ്ങളിൽ മാത്രമല്ല, പാശ്ചാത്യ ലോകത്തും കുറവല്ലെന്ന് തെളിയിക്കുകയാണ് ബ്രിട്ടനിലെ ഏറ്റവും പുതിയ സംഭവം. മതനിന്ദ എന്ന് ആരോപിച്ച് പ്രക്ഷോഭം തുടരുന്നതിനിടയിൽ, പ്രവാചകന്റെ മകളെ കുറിച്ച് എന്ന് ആരോപിക്കപ്പെടുന്ന ചിത്രം തീയറ്ററുകളിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്.
ദി ലേഡി ഓഫ് ഹെവൻ എന്ന ചിത്രം പ്രദർശനം നടത്തിയിരുന്ന ബ്രാഡ്ഫോർഡ്, ബോൾട്ടൻ, ബിർമ്മിങ്ഹാം, ഷെഫീൽഡ് തുടങ്ങിയ ഇടങ്ങളിലെ സിനിമാശാലകൾക്ക് മുന്നിൽ നൂറുകണക്കിനാളുകളായിരുന്നു പ്രതിഷേധവുമായി തടിച്ചു കൂടിയത്. ജൂബിൽ ആഘോഷങ്ങൾ നടന്ന വാരാന്ത്യത്തിൽ പുറത്തിറക്കിയ ചിത്രം പ്രതിഷേധത്തേ തുടർന്ന് സിനിവേൾഡ് അവരുടെ തീയറ്ററുകളിൽ നിന്നെല്ലാം പിൻവലിക്കുകയായിരുന്നു. എന്നാൽ, ഇന്നലെയും ലണ്ടനിലെ പല സിനിമാശാലകളിലും പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇതും ഉണ്ടായിരുന്നു.
സിനിമ പിൻവലിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് പറഞ്ഞ് സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യുസർ മാലിക് ഷിലിബാക് രംഗത്തെത്തി. തീവ്രവാദികളുടെ ആവശ്യങ്ങൾക്ക് മുൻപിൽ മുട്ടുമടക്കുന്ന ഏർപ്പാടായിപോയി എന്നാണ് അദ്ദേഹം ഇതിനെ കുറിച്ച് പറഞ്ഞത്. 12 മില്യൺ പൗണ്ട് മുടക്കി ബ്രിട്ടനിൽ നിർമ്മിച്ച ചിത്രം ആരംഭിക്കുന്നത് ഐസിസിന്റെ ഇറാഖ് അധിനിവേശത്തിൽ നിന്നാണ്. ഒരു ജിഹാദി കൊലപാതകവും ഗ്രാഫിക് അനിമേഷനിലൂടെ കാണിക്കുന്നുണ്ട്. അതിനു ശേഷമാണ് പ്രവാചകന്റെ മക്കളിൽ ഒരാളായ ഫാത്തിമയുടെ കഥ പറയുന്നത്.
നേരത്തേ പ്രവാചകന്റെ കാർട്ടൂൺ വരച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളുടെ വെളിച്ചത്തിൽ, ഫാത്തിമ എന്ന കഥാപാത്രത്തെ സിനിമയിൽ മുഖം കാണിക്കാതെ കറുത്ത മുഖപടത്തിനുള്ളിൽ ഒതുക്കിയാണ് കാണിച്ചിരിക്കുന്നത്. എന്നാൽ, മത ചരിത്രം തെറ്റായ രീതിയിൽ ചിത്രീകരിച്ചു എന്നും ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വ്യക്തികളെ മോശമായി ചിത്രീകരിച്ചു എന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. കഴിഞ്ഞ വർഷം കെയ്ൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ ചിത്രംപക്ഷെ ഇക്കഴിഞ്ഞ ജൂൺ 3 നായിരുന്നു ബ്രിട്ടനിൽ റിലീസ് ചെയ്തത്.
അതേസമയം ഈ ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രങ്ങളെ മുഴുവൻ കറുത്തവർഗ്ഗക്കാരായി ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന മറ്റൊരു ആരോപണവും ഉയരുന്നുണ്ട്. തികച്ചും വംശീയ വിവേചനം നിഴലിച്ചു നിൽക്കുന്ന ഒരു ചിത്രമാണെന്നാണ് ചില വിമർശകർ ഉയർത്തുന്ന ആക്ഷേപം.
മറുനാടന് മലയാളി ബ്യൂറോ