കൊച്ചി: നിലവിലുള്ള ഇറക്കുമതിച്ചുങ്കം കുറച്ച് ഭാവിയിൽ നികുതിരഹിതമായി ലാറ്റക്സ് ഇറക്കുമതി ചെയ്യാനുള്ള റബർ ബോർഡിന്റെയും വ്യവസായികളുടെയും അണിയറയിലൊരുങ്ങുന്ന നീക്കം കർഷകർക്ക് വൻ പ്രഹരമാകുമെന്നും ഈ കർഷകദ്രോഹ സമീപനത്തിൽ നിന്ന് ഇക്കൂട്ടർ പിന്മാറണമെന്നും ഇൻഫാം ദേശിയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

ജൂൺ 6ന് കൊച്ചിയിലെ മാരേം പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്പ്മെന്റ് അഥോറിറ്റി ഹെഡ് ഓഫിസിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ വിളിച്ചുചേർത്ത റബർ ബോർഡ് ഉന്നതരുടെയും ആത്മ, ഉപാസി, ലാറ്റക്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങി ചില സംഘടനാ പ്രതിനിധികളുടെയും സമ്മേളനത്തിൽ ലാറ്റക്സിന്റെ നിലവിലുള്ള ഇറക്കുമതിച്ചുങ്കം എടുത്തുമാറ്റണമെന്ന നിർദ്ദേശം ചിലർ കൊണ്ടുവന്നത് ഏറെ ആസൂത്രിതവും ബോർഡിലെ ചിലരുടെ പിന്തുണയോടെയാണെന്നും വ്യക്തമാണ്. തകർന്നടിഞ്ഞ റബർ മേഖല കരകയറാൻ ശ്രമിക്കുമ്പോൾ റബർകർഷകരെ ഇല്ലായ്മ ചെയ്യാൻ റബർബോർഡ് കൂട്ടുനിൽക്കുന്നത് ദ്രോഹമാണ്. ഈ വിഷയം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് വാണിജ്യമന്ത്രി റബർ ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുമ്പോൾ റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ പ്രത്യാഘാതം റബർമേഖലയിൽ വളരെ വലുതായിരിക്കും. ഇത്തരം ഒരു സാഹചര്യം ഏറെ ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമാണ്. കേന്ദ്രസർക്കാർ വിളിക്കുന്ന ഏറെ നിർണ്ണായക സമ്മേളനങ്ങളിൽ റബർ ബോർഡിലെ ഇഷ്ടക്കാരെ മാത്രം വിളിച്ചുകൂട്ടുന്നുവെന്ന ആരോപണവും നിലവിലുണ്ട്.

ലാറ്റക്സ് ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നവർക്ക് അഡ്വാൻസ് ലൈസൻസ് സ്‌കീമിലൂടെ നികുതിരഹിത ലാറ്റക്സ് ഇറക്കുമതിക്ക് ഇപ്പോൾതന്നെ അവസരമുണ്ട്. ഇറക്കുമതിയുടെ അനുപാതമനുസരിച്ച് നിബന്ധനകൾക്ക് വിധേയമായി നിശ്ചിത സമയപരിധിക്കുള്ളിൽ ഉല്പന്നങ്ങളുടെ കയറ്റുമതി നടത്തണമെന്ന വ്യവസ്ഥ പാലിക്കണം.

വിവിധ രാജ്യങ്ങളുടെ ഇറക്കുമതിച്ചുങ്കം സംബന്ധിച്ച് അംഗീകാരം നൽകേണ്ട ലോകവ്യാപാരസംഘടനയുടെ 12-ാം മന്ത്രിതല സമ്മേളനം ജൂൺ 12 മുതൽ ജനീവയിൽ നടക്കാനിരിക്കെ റബർ ബോർഡിന്റെയും കേന്ദ്ര സർക്കാരിന്റെയും വ്യവസായികളുടെയും ഈ നീക്കം ആശങ്കയുണർത്തുന്നു. ലാറ്റക്സ് വ്യവസായ അസംസ്‌കൃത വസ്തുവിന്റെ ലിസ്റ്റിലില്ല. അതിനാൽതന്നെ ഉയർന്ന ഇറക്കുമതിച്ചുങ്കം നിലനിർത്തി ആഭ്യന്തരവിപണി സംരക്ഷിക്കാനും കേന്ദ്രസർക്കാരിനാവും. എന്നാൽ ഇറക്കുമതിച്ചുങ്കം കുറച്ചും എടുത്തുകളഞ്ഞും വിപണി അട്ടിമറിക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കം കർഷകന് ഇരുട്ടടിയാകും. ഇന്ത്യയിൽ ലാറ്റക്സ് ഉല്പാദനം ഉപഭോഗത്തേക്കാൾ കൂടുതലാണെന്ന് കണക്കുകളുണ്ട്. 1,09,250 മെട്രിക് ടൺ ഉപഭോഗമുള്ളപ്പോൾ. ഉല്പാദനം 2,40,000 മെട്രിക് ടണ്ണാണ്. എന്നിട്ടും നികുതിരഹിത ഇറക്കുമതിക്കായി അണിയറനീക്കം നടത്തുന്നതും അതിന് റബർബോർഡിലെ ഉന്നതരായ ചിലർ ഒത്താശചെയ്യുന്നതും കർഷകരും കർഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങളും സംഘടിച്ചെതിർക്കണമെന്നും കർഷകസംരക്ഷണം ഉറപ്പാക്കുന്ന റിപ്പോർട്ട് റബർബോർഡ് കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നതിനോടൊപ്പം കർഷകരുടെ അറിവിലേയ്ക്കായി പരസ്യപ്പെടുത്തുവാനും തയ്യാറാകണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.