മൈസൂർ: മൈസൂരിൽ ദളിത് യുവാവുമായുണ്ടായ പ്രണയത്തെച്ചൊല്ലി തർക്കത്തിന് പിന്നാലെ പതിനെട്ടുകാരിയെ കൊലപ്പെടുത്തി വഴിയരികിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. കർണാടക പെരിയപട്ന താലൂക്കിലെ കഗ്ഗുണ്ടി ഗ്രാമത്തിലാണ് ദുരഭിമാനക്കൊല അരങ്ങേറിയത്.

പെരിയപട്നയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. വൊക്കാലിഗ സമുദായത്തിൽപ്പെട്ട പെൺകുട്ടി സമീപ ഗ്രാമമായ മെല്ലാഹള്ളിയിലെ ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിർത്ത പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും, ബന്ധത്തിൽ നിന്ന് വിട്ടുപോരാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

മാതാപിതാക്കളുടെ പീഡനം രൂക്ഷമായതോടെ ഇവർക്കെതിരെ കുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പൊലീസ് ഇടപെട്ട് കുട്ടിയെ ഗവൺമെന്റ് ഗേൾസ് ഹോമിലേക്ക് മാറ്റി.

എന്നാൽ കുട്ടിയെ ഇനി ഉപദ്രവിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ മൈസൂർ ജില്ലാ ശിശുക്ഷേമ സമിതിക്ക് ഉറപ്പ് നൽകിയതിനെ തുടർന്ന് കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയയ്ക്കുകയായിരുന്നു.

വീട്ടിലെത്തിയ ശേഷം യുവാവിനെ വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചതോടെയാണ് വീണ്ടും തർക്കം ഉടലെടുത്തത്. തുടർന്നാണ് കുട്ടിയും പിതാവ് സുരേഷും തമ്മിൽ വഴക്കുണ്ടാകുകയും ഇതുകൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

കുട്ടി മരണപ്പെട്ടെന്ന് ഉറപ്പുവരുത്തിയ മാതാപിതാക്കൾ മൃതശരീരം ബൈക്കിൽ കയറ്റി വഴിയരികിൽ ഉപേക്ഷിച്ച് തിരികെ വീട്ടിലേക്ക് മടങ്ങി. തുടർന്ന് സുരേഷ് സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. സംഭവത്തിൽ സുരേഷിനേയും ഭാര്യ ബേബിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.