കണ്ണൂർ: സ്വർണകടത്തു കേസിൽ മുഖ്യമന്ത്രിയും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടെന്ന കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഗുരുതര വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കണ്ണൂരിൽ പ്രക്ഷോഭം ശക്തമാക്കുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂൺ പത്തിന് രാവിലെ 10.30ന് കണ്ണൂർ കലക്ട്രേറ്റിലേക്ക് നടക്കുന്ന മാർച്ച്‌കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് അറിയിച്ചു
.
രാഷ്ട്രീയത്തിനപ്പുറമുള്ള മാഫിയാ പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രിക്കസേരയിലിരുന്ന് പിണറായി വിജയൻ നടത്തുന്നതെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു. പാർട്ടിയെ തന്റെ വരുതിയിലാക്കി, കണ്ണൂരിലടക്കം പാർട്ടിക്കു വേണ്ടി ജീവിതം തന്നെ മാറ്റിവെച്ച ആത്മാർത്ഥയുള്ള നേതാക്കന്മാരെ ഒതുക്കി സ്വന്തം കുടുംബത്തിന്റെ സാമ്പത്തികനേട്ടം മാത്രം നോക്കിയുള്ള കച്ചവടമാണ് പിണറായി വിജയൻ നടത്തുന്നത്. രാഷ്ട്രീയ ധാർമികത തൊട്ടുതീണ്ടിയിട്ടില്ലാത്ത പിണറായി വിജയനെതിരേ സിപിഎമ്മിന്റെ ആത്മാർത്ഥയുള്ള സാധാരണ പ്രവർത്തകരിൽ നിന്നു തന്നെയാണ് രോഷം ഉയർന്നു വരേണ്ടത്.

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഉന്നത നേതാക്കളുമായി രഹസ്യഇടപാടുകൾ നടത്തിയാണ് ഇത്രയും കാലം തന്റെ മാഫിയാ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ഏജൻസികളിൽ നിന്നുള്ള സംരക്ഷണം പിണറായി വിജയൻ നേടിയെടുത്തത്. രാജ്യാന്തരബന്ധമുള്ള കള്ളക്കടത്തു കേസുകൾ അട്ടിമറിച്ച് പിണറായി വിജയനും ബിജെപി നേതൃത്വവും തുടരുന്ന കള്ളക്കളി തുറന്നു കാട്ടിക്കൊണ്ടായിരിക്കും കോൺഗ്രസിന്റെ പ്രക്ഷോഭമെന്ന് മാർട്ടിൻ ജോർജ്ജ് പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്റ്റേഡിയം കോർണറിലെ നെഹ്്‌റു പ്രതിമയ്ക്കു സമീപത്തു നിന്ന് പ്രകടനമാരംഭിക്കും. വരുംദിവസങ്ങളിൽ ജില്ലയിലെങ്ങും പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.