കണ്ണൂർ: കൊട്ടിയൂർ പെരുമാൾക്ക് സ്വർണ്ണത്തിൽ തീർത്ത രുദ്രാക്ഷ മാല സമർപ്പിച്ചു. വിവിധ സ്ഥലങ്ങളിലെ പതിനാറോളം ഭക്തരുടെ നേതൃത്വത്തിലാണ് അഞ്ചു ലക്ഷത്തോളം വിലവരുന്ന സ്വർണ്ണത്തിൽ തിർത്ത രുദ്രാക്ഷമാല പെരുമാൾക്ക് സമർപ്പിച്ചത്. അടിയന്തര യോഗത്തിന് മുൻപിലായിരുന്നു സമർപ്പണ ചടങ്ങ് നടത്തിയത്.

നിലവിലുണ്ടായിരുന്ന കൊട്ടിയൂർ പെരുമാളുടെ രുദ്രാക്ഷമാല കാലപ്പഴക്കത്താൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിനെത്തുടർന്ന് രുദ്രാക്ഷമാല പുതുക്കിപ്പണിയുന്നതിന് ദേവസ്വം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നമ്പ്യാർ ചില ഭക്തരെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു വിവിധ പ്രദേശങ്ങളിലെ പതിനാറോളം ഭക്തറുടെ നേതൃത്വത്തിൽ അഞ്ചു ലക്ഷത്തോളം രൂപ ചെലവിൽ സ്വർണ്ണത്തിൽ തീർത്ത രുദ്രാക്ഷ മാല നിർമ്മിച്ച് സമർപ്പിച്ചത്.

കരിമ്പനക്കൽ ചാത്തോത്ത് കുടുംബം, എം.കെ.ഗോവിന്ദൻ, കെ.വി. ജയകുമാർ, വി.കെ. മണികണ്ഠൻ, രമണിയമ്മ നാമത്ത് മണത്തണ, ചന്ദ്രമതിയമ്മ പെരുന്താനം, കെ.പി. ഹരിദാസ് മണത്തണ, സുകുമാരൻ കാടാച്ചിറ, പത്മാവതിയമ്മ മട്ടന്നൂർ, എ.കെ. ഗോവിന്ദൻ ,ശാരദാസ് കൂത്തുപറമ്പ്, പി.സി. ഭാസ്‌കരൻ പേരാവൂർ, പ്രശാന്ത് മാഹി, ശശി പാനൂർ, കരുണാകരൻ, രാമദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പെരുമാൾക്ക് സ്വർണ്ണത്തിൽ തീർത്ത രുദ്രാക്ഷമാല സമർപ്പിച്ചത്. സ്വർണ്ണക്കുടം വെള്ളിക്കുടം സമർപ്പണ്ണ ചടങ്ങിനിടെ അടിയന്തര യോഗത്തിന് മുമ്പാകെയാണ് രുദ്രാക്ഷമാല സമർപ്പണം നടത്തിയത്.

തൃക്കലശാട്ടത്തോടെ ഉത്സവം സമാപിച്ച ഒരു ദിവസം മാത്രം ശേഷിക്കേ നാളെ അത്തം ചതുശ്ശത നിവേദ്യം പെരുമാൾക്ക് നേദിക്കും. ചതുശ്ശത നിവേദ്യങ്ങളിൽ നാലാമത്തേതാണ് അത്തം ചതുശ്ശതം. ഇതുകൂടി നിവേദിക്കുന്നതോടെ ഭഗവാന്റെ സ്ഥായീ ഭാവമായ തപശ്ചര്യയിലേക്ക് പെരുമാൾ നീങ്ങും എന്നാണ് വിശ്വാസം. തുടർന്ന് ഉച്ചശീവേലിക്കു ശേഷം വാളാട്ടം നടക്കും. ഏഴില്ലക്കാർ ഭഗവദ് വിഗ്രഹത്തിൽ നിന്നും ഉത്സവകാലത്തുകൊട്ടിയൂരിൽ എത്തിച്ച ദേവതകളെ എല്ലാം തിരികെ ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്ന ചടങ്ങാണ് ഇത്. ഇതിനുശേഷം കുടിപതികളുടെ തേങ്ങയേറ് നടക്കും. തുടർന്ന് മണിത്തറയിലെ പൂജകളെല്ലാം അവസാനിപ്പിച്ച് ആയിരം കുടം അഭിഷേകവും നടക്കും. വ്യാഴാഴ്ച രാത്രിയോടെ തുടങ്ങുന്ന കലശപൂജകൾ വെള്ളിയാഴ്ച പുലർച്ചെ വരെ നീളും.