മൊബൈലിൽ കണ്ണും നട്ട് തലകുമ്പിട്ടിരിക്കുന്ന ഒരു കൂട്ടരെ ഇന്ന് ലോകത്തിന്റെ ഏതൊരു കോണിൽ ചെന്നാലും കാണാൻ കഴിയും. പ്രത്യേകിച്ച് ഇന്നത്തെ യുവ തലമുറയാണ് തലകുമ്പിട്ട് ജീവിതത്തിലെ ഏറെ സമയവും പാഴാക്കി കളയുന്നത് എന്നതാണ് ഖേദകരമായ കാര്യം. എന്നാൽ, അമിതമായ മൊബൈൽ ഫോൺ ഉപയോഗം നിങ്ങളുടെ കണ്ണുകളെ മാത്രമല്ല, ബാക്കി അവയവങ്ങളേയും അപകടകരാം വിധം ബാധിക്കുമെന്നും നിങ്ങളുടെ ആയുസ്സ് കുറയ്ക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

വാർദ്ധക്യത്തെ കുറിച്ചും, വാർദ്ധക്യകാല രോഗങ്ങളെ കുറിച്ചും പഠനങ്ങൾ നടത്തുന്ന ബക്ക് ഇൻസ്റ്റിറ്റിയുട്ട് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്ന അദൃശ്യമായ ഒരു ശക്തിയാണ് സിർക്കാഡിയൻ റിഥം (അന്തർജാത-നിജാവർത്തനം). മനുഷ്യരുടെ മാത്രമല്ല, ഭൂമിയിലെ ജീവന്റെ തുടിപ്പു തന്നെ അടിസ്ഥാനമാക്കിയിരിക്കുന്നത് സിർകാഡിയൻ റിഥത്തെയാണ്. ചില നിശ്ചിതസമയങ്ങളിൽ മാത്രം വിരിയുന്ന പൂക്കൾ മുതൽ സ്ത്രീകളുടെ ആർത്തവചക്രം വരെ കൃത്യമായ ആവർത്തനങ്ങൾക്ക് കാരണമാകുന്നത് ഈ താളമാണ്. കണ്ണിൽ ദീർഘനേരമായി പതിക്കുന്ന പ്രകാശം സിർക്കാഡിയൻ റിഥത്തിനെ താറുമാറാക്കും എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

മറ്റു പല അവയവങ്ങളിൽ നിന്നും വിഭിന്നമായി കണ്ണുകളാണ് ഏറ്റവുമധികം നേരം പുറം ലോകവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും. അതുകൊണ്ടു തന്നെ കണ്ണുകളുടെ പ്രതിരോധശേഷി ഏത് സമയവും സജീവമായിരിക്കും.ആവശ്യത്തിലധികം സജീവമായ പ്രതിരോധ യത്നം തുടരുന്നത് ശരീരത്തിലെ പല ആന്തരിക പ്രവർത്തനങ്ങളുടേയും താളം തെറ്റിക്കും. അങ്ങനെ മറ്റ് അവയവങ്ങൾക്ക് കേടുപാടുകൾക്ക് ഇടയാക്കിയേക്കും.

ഡിജിറ്റൽ ലോകത്തിലേക്ക് നമ്മുടെ ജീവിതം മാറിയതോടെ സ്വാഭാവികമായും നമ്മുടെ സ്‌ക്രീൻ ടൈമും വർദ്ധിച്ചിരിക്കുകയാണ്. അത്തരത്തിൽ ദിവസേന ഏറെ സമയം ഈ സ്‌ക്രീനിൽനിന്നുള്ള പ്രകാശം കണ്ണുകളീലേക്ക് തട്ടിയിരുന്നാൽ അത് ദീർഘകാലയളവിൽ ആരോഗ്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ലാപ്ടോപ്പുകൾ, മോബൈലുകൾ എന്നിവയിൽ കൂടുതൽ നേരം നോക്കിയിരിക്കുമ്പോൾ കണ്ണിലെത്തുന്ന പ്രകാശമാലിന്യം സിർക്കാഡിയൻ തളത്തെ താറുമാറാകുന്നു എന്ന് ഇൻസ്റ്റിറ്റിയുട്ടിലെ പ്രൊഫസർ കൂടിയായ ഡോ. പങ്കജ് കപാഹി പറയുന്നു.

കണ്ണുകളുടെ ആരോഗ്യം മൊത്തം ശരീരത്തിന്റെ ആരോഗ്യത്തെയും ബധിക്കും എന്നാണ് ഇൻസ്റ്റിറ്റിയുട്ടിലെ ഗവേഷകർ പറയുന്നത്. കണ്ണുകളുടെ ആരോഗ്യം ശരീരത്തിലെ ഓരോ കോശത്തേയും ബാധിക്കും. നമുക്ക് കാഴ്‌ച്ചകൾ കാണാൻ മാത്രമുള്ളതല്ല കണ്ണ്, നമ്മുടെ ശരീരത്തെ സംരക്ഷിക്കുവാൻ കണ്ണുകളെ ആരോഗ്യത്തോടെ സൂക്ഷിക്കേണ്ടതുണ്ട് എന്ന് ഡോ. പങ്കജ് പറയുന്നു.

നമ്മുടെ ശരീരം ദിവസം മുഴുവൻ പ്രവർത്തിക്കുന്നത് സിർകാഡിയൻ താളത്തെ അടിസ്ഥാനമാക്കിയാണെന്ന് ഇൻസ്റ്റിറ്റിയുട്ടിലെ ഗവേഷകനായ ഡോ. ബ്രിയാൻ ഹോഡ്ജ് പറയുന്നു. ദിനരാത്രങ്ങളിലെ വ്യത്യാസങ്ങളെ ഉൾക്കൊണ്ട് ശരീരം പ്രവർത്തിക്കുന്നത് ഈ താളത്തിന്റെ അടിസ്ഥാനത്തിലാണ്. ശരീരത്തിലെ ഒരോ കോശവും ഇതിനനുസരിച്ച് പൂർണ്ണ സമയവും ഏതെങ്കിലുമൊക്കെ പ്ര്വർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാവും. പ്രകാശത്തിന് ഈ താളത്തെ തകർക്കാനാകും . സിർകാഡിയൻ താളം തെറ്റുന്നതോടെ സ്വാഭാവിക ജീവിത പ്രക്രിയയും അവതാളത്തിലാകും എന്നും ഡോ. ബ്രിയാൻ പറയുന്നു.