കൊച്ചി: മലയാള മനോരമയുടെ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയി ഫിലിപ് (58) അന്തരിച്ചു. സംസ്‌കാരം പിന്നീട് നടക്കും. മനോരമയിൽ 35 വർഷം സേവനമനുഷ്ഠിച്ച റോയി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചു. സഹപ്രവർത്തകർക്കെല്ലാം വളരെ പ്രിയങ്കരനായിരുന്നു അദ്ദേഹം. പാലക്കാട് ബ്യൂറോയുടെ കോ ഓർഡിനേറ്റിങ് എഡിറ്ററുമായിരുന്ന അദ്ദേഹം 2017 മുതൽ പത്തനംതിട്ട യൂണിറ്റിൽ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്ററാണ്.

പത്തനംതിട്ട മാർത്തോമ്മാ എച്ച്എസ്എസ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എംകോം പഠനത്തിനു ശേഷം 1988ൽ മലയാള മനോരമ പത്രാധിപ സമിതിയിൽ ചേർന്നു. പത്തനംതിട്ട പ്രക്കാനം തുണ്ടിയത്ത് പരേതരായ ടി.സി. ഫിലിപ്പോസിന്റെയും (മുൻ റെയിൽവേ ഉദ്യോഗസ്ഥൻ), കുളത്തൂപ്പുഴ ചന്ദനക്കാവ് പുത്തൻപുരയ്ക്കൽ ലീലാമ്മയുടെയും മകനാണ്.

കുമ്പളാംപൊയ്ക പുതുച്ചിറ ജോ വില്ലയിൽ പി.ഇ.ഏബ്രഹാമിന്റെ മകൾ സൂസനാണു (ജിജ) ഭാര്യ. മക്കൾ: ആൻ റോയി ഫിലിപ് (അസി.മാനേജർ, ഫെഡറൽ ബാങ്ക്, പുണെ), ഫിലിപ്പ് റോയി (ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കൊച്ചി). മരുമകൻ: അരുൺ ചെറിയാൻ വർക്കി (സോഫ്റ്റ്‌വെയർ എൻജനീയർ, സ്ലംബർഗർ, പുണെ). സഹോദരങ്ങൾ: മോളി ഫിലിപ് (റിട്ട. സിവിൽ സപ്ലൈസ്, കോട്ടയം), മോഹൻ ഫിലിപ് (റിട്ട.എച്ച്ഒഡി, പോളിടെക്‌നിക്, കോട്ടയം).