കോട്ടയം: വേമ്പനാട് കായലിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു ഉപജീവനമാർഗം കണ്ടെത്തുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണ യജ്ഞം കൂടി നടത്തുന്ന കുമരകം മഞ്ചാടിക്കര സ്വദേശി എൻ. എസ് രാജപ്പനെ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഗ്രീൻ ജോയ് പുരസ്‌കാരം നൽകി ആദരിച്ചു. പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി ബാങ്ക് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആദരം. പോളിയോ ബാധിച്ച് സ്വാധീനം നഷ്ടമായ കാലുകളുമായി കായൽ ശുചീകരണത്തിനിറങ്ങിയ രാജപ്പന്റെ വാർത്ത രാജ്യാന്തര ശ്രദ്ധനേടിയിരുന്നു. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണമായ മൻ കി ബാത്തിൽ ഉൾപ്പടെ പ്രശംസ നേടിയ രാജപ്പൻ തന്റെ കായൽ ശുചീകരണ യജ്ഞം ഇപ്പോഴും തുടരുന്നു. തായ്വാനിലെ ദി സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷനൽ നൽകുന്ന വേൾഡ് പ്രൊട്ടക്ഷൻ അവാർഡും രാജപ്പന് ലഭിച്ചിട്ടുണ്ട്.

കായൽ സംരക്ഷണത്തിലൂടെ മനുഷ്യരാശിക്ക് മഹത്തരമായ സന്ദേശമാണ് രാജപ്പൻ പകർന്നുകൊടുക്കുന്നത്. രാജപ്പനെപ്പോലെ ഇസാഫ് ബാങ്കും പ്രകൃതി സംരക്ഷണത്തിന് സദാ പ്രതിജ്ഞാബദ്ധരാണ്. ചടങ്ങിൽ ഇസാഫ് ക്ലസ്റ്റർ ഹെഡ് ദീപ ജോസ്, ബ്രാഞ്ച് മാനേജർ രാമാനന്ദ പ്രഭു, റീജണൽ മാർക്കറ്റിങ് മാനേജർ നിരഞ്ജൻ ജെ., കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ അജയ് സോമൻ എന്നിവർ സംബന്ധിച്ചു.