- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണി മ്യൂസിക് ട്രസ്റ്റിന്റെ ഉദ്ഘാടനവും പ്രഥമ ഇ.എസ്. മേനോൻ സ്മാരക പുരസ്‌കാരദാനവും നടന്നു
കൊച്ചി: കൊച്ചി റിഫൈനറീസ് ഫിനാൻസ് ഡയറക്ടറും ശാസ്ത്രീയ സംഗീത പ്രേമിയുമായിരുന്ന പരേതനായ ഇളമന സുധീന്ദ്ര മേനോന്റെ സ്മരണാർഥം രൂപീകരിച്ച കല്യാണി മ്യൂസിക് ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനവും പ്രഥമ ഇ.എസ്. മേനോൻ സ്മാരക പുരസ്‌കാരദാനവും തൃപ്പൂണിത്തുറ അഭിഷേകം ഓഡിറ്റോറിയത്തിൽ നടന്നു. മേള കുലപതി പത്മശ്രീ പെരുവനം കുട്ടൻ മാരാരും ഇ.എസ്. മേനോന്റെ പത്നി ജയശ്രീ മേനോനും ചേർന്ന് ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ഇ.എസ്. മേനോൻ സ്മാരക സംഗീതശ്രീ പുരസ്‌കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന് പെരുവനം കുട്ടൻ മാരാർ സമ്മാനിച്ചു. യുവ സംഗീതജ്ഞർക്ക് ഏർപ്പെടുത്തിയ സംഗീത പ്രതിഭ പുരസ്‌കാരം സുദീപ് പാലനാടിന് പ്രമുഖ കർണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ ഡോ. ശ്രീവത്സൻ ജെ. മേനോൻ സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഗുരുവായൂർ, ശബരിമല മുൻ മേൽശാന്തി എഴിക്കോട് സതീശൻ നമ്പൂതിരി, മുൻ ഗുരുവായൂർ മേൽശാന്തി എഴിക്കോട് ഹരി നമ്പൂതിരി, ബാലകൃഷ്ണൻ പെരിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി സുദീപ് പാലനാടിന്റെ ഫ്യൂഷൻ സംഗീത പരിപാടിയും നടന്നു.