- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനന്തപുരി ഹിന്ദു മഹാ സമ്മേളന ഭാരവാഹികൾക്കെതിരെ കേസെടുക്കുക: എസ്‌ഐ.ഒ കേരള
തിരുവനന്തപുരം: 2022 ഏപ്രിൽ 27 മുതൽ മെയ് 1 വരെ തിരുവനന്തപുരം സൗത്ത് ഫോർട്ട് പ്രിയദർശിനി കാമ്പസിൽ ഹിന്ദു ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ സംഘാടകർക്കും വിദ്വേഷ പ്രചാരകരായ പ്രഭാഷകർക്കുമെതിരെ കേസെടുക്കണമെന്ന് എസ്‌ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ. ഹിന്ദു ധർമ്മ പരിഷത്തിന്റെ കീഴിൽ കുമ്മനം രാജശേഖരൻ രക്ഷാധികാരിയായും ഗോകുൽ യുവരാജ് ജനറൽ കൺവീനറായും വേണുഗോപാൽ, ജയ പിള്ള, ജയശ്രീ, സരിൻ ശിവൻ എന്നിവർ കൺവീനർമാരായും രൂപീകരിച്ച സംഘാടക കമ്മിറ്റിയാണ് അനന്തപുരി ഹിന്ദു സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
സമ്മേളനത്തിലുടനീളം മുസ്ലിം സമുദായത്തിന് നേരെ വിദ്വേഷം വമിപ്പിക്കുന്നതും മതവിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്തുന്നതുമായ സെഷനുകളും സംസാരങ്ങളും ആണ് സംഘാടകർ ഉൾക്കൊള്ളിച്ചിരുന്നത്. പ്രസ്തുത സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന് കേരളത്തിന്റെ മുൻ ചീഫ് വിപ്പായിരുന്ന പി.സി ജോർജ്ജിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ 5 ദിവസം നീണ്ടു നിന്ന സമ്മേളനത്തിലെ മറ്റു ഭാഗങ്ങൾ സോഷ്യൽ മീഡിയ വഴിയും മറ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇവയെല്ലാം മുസ്ലിം സമുദായത്തിന് നേരെ അങ്ങേയറ്റം വെറുപ്പ് ഉൽപാദിപ്പിക്കാൻ കാരണമായിട്ടുള്ളതാണ്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗങ്ങൾ മുഴുവൻ https://www.youtube.com/c/TatwamayiNews എന്ന youtube ചാനലിൽ ലഭ്യമാണ്. ഇതെല്ലാം സമൂഹത്തിൽ വെറുപ്പ് ഉൽപാദിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
പരിപാടിയിൽ ഉടനീളം മുസ്ലിം സമുദായത്തിന് നേരെ വെറുപ്പ് ഉൽപാദിപ്പിക്കുന്നതും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന മത സൗഹാർദ്ദം തകർക്കണമെന്നും മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം വളർത്തണമെന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടിയുള്ള പ്രസംഗങ്ങളും സംസാരങ്ങളും ആണ് നടന്നിട്ടുള്ളത്. ഇതിന് പിന്നിലെ ഗൂഢാലോചന അടക്കം അന്വേഷിച്ച് പ്രസ്തുത സമ്മേളനത്തിലെ ഓരോരുത്തരുടെയും പ്രസംഗങ്ങൾ പരിശോധിച്ച് സംസാരിച്ചവരും പരിപാടിയുടെ സംഘാടകരുമായിട്ടുള്ള കുറ്റക്കാരായവർക്കെതിരെ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്് എസ്‌ഐ.ഒ കഴിഞ്ഞ ദിവസം തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടും നടപടിയുണ്ടാകുന്നില്ല എന്ന സ്ഥിതിയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി എസ്‌ഐ.ഒ മുന്നോട്ട് പോകും.
മുസ്ലിം വിരുദ്ധ വംശീയ പ്രചാരകരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയന് കീഴിൽ കേരള പൊലീസ് സ്വീകരിച്ച് വരുന്നത്. അതുകൊണ്ടാണ് അനന്തപുരി ഹിന്ദു മഹാ സമ്മേളനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തത്. നെയ്യാറ്റിൻകരയിൽ വാളുമായി പഥസഞ്ചലനം നടത്തിയ ദുർഗ്ഗവാഹിനിയുടെയും വി.എച്ച്.പി യുടെയും നേതാക്കൾക്കെതിരെ കേസെടുക്കാനും പൊലീസ് തയ്യാറായിരുന്നില്ല. എസ്‌ഐ.ഒ അടക്കമുള്ള സംഘടനകൾ പരാതി നൽകുകയും ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്ത ശേഷം മാത്രമാണ് പൊലീസ് കേസെടുത്തത്. എന്നാൽ ഇത് വരെയും ആരെയും അറസ്റ്റ് ചെയ്യാനോ യഥാവിധം അന്വേഷണം നടത്താനോ പൊലീസ് തയ്യാറായിട്ടില്ല. പേരാമ്പ്രയിലെ ആർ.എസ്.എസ് വിദ്വേഷ പ്രകടനത്തിനെതിരെയും പൊലീസ് കാര്യമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഗതാഗതം തടസ്സപ്പെടുത്തിയതിന് മാത്രമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
മുസ്ലിം സമുദായത്തിന് നേരെ നിരന്തരം വെറുപ്പ് വിതക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടത്തി ആർ.എസ്.എസ് മുസ്ലിം വംശഹത്യക്ക് കളമൊരുക്കുകയാണ്. അതിനെ സംരക്ഷിക്കുകയാണ് കേരളത്തിലെ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.