- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് മറിഞ്ഞു ഗുരുതരമായി പരുക്കേറ്റ സഹയാത്രികനെ നടുറോഡിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു; നടുവൊടിഞ്ഞ് 45കാരന് ദാരുണ മരണം: യുവാവ് കസ്റ്റഡിയിൽ
അടിമാലി: ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സഹയാത്രികനെ രാത്രിയിൽ നടുറോഡിൽ ഉപേക്ഷിച്ചു ബൈക്കുകാരനായ യുവാവ് കടന്നുകളഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ 45കാരൻ റോഡിൽ കിടന്ന് അതിദാരുണമായി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ പുത്തൻപുരയ്ക്കൽ ചന്ദ്രനാണ് (45) മരിച്ചത്. സംഭവത്തിൽ ചെങ്കുളം നാലാനിക്കൽ ജിമ്മി കുര്യാക്കോസ് (28) അറസ്റ്റിലായി.
ബേക്കറി ജീവനക്കാരനാണ് ചന്ദ്രൻ. രാത്രി ജോലി കഴിഞ്ഞ് ചന്ദ്രൻ ജിമ്മിയുടെ ബൈക്കിലാണ് വീട്ടിലേക്ക് തിരിച്ചത്. എന്നാൽ ചന്ദ്രന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ചെങ്കുളത്തിനു സമീപം റോഡരികിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച രാത്രി സംഭവ സ്ഥലത്ത് ജിമ്മിയുടെ ബൈക്ക് നിർത്തിയിരിക്കുന്നതു വഴിയാത്രക്കാർ കണ്ടിരുന്നെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണു പങ്ക് വ്യക്തമായത്.
പൊലീസ് പറയുന്നത്: ചെങ്കുളത്തു വച്ചു ചൊവ്വാഴ്ച രാത്രി 9.30ന് ജിമ്മിയുടെ ബൈക്കിനു സുഹൃത്ത് ചന്ദ്രൻ കൈ കാണിച്ചു. ആനച്ചാലിലേക്കു പോകും വഴി ചെങ്കുളത്തിനടുത്തു വച്ചു ബൈക്ക് മറിഞ്ഞു. നൂലാമാലകളിൽ നിന്നൊഴിവാകാൻ റോഡരികിലേക്കു ചന്ദ്രനെ മാറ്റി കിടത്തിയ ശേഷം ജിമ്മി സ്ഥലംവിട്ടു. പിറ്റേന്നാണു മരിച്ച വിവരം അറിഞ്ഞതെന്നു ജിമ്മിയുടെ മൊഴിയിൽ പറയുന്നു. വീഴ്ചയിൽ ചന്ദ്രന്റെ നട്ടെല്ലിനു ക്ഷതമേറ്റതാണു മരണകാരണം. അപകടം നടന്ന സമയത്ത് ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകരമായ നരഹത്യയ്ക്കു കേസ് രജിസ്റ്റർ ചെയ്തു ജിമ്മിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ