ആറ്റിങ്ങൽ: മുംബൈ ആസ്ഥാനമായുള്ള ഷിപ്പിങ് കമ്പനിയിൽ ജോലി ലഭിച്ചതിനെ തുടർന്ന് വീട്ടിൽ നിന്നും പോയതാണ് അർജുൻ രവീന്ദ്രൻ എന്ന 27കാരൻ. മകന് ജോലി കിട്ടിയപ്പോൾ ആ കുടുംബവും വലിയ സന്തോഷത്തിലായിരുന്നു. എന്നാൽ ഇന്ന് സങ്കടത്തിന്റെ നിലയില്ലാ കയത്തിലാണ് ആ കുടുംബം. ജോലിചെയ്തിരുന്ന കപ്പലിൽനിന്നും ആ മകനെ കാണുന്നില്ലെന്നറിഞ്ഞിട്ട് 44 ദിവസമായി. ഇതുവരെ ആ മകനെ കുറിച്ചുള്ള ഒരു വിവരങ്ങളും ഈ വീട്ടുകാർക്ക് ലഭിച്ചിട്ടില്ല. ഈ ദിവസങ്ങളത്രയും ഭക്ഷണമോ ഉറക്കമോ ഇല്ലാതെ അവന്റെ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആ വീട്.

ആറ്റിങ്ങൽ മാമം പൂരം വീട്ടിൽ രവീന്ദ്രൻ-ഭാമ ദമ്പതിമാരുടെ ഇളയ മകനാണ് കാണാതായ അർജ്ജുൻ. മുംെബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിപ്പിങ് കമ്പനിയിൽ ജോലി ലഭിച്ചതിനെത്തുടർന്ന് മാർച്ച് അഞ്ചിനാണ് അർജ്ജുൻ വീട്ടിൽനിന്നു പോയത്. മാർച്ച് 17-ന് മുംെബെയിൽനിന്ന് തുർക്കിയിലേക്കു പോയി കപ്പലിൽ ജോലിക്കു കയറി. തുടർന്ന് ഒന്നും രണ്ടും ദിവസം കൂടുമ്പോൾ വീട്ടിലേക്കു വിളിച്ച് വിശേഷങ്ങൾ പറയുമായിരുന്നു.

ആദ്യമൊക്കെ സന്തോഷത്തോടെ വർത്തമാനം പറഞ്ഞിരുന്ന മകന്റെ ശബ്ദം പിന്നെ പിന്നെ പതർച്ചയുടേതായി മാറിയത് ആ അച്ഛനമ്മമാർ കേട്ടു. കാരണം തിരക്കിയപ്പോൾ, കപ്പലിലെ ബോസ് എപ്പോഴും വഴക്കാണെന്നും ഉപദ്രവിക്കുമെന്നും പറഞ്ഞു. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോരാൻ പറഞ്ഞെങ്കിലും സാരമില്ലെന്നും മുന്നോട്ടുപോകാമെന്നുമായിരുന്നു അർജ്ജുന്റെ അഭിപ്രായം.

ഏപ്രിൽ 20-ന് കപ്പൽ ടുണീഷ്യയിൽ എത്തിയപ്പോഴാണ് അർജ്ജുൻ അവസാനമായി അച്ഛനെ വിളിച്ചത്. കപ്പൽ ടുണീഷ്യയിലെ പോർട്ടിന്റെ പുറങ്കടലിലാണെന്നും പോർട്ടിലേക്കു പ്രവേശിക്കാനുള്ള അനുമതിക്കായി കാത്തുകിടക്കുകയാണെന്നുമായിരുന്നു പറഞ്ഞത്. മൊബൈൽ റേഞ്ച് കുറവായതിനാൽ, പോർട്ടിലെത്തിയ ശേഷം വിളിക്കാമെന്നും പറഞ്ഞു. പിന്നീട് അർജ്ജുനെ കപ്പലിൽനിന്നു കാണാതായെന്നു പറഞ്ഞുകൊണ്ട് ഏപ്രിൽ 27-ന് കമ്പനിയിൽനിന്നുള്ള അറിയിപ്പാണ് രവീന്ദ്രനെ തേടിയെത്തിയത്. അർജ്ജുൻ കപ്പലിൽനിന്ന് ലൈഫ് ജാക്കറ്റുമായി കടലിൽച്ചാടി രക്ഷപ്പെട്ടുവെന്നു പറഞ്ഞ് 28-നും കമ്പനിയിൽനിന്നു വിളിച്ചിരുന്നു.

ഇതോടെ ആ മാതാപിതാക്കൾ തകർന്നു. പിന്നീട് അർജ്ജുനെക്കുറിച്ച് ഒരു വിവരവും കമ്പനി അധികൃതരുടെ ഭാഗത്തു നിന്നും ലഭിച്ചില്ല. പിന്നീട് അർജ്ജുന്റെ വിവരങ്ങൾ തേടിയുള്ള ഓട്ടത്തിലാണീ അച്ഛൻ. മകനെ കുറിച്ചുള്ള വിവരങ്ങൾ തേടി മുട്ടാത്ത വാതിലുകളില്ല. ഒരിടത്തുനിന്നും പ്രതീക്ഷയുടെയോ ആശ്വാസത്തിന്റെയോ ഒരു കണികപോലും ഞങ്ങളെത്തേടിയെത്തിയിട്ടില്ലെന്നും ഈ പിതാവ് പറയുന്നു.

മകൻ ജീവനോെടയുണ്ടോ ഇല്ലയോ എന്നെങ്കിലും അറിയാൻ കഴിയുമോ? എന്നാണ് ഈ പിതാവ് ഹൃദയം നീറുന്ന വേദനയ്ക്കിടെയും ചോദിക്കുന്നത്. ഇനി മകനെ കുറിച്ച് എവിടെ അന്വേഷിച്ചാലാണ് അതറിയാനാവുക എന്നും ഈ പിതാവ് ചോദിക്കുന്നു. മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഷിപ്പിങ് മന്ത്രാലയം, അടൂർ പ്രകാശ് എംപി., ശശി തരൂർ എംപി., ഒ.എസ്.അംബിക എംഎ‍ൽഎ., പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർക്കെല്ലാം പരാതികൾ നൽകി. ഒ.എസ്.അംബിക എംഎ‍ൽഎ., അടൂർ പ്രകാശ് എംപി. എന്നിവർ വീട് സന്ദർശിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

മറ്റൊരു കേന്ദ്രത്തിൽനിന്നും ഒരു അറിയിപ്പോ അന്വേഷണമോ ഇന്നുവരെ ഉണ്ടായിട്ടില്ല. ഹൈക്കോടതിയിലും ഹർജി നൽകി. മെയ്‌ 13-ന് ടുണീഷ്യൻ കടലിൽനിന്ന് ഒരു മൃതശരീരം ലഭിച്ചുവെന്നും അത് അർജ്ജുന്റേതാണോയെന്നു തിരിച്ചറിയാൻ അമ്മയുടെ ഡി.എൻ.എ. പരിശോധനാഫലം വേണമെന്നും എംബസിയിൽനിന്ന് അറിയിച്ചു. തുടർന്ന് അമ്മയുടെ ഡി.എൻ.എ. പ്രൊഫൈൽ മെയ്‌ 21-ന് അയച്ചുകൊടുത്തു. തുടർന്ന് പലവട്ടം അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും കിട്ടിയിട്ടില്ല. പരിശോധനാഫലം എന്താണെന്നു പോലും അറിയിച്ചിട്ടില്ലെന്നും ആ പിതാവ് പറയുന്നു.