കണ്ണൂർ: കണ്ണൂർ ജില്ലയിൽ കോളിളക്കം സൃഷ്ടിച്ച തെക്കെ പാനൂരിലെ ആർ.എസ്.എസ് നേതാവായിരുന്ന അഡ്വ.കെ.വൽസരാജ കുറുപ്പ് കൊലക്കേസിൽ തിങ്കളാഴ്ച വിധി പ്രഖ്യാപിക്കും. ജില്ലാ സെഷൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് വിധി പറയുക.
2007 മാർച്ച് നാലിന് രാത്രിയാണ് സംഭവം.

രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന വൽസരാജകുറുപ്പിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി പുറത്തേക്ക് കൊണ്ട് പോയി തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തുടക്കത്തിൽ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്താണ് പ്രതികളെ പിടികൂടിയത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഭാര്യ ബിന്ദു ഹൈക്കോടതിയിൽ നൽകിയ ഹരജിയെ തുടർന്നായിരുന്നു കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് .

ചമ്പാട് അരയാക്കൂലിലെ കെ. ഷാജി, പന്തക്കൽ മലയാട്ട് വീട്ടിൽ കിർമാണി മനോജ് ചമ്പാടെ വി.പി.സതീശൻ, ചൊക്ളി നിടുംമ്പ്രത്തെ പ്രകാശൻ , അരയാക്കൂലിലെ കെ.ശരത് , അരയാക്കൂൽ കൂറ്റേരി വീട്ടിൽ കെ.വി.രാഗേഷ്, ചമ്പാട്ടെ എട്ടു വീട്ടിൽ സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിൽ തിങ്കളാഴ്ച ജില്ലാ സെഷൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് വിധി പറയുക. കേസിലെ ഏക ദൃക്‌സാക്ഷി അഡ്വ.വൽസരാജ് കുറുപ്പിന്റെ ഭാര്യയാണ്. എന്നാൽ ഇവർ വിചാരണ വേളയിൽ മൊഴിമാറ്റിയിരുന്നു. അഡ്വ. ബി.പി ശശീന്ദ്രനും പിന്നീട് സി.കെ ശശീന്ദ്രനുമാണ് പ്രൊസിക്യൂഷനുവേണ്ടി ഹാജരായത്.