- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധനരാജ് വധക്കേസിലെ പ്രതി ഓടിക്കുന്ന ടിപ്പർലോറി തീവെച്ചു നശിപ്പിച്ചു; ഡിവൈഎഫ്ഐ നേതാവിന്റെ കൊലക്കേസിലെ പ്രതി ബിജെപി പ്രവർത്തകൻ
പയ്യന്നൂർ: ഡി.വൈ. എഫ്. ഐ നേതാവ് പയ്യന്നൂരിലെ സി.വി ധനരാജ് വധക്കേസിലെ പ്രതിയായ ബിജെപി പ്രവർത്തകൻ ഡ്രൈവറായി ജോലിക്ക് കയറിയ ടിപ്പർ ലോറി രാത്രിയുടെ മറവിൽ തീവെച്ചു നശിപ്പിച്ചു. രാമന്തളി കുന്നരുവടക്കേഭാഗത്ത് ടിപ്പർലോറി കത്തിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.
കുന്നരുവിലെ ഒ. മോഹനന്റെ ഉടമസ്ഥതയിലുള്ള ടിപ്പർലോറിയാണ അഗ്നിക്കിരയാക്കിയത്. നിർത്തിയിട്ട ലോറി പൂർണമായും കത്തിനശിച്ചിട്ടുണ്ട്. കുന്നരു വടക്കേ ഭാഗം എ.കെ.ജി ബസ്സ്റ്റോപ്പിന് സമീപത്തെ ശ്മശാനം റോഡിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയാണ് ബുധനാഴ്‌ച്ച അർധരാത്രിയോടെ തീവെച്ചത്. ടിപ്പർലോറി പതിവുപോലെ ഇവിടെ നിർത്തിയിട്ടതായിരുന്നു.
തീവയ്‌പ്പിൽ ലോറിയുടെ കാബിനും എൻജിനുമുൾപ്പെടെ പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് എസ്. ഐ അനിൽബാബുിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം എത്തുമ്പോഴെക്കും പരിസരവാസികൾ വെള്ളമൊഴിച്ചു തീകെടുത്തിയിരുന്നുവെങ്കിലും ടിപ്പർ ലോറിയുടെ കാബിനും എൻജിനും പൂർണമായും കത്തിനശിച്ചിരുന്നു.
പെട്രോൾ ഒഴിച്ചാണ് തീവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലോറിയുടെ പിൻഭാഗത്തെ ടയറുകൾക്ക് മുകളിൽ ഓലച്ചൂട്ടങ്ങ കത്തിച്ചുവെച്ച നിലയിലായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഈ ലോറിയിൽ കുന്നരു കാരാന്താട്ടെ ഡിവൈഎഫ്ഐ നേതാവ് സി.വി ധനരാജ് വധക്കേസിൽ അറസ്റ്റിലായ പ്രജിത്ത് ലാൽ ഡ്രൈവറായി ജോലിക്ക് കയറിയത്. സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താൻ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെ കാരണമെന്ന് കരുതുന്നു. കണ്ണൂരിൽ നിന്നുമെത്തിയ ഫോറൻസിക് വിഭാഗം പരിശോധന നടത്തി.




