- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈനികർ കെട്ടിയ വേലി യാത്രയ്ക്ക് തടസ്സമായി; ചരിത്രം ഉറങ്ങുന്ന ബർണശേരിയിലെ സ്കൂളിലേക്ക് എത്താൻ വിദ്യാർത്ഥികൾ അടക്കം എല്ലാവർക്കും വിഷമം; രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഒന്നിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തെഴുതി
കണ്ണൂർ: സൈനികർ വഴിമുട്ടിച്ച കണ്ണൂർ നഗരത്തിലെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സുഗമമായി സഞ്ചരിക്കാൻ വഴിതേടിപ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പ്രതിരോധമന്ത്രിക്കും കത്തെഴുതി. രണ്ടായിരം വിദ്യാർത്ഥികൾ ഒന്നിച്ച് ഒരേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും
രാഷ്ട്രപതിക്കും പ്രതിരോധമന്ത്രിക്കും കത്തെഴുതി പ്രതിഷേധിച്ചത്.
കണ്ണൂർ നഗരത്തിലെ ബർണശേരിയിലെ സെന്റ് മൈക്കിൾസ് സ്‌കൂൾ വിദ്യാർത്ഥികളാണ് അവസാന വഴിയായി രാജ്യത്തിന്റെ പരമോന്നത ഭരണാധികാരികളുടെ കനിവുതേടുന്നത്. തങ്ങളുടെ സ്‌കൂളിനു ചുറ്റും സൈന്യം കെട്ടിയ വേലി അഴിച്ചുമാറ്റണമെന്നാവശ്യപ്പെട്ടാണ് കുട്ടികൾ അവസാനത്തെ അഭയകേന്ദ്രമായി പ്രധാനമന്ത്രിയടക്കമുള്ളവരെ അപേക്ഷയുമായി സമീപിക്കുന്നത്.
തീർത്താൽതീരാത്ത കഷ്ടപ്പാടുകളാണ് കുട്ടികളും അദ്ധ്യാപകരും സൈനികർ വേലി കെട്ടിയതിനാൽ അനുഭവിക്കുന്നത്. സുരക്ഷയുടെ പേരിൽ പട്ടാളം വേലി കെട്ടിയതോടെ പ്രധാനമന്ത്രി പോഷൻ അഭിയാൻ പദ്ധതിക്ക് ആവശ്യമായ അരി, പാൽ, മുട്ട, പലവ്യഞ്ജനങ്ങൾ എന്നിവ
വിദ്യാലയത്തിൽ എത്തിക്കുന്നതിനും തടസം നേരിടുകയാണ്.
ജില്ലയിലെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച വിദ്യാലയമാണ് കണ്ണൂർ സെന്റെ്മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിലെ 156 വർഷത്തെ തിളക്കമാർന്ന പ്രവർത്തന പാരമ്പര്യം സ്‌കൂളിനുണ്ട്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ 2630 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
ഭൂമിശാസ്ത്രപരമായി കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന്റെ തെക്കുഭാഗം ഡിഫൻസ് സെക്യൂരിറ്റി കോർപ്സിന്റെ ഭൂമിയുമായി അതിർത്തി പങ്കിടുന്നുണ്ട്. 70 വർഷങ്ങൾക്കു മുൻപ് നിലവിലുള്ള കെട്ടിടസമുച്ചയം പണിയുന്ന സമയത്തോ അതിനുശേഷമോ തങ്ങൾക്ക് യാതൊരുവിധ തടസങ്ങളോ എതിർപ്പുകളും നേരിടേണ്ടി വന്നിട്ടില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികളും പറയുന്നു.
സ്‌കൂൾ ഭൂമിയോട് ചേർന്നു കിടക്കുന്ന ഭൂമി നോ മാർസ് ലാൻഡെന്നാണ് തങ്ങളുടെ രേഖകളിൽ കാണപ്പെടുന്നതെന്നും മനോജ്മെന്റ് ചൂണ്ടിക്കാട്ടുന്നു. 1956 ൽ കേന്ദ്ര സർക്കാർ ഭൂമി സൈന്യത്തിന് കൈമാറി. പ്രതിരോധ സേനയ്ക്ക് കീഴിലെ എ(നാല്)വിഭാഗത്തിൽ വരുന്ന ഭൂമിയാക്കി മാറ്റി. വിദ്യാലയത്തിലേക്കുള്ള ഏക വഴി ഈ ഭൂമിയിലേക്കാണ് തുറക്കപ്പെടുന്നത്.
മുൻവർഷങ്ങളിൽ എല്ലാം ഈ മൈതാനം സ്‌കൂളിലേക്കുള്ള വിദ്യാർത്ഥികളെ വാഹനങ്ങളിൽ കയറ്റുന്നതിനും ഇറക്കുന്നതിനും ഒരു തടസവുമില്ലാതെ ഉപയോഗിച്ചുവന്നിരുന്നതാണ്. 2020 ഡിസംബറിലാണ് മുന്നറിയിപ്പില്ലാതെ ഈ ഭൂമി എ വൺ വിഭാഗത്തിലേക്ക് മാറ്റിയത്. 2021 ജൂലൈയിൽ കമ്പിവേലികൾ സ്ഥാപിച്ച് മൈതാനത്തിലെ ക്കുള്ള പ്രവേശനം നിഷേധിച്ചു.
മിലിട്ടറി അധികാരികൾ സ്ഥാപിച്ച തൂണുകൾക്കിടയിലൂടെ നൂണുകടന്നാണ് ഇപ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാലയത്തിൽ എത്തുന്നത്. ഇത് വിദ്യാലയത്തിലെ ദൈനംദിന പ്രവർത്തനത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വാക്കുകൾക്കതീതമാണെന്നാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരേ സ്വരത്തിൽ പറയുന്നു.
ആംബുലൻസുകളോ അഗ്നിരക്ഷാ വാഹനങ്ങളോ ഒന്നും വരാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇവിടെ ഒരു ആരാധനാലയവും പുരോഹിതരുടെ താമസസ്ഥലവും വിദ്യാർത്ഥികൾക്കായുള്ള ബോർഡിങ് ഹൗസും കോമ്പൗണ്ടിലുണ്ട്. തീരാ ദുരിതത്തിന് അറുതി വരുത്താൻ രാജ്യത്തിന്റെ ഭരണാധികാരികൾക്ക് കഴിയുമെന്നാണ് കുരുന്നുകൾ പ്രതീക്ഷിക്കുന്നത്.
വിദ്യാലയത്തിന് ചുറ്റു മതിലിനോട് ചേർന്ന് 200 മീറ്റർ നീളത്തിൽ റോഡ് അനുവദിക്കണമെന്നാണ് കുട്ടികളുടെ ആവശ്യം. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കുട്ടികൾ എഴുതിയ രണ്ടായിരം കത്തുകൾ അദ്ധ്യാപക രക്ഷാകർതൃ - മാനേജ്മെന്റ് പ്രതിനിധികൾക്ക് കൈമാറി. ഇതിനു ശേഷം കണ്ണൂരിലെ മുഖ്യ തപാൽ ഓഫീസിൽ നിന്ന് അധികൃതർ കത്തുകൾ അയച്ചു. അദ്ധ്യാപക രക്ഷാകർതൃപ്രസി. അഡ്വ. കെ എൻ ഷാജി, പ്രിൻസിപ്പൽ സി.കെ മനോജ് കുമാർ , മാനേജർ ഫാ. എസ്.ജെ , രാജു അഗസ്റ്റിൻ വിദ്യാർത്ഥികളുടെ പ്രതിനിധി ദേവദർശൻ ,മദർ പി.ടി.എഅധ്യക്ഷ ഖദീജ ഹുമയൂൺ, പി.തുളസിദാസ് ,എ.സജിത്ത് എന്നിവർ പങ്കെടുത്തു.




