തിരുവനന്തപുരം: കറുത്ത മാസ്‌കിന് പോലും വിലക്ക്. സദാ ചുറ്റും നാൽപതംഗ സംഘം. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചുപേരും രണ്ട് കമാൻഡോ വാഹനത്തിൽ പത്തുപേരും. ദ്രുത പരിശോധനയ്ക്ക് എട്ടുപേർ, ഒരു പൈലറ്റ്, എസ്‌കോർട്ട് സംഘവും അധികമായി. ഇതിനുപുറമേ മറ്റ് സുരക്ഷയും. സ്വന്തം വീട്ടിലേക്ക് പോയവരെ പോലും ഒരുമണിക്കൂർ കഴിഞ്ഞ് പോയാൽ മതിയെന്ന് തടഞ്ഞ് പൊലീസ്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ കടുപ്പിച്ചതോടെ അക്ഷരാർത്ഥത്തിൽ ഇന്ന് വെള്ളം കുടിച്ചത് കോട്ടയംകാരാണ്. കൊച്ചിയിലും അനുവാദമില്ലാതെ ഒരീച്ച പോലും കടക്കാത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ലോകമെമ്പാടുമുള്ള വിവിഐപികളുടെ സുരക്ഷ എങ്ങനെയെല്ലാമാണെന്ന ചിന്ത വരുന്നത്. ആരാണ് സുരക്ഷാവലയത്തിൽ കഴിയുന്ന ഒന്നാമൻ. ഒരു സംശയവും വേണ്ട, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്നെ.

രാഷ്ട്രീയ നേതാക്കൾ മാത്രമല്ല കനത്ത സുരക്ഷാ വലയത്തിൽ കഴിയുന്ന വിവിഐപികൾ. അതിൽ ബിസിനസ് രംഗത്തെ മുടിചൂടാമന്നന്മാർ, രാജ കുടുംബാംഗങ്ങൾ, സിനിമാ താരങ്ങൾ, സ്പോർട്സ് താരങ്ങൾ ഇവരെല്ലാം പെടുന്നു. ഇവർക്ക് സുരക്ഷ ഒരുക്കുന്ന എല്ലാ ഭടന്മാരെയും നമ്മൾ കാണണമെന്നില്ല. ചിലർ അടുത്തുതന്നെയുണ്ടാവും, ചിലർ അകലത്തും. അങ്ങനെ ഒരു വലയത്തിലാണ് എപ്പോഴും ഇവരുടെ സഞ്ചാരം.

അധികാരം ഏറുന്നതോടെ ഉത്തരവാദിത്വവും ഏറുന്നതായി പറയാറുണ്ട്. എന്നാൽ, അത് ധാരാളം ശത്രുക്കളെയും ക്ഷണിച്ചുവരുത്തുമെന്ന കാര്യം മറക്കരുത്. അതിനാണ് ഈ സുരക്ഷാ സന്നാഹമെല്ലാം. പുടിന്റെ കാര്യത്തിലേക്ക് മടങ്ങി വന്നാൽ, വധശ്രമങ്ങളിൽ നിന്നും, അട്ടിമറികളിൽ നിന്നുംസ്വയം രക്ഷിക്കാൻ, പ്രസിഡന്റിനായി ക്രമീകരിച്ചിരിക്കുന്നത് ചില്ലറ സുരക്ഷയല്ല.

പുടിന്റെ സുരക്ഷാവലയം

മുൻ കെജിബി ഏജന്റായ പുടിനെ ആരും സുരക്ഷ പഠിപ്പിക്കേണ്ടതില്ല. സദാ ജാഗരൂകരായ ബുള്ളറ്റ് പ്രൂഫ് ബ്രീഫ് കേസുകളുമായി ബോഡി ഗാർഡുകൾ, പുടിന് സദൃശ്യരായ ഡ്യൂപ്പുകൾ, ഭക്ഷണം വിഷരഹിതം എന്നുറപ്പാക്കാൻ ഫുഡ് ടേസ്റ്റർമാർ എന്നു വേണ്ട സന്നാഹത്തിന് ഒരുകുറവും ഇല്ല. വിശേഷിച്ച് യുക്രെയിൻ യുദ്ധം തുടങ്ങിയ ശേഷം.

2000 ത്തിൽ അധികാരമേറ്റപ്പോൾ മുതൽ, തന്റെ സുരക്ഷയിലും ആരോഗ്യത്തിലും അതീവ ശ്രദ്ധാലുവാണ് പുടിൻ. അടുത്ത കാലത്ത് ആരോഗ്യം ക്ഷയിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും. കൊലപാതകികളിൽ നിന്ന് രക്ഷ നേടാൻ മാത്രമല്ല, കോവിഡ് വരാതിരിക്കാനും പുടിൻ പണി പതിനെട്ടും നോക്കുന്നു. അടുത്ത കാലത്ത് ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിൽ നീളമുള്ള മേശകളാണ് ഉപയോഗിക്കുന്നത്. അതിഥികളുമായി 20 അടി അകലം പാലിക്കുന്നു.

പുടിന്റെ അംഗരക്ഷകർ മസ്‌ക്കറ്റിയേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. റഷ്യയുടെ ഫെഡറൽ സംരക്ഷണ സർവീസിന്റെ ഭാഗമായുള്ള പ്രത്യേക യൂണിറ്റാണ് ഇക്കൂട്ടർ. ചൂടിൽ വിയർക്കാൻ പാടില്ല, ഏതു തണുപ്പും സഹിക്കണം, കാരിരുമ്പ് പോലെ കരുത്തുള്ളവരായിരിക്കണം, നല്ല ഗ്രഹണ ശേഷി വേണം ഇങ്ങനെ പല യോഗ്യതകളും ഉണ്ടെങ്കിലേ പുടിന്റെ അംഗരക്ഷകരാകാൻ കഴിയു. ഇവരുടെ കൈയിൽ എപ്പോഴും പ്രത്യേകതരം ബ്രീഫ് കേസുകൾ കാണും. റഷ്യൻ നിർമ്മിത 9 എംഎം, എസ്ആർ-1 വെക്ടർ പിസ്റ്ററുകളും എപ്പോഴും കൈയിൽ കാണും.

പുടിൻ എവിടെ പോയാലും മാസങ്ങൾക്ക് മുമ്പേ ടീം അവിടെ എത്തി അവലോകനം നടത്തും. നാട്ടുകാരുടെ പ്രതികരണം എങ്ങനെയായിരിക്കും, മോശം കാലാവസ്ഥയോ, പ്രകൃതി ദുരന്തങ്ങൾക്കോ സാധ്യതയുണ്ടോ, ഇതെല്ലാം വിലയിരുത്തും. റോഡിൽ, ഏകെ 47 ഉം, ഗ്രനേഡ് ലോഞ്ചർമാരും, പോർട്ടബിൾ വിമാന വേധ മിസൈലുകളും അടങ്ങിയ വാഹനവ്യൂഹം തന്നെയുണ്ടാകും ഒപ്പം. പൊതുജനമധ്യത്തിൽ ഇറങ്ങുമ്പോൾ, നാല് സുരക്ഷാ വലയങ്ങൾ ചുറ്റിലുമുണ്ടാകും. വ്യക്തിഗത അംഗരക്ഷകരെ കൂടാതെ, ആൾക്കൂട്ടത്തിനിടയിൽ മറ്റുള്ളവർ ഒളിച്ചുനീങ്ങിക്കൊണ്ടിരിക്കും. സമീപ കെട്ടിടങ്ങളിൽ, അക്രമികളെ വെടിവച്ചിടാൻ പാകത്തിൽ, സ്‌നൈപ്പർമാരെ നിയോഗിക്കും.

കഴിക്കുന്ന ഓരോ വിഭവവും രുചിച്ച് നോക്കാൻ, വിഷരഹിതമെന്ന് ഉറപ്പുവരുത്താൻ, ടേസ്റ്റർമാരും ഉണ്ടാകും. ക്രെംലിനിൽ ആണെങ്കിൽ, ഷെഫിനൊപ്പം വിഭവം പരിശോധിക്കാൻ, ഡോക്ടറും ഉണ്ടാകും. എന്തായാലും ഇപ്പോൾ, പുടിൻ അധികം പുറത്തുപോകാറില്ലല്ലോ.

ബൈഡന്റെ ബീസ്റ്റും സീക്രട്ട് സർവീസ് കാവൽ പടയും

സീക്രട്ട് സർവീസ് എന്ന പ്രത്യേക സംഘമാണ് യുഎസ് പ്രസിഡന്റ ഡോ ബൈഡന് കാവൽ. 120 ദശലക്ഷം ഡോളറാണ് പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി ചെലവഴിക്കുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിതമെന്ന് അറിയപ്പെടുന്ന കാർ, ബീസ്റ്റാണ് ബൈഡൻ യാത്രയ്ക്ക് ഉപയോഗിക്കുന്നത്.

ലോകത്തെ കാർ പ്രേമികളുടെ സ്വപ്നങ്ങളിൽ എന്നും തിളങ്ങി നിൽക്കുന്ന ചക്രവർത്തിയാണ് ബീസ്റ്റ്. അത്യാധുനിക സംവിധാനങ്ങളോടെ ജനറൽ മോട്ടോഴ്‌സ് നിർമ്മിച്ചിരിക്കുന്ന ബീസ്റ്റിന് മുൻപിൽ ബാലിസ്റ്റിക്ക് മിസൈൽ മുതൽ അത്യാധുനിക രാസായുധങ്ങൾ വരെ മുട്ടുമടക്കും.
അതിനൂതന വാർത്താവിനിമയ സംവിധാനവും അടിയന്തര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിർമ്മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതിൽ നിറച്ചിട്ടുണ്ട്. ബൂട്ടിലും ഓക്‌സിജൻ സംവിധാനവും തീപിടിത്തത്തെ ചെറുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പിന്നിൽ നാലുപേർക്ക് ഇരിക്കാം. പ്രസിഡന്റിന്റെ സീറ്റിനു സമീപം സാറ്റലൈറ്റ് ഫോണും വൈസ്പ്രസിഡന്റുമായും പെന്റഗണുമായും നേരിട്ടു സംസാരിക്കാനുള്ള ലൈനും സജ്ജമാണ്. കാറിന്റെ മുൻഭാഗത്ത് പ്രത്യേക അറയിൽ രാത്രി കാണാൻ കഴിയുന്ന ക്യാമറകളും ചെറു തോക്കുകളും ടിയർ ഗ്യാസും അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനായി പ്രസിഡന്റിന്റെ രക്തവും സൂക്ഷിച്ചിട്ടുണ്ട്. ടയർ പൊട്ടിയാലും ഓടിച്ചു രക്ഷപ്പെടാൻ കഴിയുന്ന തരം സ്റ്റീൽ റിമ്മുകളാണ് ടയറിൽ.

സുപ്രീം ഗാർഡ് കമാൻഡിന്റെ വലയത്തിൽ കിം ജോങ് ഉൻ

വലിയൊരു കുക്കൂണിൽ ഒളിച്ചിരിക്കുന്ന സ്വേച്ഛാധിപതിയാണ് ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ. 2018 ൽ കിമ്മിന്റെ ഒരു സിംഗപ്പൂർ യാത്രയുടെ വീഡിയോയിൽ, അദ്ദേഹത്തെ വലയം ചെയ്യുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരെ കാണാം. സുപ്രീം ഗാർഡ് കമാൻഡ് എന്ന എലൈറ്റ് യൂണിറ്റ് തന്നെ കിമ്മിന്റെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നു.

നിരവധി രാജ്യത്തലവന്മാർ ഉപയോഗിക്കുന്ന മെഴ്സിഡീസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡ് തന്നെയാണ് കിം ജോങ് ഉന്നും ഉപയോഗിക്കുന്നത്. എന്നാൽ അതിലെ മാറ്റങ്ങൾ എന്തൊക്കെയെന്നത് രഹസ്യമാണ്. സുരക്ഷയ്ക്ക് അതീവ പരിഗണന നൽകി നിർമ്മിച്ചിരിക്കുന്ന വാഹനമാണ് എസ് 600 പുൾമാൻ ഗാർഡ്. ഹാൻഡ് ഗ്രനേഡുകൾ, വെടിയുണ്ട, ലാൻഡ് മൈൻ, ചെറു മിസൈലുകൾ എന്നിവയെ ചെറുക്കാൻ ശേഷിയുള്ള ബോഡിയാണ് കാറിന്റേത്. കൂടാതെ രാസായുധങ്ങൾ, സ്‌നൈപ്പറുകൾ തുടങ്ങിയവയേയും തടയും.

ഇൻ ബിൽറ്റ് ഫയർ സെക്യൂരിറ്റിയുണ്ട് കാറിൽ. വാഹനത്തിനുള്ളിൽ ഓക്സിജന്റെ അളവു കുറഞ്ഞാൽ യാത്രക്കാർക്കു ശുദ്ധവായു നൽകാൻ പ്രത്യേക ടാങ്കുണ്ട്. തീപിടിക്കാത്ത ഇന്ധന ടാങ്കുകളാണ്. കാഴ്ചയിൽ എസ് 600 പുൾമാൻ ലിമോയിൽനിന്ന് വലിയ വ്യത്യാസം തോന്നാത്ത എക്സ്റ്റീരിയറാണ്. എന്നാൽ സാധാരണ കാറിനെക്കാൾ ഇരട്ടിയിലധികം ഭാരക്കൂടുതലുണ്ട് ഗാർഡിന്. ഏകദേശം 5.6 ടണ്ണാണ് പുൾമാൻ ഗാർഡിന്റെ ഭാരം. 6.50 മീറ്റർ നീളവുമുണ്ട് ഈ ലിമോയ്ക്ക്. ഡ്രൈവർ ക്യാബിനും പാസഞ്ചർ ക്യാബിനും തമ്മിൽ സൗണ്ട് പ്രൂഫ് സംവിധാനം ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. സുരക്ഷയ്ക്ക് മാത്രമല്ല അത്യാഡംബരത്തിനും പ്രാധാന്യം നൽകിയാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്.

ഏറ്റവും അധികം സംരക്ഷണമുള്ള ആത്മീയ നേതാവ്

ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള നഗരങ്ങളിലാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ താമസം. ഇറ്റലിയിലെ റോമിൽ, വത്തിക്കാൻ നഗരത്തിൽ. പോപ്പിനെയും കൊട്ടാരത്തെയും സംരക്ഷിക്കുന്നത് പോണ്ടിഫിക്കൽ സ്വിസ് ഗാർഡുകളാണ്. 1506 ൽ രൂപീകരിച്ചതാണ് ഈ സൈനിക യൂണിറ്റ്. ഏറ്റവും ആധുനികമായ എംപി 7 സബ്‌മെഷീൻ ഗണ്ണുകളാണ് സ്വിസ് ഗാർഡുകൾ ഉപയോഗിക്കുന്നത്.

കടുപ്പമേറിയ യോഗ്യതകളാണ് ഈ യൂണിറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ വേണ്ടത്. പോപ്പ് തന്നെയാണ് ഇവരെ സത്യവാചകം ചൊല്ലി ചുമതല ഏൽപ്പിക്കുന്നത്. ആളുകളെ നിയന്ത്രിക്കൽ, വിഐപി സംരക്ഷണം, മാരകമല്ലാത്ത ആയുധങ്ങളുടെ ഉപയോഗം ഇതെല്ലാം അറിഞ്ഞിരിക്കണം സ്വിസ് ഗാർഡുകൾ.

സുരക്ഷാവലയത്തിലെ മറ്റു സെലിബ്രിറ്റികൾ

ലോകത്ത് ഏറ്റവും അധികം വധശ്രമം ഉണ്ടായ നേതാവ് ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ് എന്നാണ് അറിയപ്പെടുന്നത്. ഔദ്യോഗിക രേഖകൾ ലഭ്യമല്ലെങ്കിലും. സെൻട്രൽ സെക്യൂരിറ്റി ബ്യൂറോ ആണ് ഷിക്ക് സുരക്ഷ ഒരുക്കുന്നത്.

70 വർഷമായി സ്ഥാനത്ത് തുടരുന്ന എലിസബത്ത് രാജ്ഞിക്ക് ക്വീൻസ് ഗാർഡിന്റെയും 24 മണിക്കൂറും സുരക്ഷ നൽകുന്ന റോയൽ പ്രൊട്ടക്ഷൻ സ്‌ക്വാഡിന്റെയും സുരക്ഷാകവചമുണ്ട്.

അറബ് ലോകത്ത് ഏറ്റവുമധികം സുരക്ഷയുള്ള നേതാവ് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ്.

ലോകത്ത് ഏറ്റവും അധികം സുരക്ഷയുള്ള സിഇഒ ആണ് മാർക്ക് സുക്കർബർഗ്. ഒരുവർഷം 9 ദശലക്ഷം ഡോളർ സുരക്ഷയ്ക്കായി ചെലവഴിക്കുന്നു. അധികം പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന ആളല്ലങ്കിലും പുറത്തിറങ്ങിയാൽ, ചുറ്റും അംഗരക്ഷകരുടെ കൂട്ടമാണ്. സുക്കർബർഗ് സീക്രട്ട് പൊലീസ് എന്നാണ് ഇവർ അറിയപ്പെടുന്നത്.

16 അംഗങ്ങൾ അടങ്ങുന്നാണ് ഈ സേന എന്ന് പറയപ്പെടുന്നു. ഏറ്റവുമധികം സുരക്ഷയുള്ള അത്‌ലറ്റ് ബോക്‌സിങ് താരം ഫ്‌ളോയിഡ് മെയ് വെതർ ജൂനിയറാണ്.