കണ്ണൂർ:കില തളിപ്പറമ്പ് ക്യാംപസിൽ, കേരള അന്താരാഷ്ട്ര നേതൃപഠനകേന്ദ്രം ഉദ്ഘാടനം 13ന് രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളേജ്, ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും.

കിലയുടെ തളിപ്പറമ്പ് കേന്ദ്രം സോഷ്യൽ എഞ്ചിനീയറങ് ഉൾപ്പെടെയുള്ള ഉന്നത പഠനഗവേഷണ വിജ്ഞാന വിനിമയ കേന്ദ്രമാക്കി വികസിപ്പിക്കുകയാണ്സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. ഈ കേന്ദ്രത്തിൽ മാനവിക സാമൂഹികവിഷയങ്ങൾക്ക് പുറമേ ശാസ്ത്രസാങ്കേതിക കമ്മ്യൂണിക്കേഷൻ ആസൂത്രണ വിഷയങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഗവേഷണവും പഠന പ്രവർത്തനങ്ങളും ആരംഭിക്കും.

വിവിധ വിഷയങ്ങളിൽ ആഗോള പ്രശസ്തരായ വിദഗ്ധരെ കേന്ദ്രവുമായി ബന്ധപ്പെടുത്തി സോഷ്യൽ എൻജിനീയറിങ് ഉൾപ്പെടെ പുതിയ അറിവുകളും ധാരണയും പകരുകയെന്നത് അന്താരാഷ്ട്ര പഠന കേന്ദ്രത്തിന്റെ ലക്ഷ്യമാണ്. വിജ്ഞാന സാമൂഹികമുന്നേറ്റ മേഖലയിലടക്കം ഉന്നത പഠന കേന്ദ്രമായി വികസിപ്പിക്കുക വഴി കേരളത്തിലെ സാമൂഹിക സാമ്പത്തിക പുരോഗതിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ നിർവ്വഹണ മേഖലകളിലും ഉൾപ്പെടെ സഹായകരമാകും വിധം വിദഗ്ദ്ധർ രൂപപ്പെടുത്തുന്നതിനും അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം നേതൃത്വം നൽകുമെന്നും മന്ത്രി അറിയിച്ചു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ പ്രിൻസിപ്പൽ പി.സുരേന്ദ്രൻ , കെ.സന്തോഷ് അഡ്വ.എ.പി ഹംസക്കുട്ടി എന്നിവരും പങ്കെടുത്തു.