കൊച്ചി: നാൽപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.അർഷോമിനെ റിമാൻഡ് ചെയ്തു. മൂന്നു മാസം മുൻപ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിട്ടും പൊലീസ് അറസ്റ്റു ചെയ്യാതിരുന്നതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.ഷാജഹാൻ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തത്.

ദേഹപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ അർഷോയെ റിമാൻഡ് ചെയ്തു. ഇദ്ദേഹത്തെ സഹപ്രവർത്തകർ രക്തഹാരം അണിയിച്ചു മുദ്രാവാക്യങ്ങളോടെയാണ് ജയിലിലേക്ക് അയച്ചത്. ഇതിനു പൊലീസ് ഒത്താശ ചെയ്തു കൊടുക്കുന്നതു വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. അറസ്റ്റു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല.

ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നാണ് അർഷോയ്‌ക്കെതിരെ വധശ്രമത്തിനു കേസെടുത്തത്. അറസ്റ്റിലായ പ്രതിക്കു ജാമ്യം നിഷേധിച്ചു. പിന്നീടു കർശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ പരാതിക്കാരൻ പ്രതിക്കെതിരായി കൂടുതൽ കേസുകളുള്ള വിവരം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു.

പ്രതി ജാമ്യത്തിലിറങ്ങി കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരിക്കെ അർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. പിന്നീട് പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസ് തയാറായില്ല. ഇതിനിടെ പരാതി ഉയർന്നപ്പോൾ പ്രതി ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്.

മലപ്പുറം എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ അർഷോയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുത്തിട്ടും പൊലീസ് അറസ്റ്റു ചെയ്തില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് നേതാവ് പൊലീസിൽ പരാതി നൽകിയത്. സമ്മേളനത്തിൽ പൂർണസമയവും പങ്കെടുത്ത ആർഷൊയെ രാഷ്ട്രീയ സ്വാധീനം മൂലമാണ് അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകാത്തതെന്ന ആക്ഷേപം ശക്തമായിരുന്നു.

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നു വ്യക്തമായതിനെ തുടർന്നാണ് എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആയിരിക്കെ ഫെബ്രുവരി അവസാന വാരം പി.എം. അർഷൊയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം സെൻട്രൽ എസിപിയോട് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാനും വിവരം കോടതിയിൽ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

2018 നവംബർ എട്ടിന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ആർഷൊയ്ക്ക് എതിരെ വധശ്രമക്കേസെടുത്തത്. അറസ്റ്റിലായ പ്രതിക്ക് ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും കർശന വ്യവസ്ഥകളോടെ പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ജാമ്യം ലഭിച്ചതിനു ശേഷം പല കേസുകളിലും ഉൾപ്പെട്ടെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി ഹർജിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.