ന്യൂഡൽഹി: നിയമമനുസരിച്ചു നഷ്ടപരിഹാരം നൽകി സർക്കാർ ഏറ്റെടുക്കുന്ന ഭൂമി പൂർണമായും സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരിക്കുമെന്ന് സുപ്രീം കോടതി. അതിനു ശേഷവും ഭൂമിയുടെ മേൽ ആരെങ്കിലും അവകാശം ഉന്നയിച്ചാൽ ഉന്നയിക്കുന്ന വ്യക്തിയെ അതിക്രമിച്ചു കയറിയ ആളായി കണക്കാക്കണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ അവധിക്കാല ബെഞ്ച് ശരിവച്ചു.

ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് അഥോറിറ്റിയുടെ നോട്ടിസിനെതിരെ യുപി സ്വദേശി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ഭൂമിയിൽ പഴയ ഉടമയായ ഹർജിക്കാരൻ നടത്തിയ അനധികൃത കയ്യേറ്റങ്ങൾ നീക്കാനായിരുന്നു നോട്ടിസ്. വിവിധ പദ്ധതികൾക്കായി സംസ്ഥാനങ്ങൾ വലിയ തോതിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ അത് ഉപയോഗിക്കും വരെ ഭൂമി നിലനിർത്താൻ വ്യക്തിയെയോ പൊലീസിനെയോ നിയോഗിക്കുകയോ കൃഷി ഇറക്കുകയോ ചെയ്യേണ്ട കാര്യമില്ലാത്ത സ്ഥിതിക്ക് ഭൂമിക്കു മേൽ അവകാശം ഉന്നയിക്കുന്നവരെ അതിക്രമിച്ചു കയറുന്നവരായി കണക്കാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.