- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ജനത വിവിധ കുടിയേറ്റ ജനതകളുടെ മിശ്രണം; ടോണി ജോസഫ്
ഏതാണ്ട് 65000 വർഷങ്ങൾക്കുമുമ്പ് ആഫ്രിക്കയിൽനിന്നു പുറത്തേക്കു കുടിയേറി ഉപഭൂഖണ്ഡത്തിലെത്തിയ ജനസമൂഹത്തിൽ നിന്നു തുടങ്ങി, നാലു പ്രധാന കുടിയേറ്റ തരംഗങ്ങളിലൂടെ ഇന്ത്യയിലെത്തിയ വിവിധ ജനവിഭാഗങ്ങളുടെ മിശ്രണത്തിലൂടെയാണ് സമകാലീന ഇന്ത്യൻ ജനത രൂപീകരിക്കപ്പെട്ടതെന്ന് 'ആദിമ ഇന്ത്യക്കാർ ' എന്ന വിശ്രുതഗ്രന്ഥത്തിന്റെ രചയിതാവും പ്രശസ്ത പത്രപ്രവർത്തകനുമായ ടോണി ജോസഫ് അഭിപ്രായപ്പെട്ടു. ബ്രേക് ത്രൂ സയൻസ് സൊസൈറ്റി കേരള സംസ്ഥാന ചാപ്റ്റർതിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയം സെമിനാർ ഹാളിൽ സംഘടിപ്പിച്ച 3-ാം ജി.എസ്.പത്മകുമാർ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പൗരാണിക ഡി.എൻ.എയുടെ പഠനത്തെ ആസ്പദമാക്കിയുള്ള ജനസംഖ്യാ ജനിതക ശാസ്ത്രത്തിലെ സമീപകാലവികാസങ്ങൾക്കു തെക്കനേഷ്യയിലേതുൾപ്പടെയുള്ള ലോകജനതയുടെ വിന്യാസത്തെക്കുറിച്ച് വ്യക്തമായ അറിവു പകരാനാകും. ആരായിരുന്നു ഹാരപ്പൻ ജനത? അവർ എവിടേക്ക പ്രത്യക്ഷരായി ? ആ സംസ്‌കാരത്തിന്റെ അസ്തമയത്തിനുശേഷം ഏതാണ്ടായിരം വർഷങ്ങൾക്കു ശേഷം മാത്രം വീണ്ടും ഇന്ത്യയിൽ നഗരങ്ങൾ രൂപംകൊണ്ടതെന്തു കൊണ്ട്? തുടങ്ങി വ്യക്തതയില്ലാതിരുന്ന പല ചോദ്യങ്ങൾക്കും ഈ പുതിയ കണ്ടെത്തലുകൾ ഉത്തരം നൽകുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.
ആദികാലം മുതലേ തനിമ അവകാശപ്പെടാവുന്ന ഒരു ജനതയും ലോകത്തു നിലവിലില്ല. ഇന്ത്യയിലും അങ്ങനെ തന്നെ. 65000 വർഷം മുമ്പ് ആഫ്രിക്കയിൽ നിന്നു പുറത്തേക്കു പലായനം ചെയ്ത ജനസമൂഹമാണു പിന്നീട് ഏഷ്യയിലും ആസ്‌ട്രേലിയയിലും ചൈനയിലുമൊക്കെയെത്തിയത്. അവരിലൊരു വിഭാഗമാണ് 45000 വർഷം മുമ്പ് യൂറോപ്പിലെത്തിയത്.
കഴിഞ്ഞ ഹിമയുഗത്തിനു ശേഷം കൃഷി വ്യാപകമായതോടെയാണ് ഹാരപ്പൻ സംസ്‌കാരമുൾപ്പടെ ലോകത്ത് വിവിധ ഭാഗങ്ങളിൽ മനുഷ്യ സംസ്‌കാരങ്ങളുണ്ടായത്. ബി.സി 1900 - ഓടെ നീണ്ടുനിന്ന ഒരു വരൾച്ചയിലൂടെ അന്യംനിന്നു പോയതെന്നു കരുതപെടുന്ന ഹാരപ്പൻ സംസ്‌കൃതിയിലെ ജനവിഭാഗങ്ങൾ കിഴക്കോട്ടും തെക്കോട്ടും വ്യാപിച്ച് ഇന്ത്യയുടെ എല്ലാ ഭാഗത്തേക്കുമെത്തിയതായും ഡി.എൻ.എ.പഠനങ്ങൾ വെളിവാക്കുന്നുണ്ട്.
സി.ഇ. 2000 മുതലുള്ള കാലത്ത് സ്വന്തം വിഭാഗങ്ങളിൽ നിന്നുള്ള വിവാഹം ഏതാണ്ടു നിർബ്ബന്ധിതമായതോടെയാണു ജാതിവ്യവസ്ഥ രൂപം കൊള്ളാനുള്ള സാഹചര്യം ഉണ്ടായത്.
നാലു വ്യത്യസ്ത ഭാഷാസമൂഹങ്ങളെങ്ങനെ ഇവിടെ രൂപം കൊണ്ടു എന്നതിനും ഉത്തരം നൽകുന്നത് ഈ പഠനങ്ങൾ തന്നെ, അദ്ദേഹം പറഞ്ഞു. പ്രഭാഷണം തത്സമയം സാമൂഹിക മാധ്യമങ്ങളിലും സംപ്രേഷണം ചെയ്തു.ബ്രേക്ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പ്രൊഫ.പി.എൻ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ശ്രീകുമാരൻ, പ്രൊഫ.കെ.പി.സജി, മേധസുരേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.