- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധം; കറുത്ത കുപ്പായമണിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; പ്രതിഷേധിച്ചവരെ ആക്രമിച്ച് ഇപി ജയരാജൻ; വൻ സുരക്ഷയിൽ മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തി; സഞ്ചരിച്ച എയർപോർട്ട് മുതൽ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തിൽ
തിരുവനന്തപുരം: കണ്ണൂരിൽനിന്നും മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് മടങ്ങിയെത്തി. തലസ്ഥാനത്തും കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കിയിരുന്നത്. സിറ്റി പൊലീസ് കമ്മിഷണർക്കായിരുന്നു സുരക്ഷയുടെ മേൽനോട്ടം. ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ 380 പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്.
അതേ സമയം മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധം അരങ്ങേറി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഉണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ തുടങ്ങിയവരാണ് പ്രതിഷേധിച്ചത്.
കറുത്ത വസ്ത്രം ധരിച്ചെത്തിയവർ പ്രതിഷേധിച്ചതോടെ പൊലീസ് ഇവരെ ബലമായി കീഴ്പ്പെടുത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർദീൻ മജീദ്, നവീൻകുമാർ എന്നിവരാണ് പ്രതിഷേധിച്ചത്. പ്രതിഷേധിക്കാൻ എഴുന്നേറ്റതോടെ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ അടിച്ചിട്ടെന്ന് ഫർദീൻ മജീദ് പറഞ്ഞു.
പുറത്തിറങ്ങിയാൽ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തി. കണ്ണൂരിൽ നിന്ന് വിമാനത്തിൽ കയറിയിരുന്നുവെങ്കിലും തിരുവനന്തപുരത്ത് വിമാനം ലാൻഡ് ചെയ്തപ്പോൾ മാത്രമാണ് ഞങ്ങൾ എഴുന്നേറ്റത്. യാത്രക്കാരുടെ മുന്നിലിട്ട് ഇ.പി. ജയരാജൻ മർദിച്ചെന്നും ഫർദീൻ ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി. ജയരാജൻ ആക്രമിച്ചെന്ന് കോൺഗ്രസ് നേതാവ് ശബരിനാഥ് ആരോപിച്ചു. വിമാനത്തിനുള്ളിൽ നിന്നുള്ള വീഡിയോ പ്ങ്കുവച്ചാണ് ശബരിനാഥ് ആരോപണം ഉന്നയിച്ചത്.
പ്രതിഷേധക്കാരെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും എന്നാണ് വിവരം. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ, ആർസിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നതുകൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്‌നങ്ങൾ ഇല്ല എന്ന് മനസിലായതുകൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറയുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസും പറയുന്നു.
വിമാനത്താവളത്തിനു മുന്നിലും പ്രതിഷേധം അരങ്ങേറി. യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡു വച്ചു തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിട്ടു. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേ സമയം മുഖ്യമന്ത്രിക്കു പിന്തുണയുമായി നൂറു കണക്കിനു പാർട്ടി പ്രവർത്തകർ വിമാനത്താവളത്തിനു മുന്നിലെത്തിയിരുന്നു.
നഗരത്തിലെ എല്ലാ അസി.കമ്മിഷണർമാരും സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നു. വിമാനത്താവളം മുതൽ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസുവരെ റോഡിന് ഇരുവശത്തും പൊലീസിനെ വിന്യസിച്ചിരുന്നു. പൊലീസ് പട്രോളിങുമുണ്ട്. വിമാനത്താവളത്തിൽനിന്നും മുഖ്യമന്ത്രി പുറത്തേക്കു വരുന്ന വഴിയിൽ ബാരിക്കേഡ് വച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
നാല് ഡിവൈഎസ്‌പിമാരുടെ നേത്യത്വത്തിലാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയിരുന്നത്. വിവിധ ജില്ലകളിലെ മൂന്ന് ദിവസത്തെ പൊതുപരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയത്. സ്വപ്ന സുരേഷ് സ്വർണ കടത്ത് ആരോപണം ഉന്നയിച്ചതിന് പിന്നാലെ വലിയ സുരക്ഷയാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികൾക്കുണ്ടായിരുന്നത്. എന്നാൽ, കനത്ത സുരക്ഷയ്ക്കിടെയിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകളുടെ പ്രവർത്തകർ റോഡുകളിലും വേദികളിലുമെത്തി. കണ്ണൂർ കൊതേരിയിലും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി.
എന്നാൽ, കേരളത്തിൽ ആരുടേയും സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സാഹചര്യം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കറുത്ത വസ്ത്രത്തിനോ മാസ്‌കിനോ ഒരു വിലക്കും ഇല്ലെന്നും പൗരാവകാശം തടയുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഗ്രന്ഥശാലാ പ്രവർത്തകരുടെ സംസ്ഥാന സംഗമത്തിൽ ഓൺലൈനായി സംസാരിക്കവെ പറഞ്ഞു. പൊലീസ് കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് വ്യക്തമാക്കി. കറുത്ത മാസ്‌ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരിൽ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് നേരത്തേ തന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ, മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐ.ജി, റേഞ്ച് ഡി.ഐ.ജി, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരുന്നു. ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡിജിപി വാർത്താക്കുറിപ്പ് ഇറക്കിയത്.
മറുനാടന് മലയാളി ബ്യൂറോ