- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ; രക്തപരിശോധന നടത്താതെ പൊലീസിന്റെ ഒളിച്ചുകളി; ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത് മുഖ്യമന്ത്രിയുടെ പിഎയുടെയും ഗൺമാന്റെയും പരാതിയിൽ; പ്രതിഷേധം തടയുന്നതിനിടെ പരിക്കേറ്റെന്ന് വാദം; ഇരുവരും ചികിത്സ തേടി; കുരുക്ക് മുറുക്കാൻ ഉറച്ച് നീക്കം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ പിഎയുടെയും ഗൺമാന്റെയും പരാതിയിലാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദ്ദീൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ അറസ്റ്റിലായവരുടെ രക്തപരിശോധന പൊലീസ് നടത്തിയില്ല.
തങ്ങൾ മദ്യപിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിന് വൈദ്യപരിശോധന നടത്താൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. മദ്യപിച്ച് പൂസായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമിക്കാനെത്തിയതെന്ന് ഇ.പി.ജയരാജൻ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിക്കു നേരെ നടത്തിയ പ്രതിഷേധം തടയുന്നതിനിടെ അദ്ദേഹത്തിന്റെ ഗൺമാൻ അനിൽ കുമാറിനും പിഎ സുരേഷിനും പരുക്കേറ്റതായി ആരോപണമുണ്ട്. ഇരുവരും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിഷേധക്കാരെ തടയുന്നതിനിടെയാണ് ഇവർക്കു പരുക്കേറ്റതെന്നാണ് പറയുന്നത്. അതേ സമയം വിമാനത്തിലെ പ്രതിഷേധത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നീക്കമാരംഭിച്ചു.
വിമാനം പുറപ്പെടുമ്പോൾ തന്നെ ഇവർ മുഖ്യമന്ത്രിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നെന്നും മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് പരുക്കേറ്റതെന്നും ഗൺമാൻ പൊലീസിനു മൊഴി നൽകി. തള്ളിമാറ്റിയ ശേഷം കൊലപ്പെടുത്തുമെന്ന് ആക്രോശിച്ച് ഇവർ മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തു. മുഖ്യമന്ത്രിയെ അക്രമിക്കാൻ പാഞ്ഞടുത്തപ്പോൾ ഇ.പി.ജയരാജൻ യൂത്ത് കോൺഗ്രസുകാരെ തള്ളിമാറ്റി.
ഇതിനു ശേഷവും പ്രതിഷേധക്കാർ മുഖ്യമന്ത്രിക്കു നേരെ വന്നെന്നും ഇവരെ പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് പരുക്കേറ്റതെന്നുമാണ് സ്റ്റാഫ് അംഗങ്ങളുടെ മൊഴി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തങ്ങളെ ആക്രമിച്ചുവെന്നും ഇവർ ആരോപിക്കുന്നുണ്ട്. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് വിമാനത്തിൽ കയറിയത്. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവർ പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുദ്രാവാക്യം വിളിച്ചു.
മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ എത്തിച്ച ശേഷമാണ് ഇരുവരും ആശുപത്രിയിലെത്തിയത്. വിമാനത്തിനുള്ളിൽ പ്രതിഷേധമുയർത്തി മുഖ്യമന്ത്രിക്കെതിരെ മുദ്രവാക്യം വിളിച്ചവരെ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ തള്ളിമാറ്റുന്ന ദൃശ്യം പുറത്തുവന്നിരുന്നു. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
മുഖ്യമന്ത്രിയുടെ അംഗരക്ഷകരെ കൈയേറ്റം ചെയ്തെന്ന പരാതി കൂടി വരുന്നതോടെ പ്രതിഷേധക്കാർക്കെതിരെ കൂടുതൽ ഗൗരവമുള്ള വകുപ്പകൾ കൂടി പൊലീസ് ചുമത്തും.ഭീകരവാദ പ്രവർത്തനമാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ നടത്തിയതെന്ന് സിപിഎം. ആരോപിക്കുന്നതിനിടെയാണ് ഈ നീക്കങ്ങൾ. ആസൂത്രിതമായ അക്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രിയും പറയുകയുണ്ടായി.
അതിനിടെ, വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ അദ്ധ്യാപകനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനു നിർദ്ദേശം നൽകി.
മുട്ടന്നൂർ എയിഡഡ് യുപി സ്കൂൾ അദ്ധ്യാപകനായ ഫർദ്ദീൻ മജീദിനെതിരെ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ മുദ്രാവാക്യം വിളികളുമായി എത്തിയത്.
അതേസമയം ജനാധിപത്യപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി. ജയരാജന്റെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചിരിക്കുകായണെന്ന ആരോപണവുമായി കെപിസിസി. അധ്യക്ഷൻ കെ. സുധാകരനും രംഗത്തെത്തിയിട്ടുണ്ട്. ജയരാജനോട് പകരം ചോദിക്കുമെന്നും സുധാരൻ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലെ പ്രതിഷേധത്തിൽ വ്യാപക സംഘർഷമാണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നത്. പലയിടങ്ങളിലും കോൺഗ്രസ്-സിപിഎം. പ്രവർത്തകർ ഏറ്റുമുട്ടി. കെപിസിസി. ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായി. ഇരുപാർട്ടികളുടേയും ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. കെപിസിസി. ആസ്ഥാനത്ത് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചൊവ്വാഴ്ച കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ