- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദ്രോഗിയായ ഭർത്താവും രോഗിയായ ഭാര്യയും; കേറി കിടക്കാൻ വീടില്ല; കൂട്ടിനുള്ളത് മരിച്ചു പോയ മകന്റെ കുഞ്ഞു മക്കളും: വീടു നൽകണമെന്ന് ആവശ്യപ്പെട്ട് പട്ടിക്കൂട്ടിൽ കയറി സമരം നടത്തി വീട്ടമ്മ
ഏനാദിമംഗലം: വീടു നൽകണമെന്ന് ആവശ്യപ്പെട്ട് സ്വന്തമായി ആകെയുള്ള പട്ടിക്കൂട്ടിൽ കയറി സമരം നടത്തി വീട്ടമ്മ. പട്ടികജാതിവിഭാഗത്തിൽപ്പെട്ട കുഞ്ഞുമോൾ എന്ന 52-കാരിയാണ് സ്വന്തമായുള്ള പട്ടിക്കൂട് ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൊണ്ടുവന്നിട്ട് കൊച്ചുമക്കളുമായി അതിൽ കയറിയിരുന്ന് വീടിനായി സമരം നടത്തിയത്. ''എനിക്ക് ആകെയുള്ള സമ്പാദ്യമാണ് ഈ പട്ടിക്കൂട്. ഞാൻ ഈ പൊടിക്കുഞ്ഞുങ്ങളെയുംകൊണ്ട് ഇതിനുള്ളിൽ കഴിഞ്ഞാൽ മതിയോ. രോഗബാധിതരായ ഞാനും ഭർത്താവും ഇവരെയുംകൊണ്ട് ഒരു വരുമാനവുമില്ലാതെ എങ്ങനെയാണ് വാടകവീട്ടിൽ കഴിയുക. വീടിനായി പലവട്ടം അപേക്ഷിച്ചെങ്കിലും 12 വർഷമായിട്ടും ലഭിച്ചിട്ടില്ല''- കുഞ്ഞുമോൾ പറയുന്നു.
ശരീരം കാർന്നുതിന്നുന്ന രോഗവേദനയുമായാണ് അൻപതും അഞ്ചും വയസ്സുള്ള കൊച്ചുമക്കളുമായി ഇവർ സമരത്തിനെത്തിയത്. ഇവരുടെ തലച്ചോറിന് ബ്ലോക്കുണ്ട്. മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. നെഞ്ചിൽ വലിയ മുഴയും വേദനയുമുണ്ട്. അതുകൊണ്ട് തന്നെ ജോലിക്കു പോകാൻ കഴിയില്ല. ഭർത്താവ് ഭരതൻ ഹൃദ്രോഗിയാണ്. ഇദ്ദേഹത്തിന് വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയുടെ വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്.
ഏകമകന്റെ മരണമാണ് ഈ കുടുംബത്തെ ഇത്രമേൽ ദുരിതത്തിലാക്കിയത്. മകനായ അനീഷ് ഒക്ടോബർ 24-ന് തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. അനീഷിന്റെ ഭാര്യ തമിഴ്‌നാട് സ്വദേശിനിയായ അശ്വതി അവിടെ ഒരു കട്ടച്ചൂളയിലെ പണിക്കാരിയാണ്. ജോലിയില്ലാത്ത സമയത്ത് കട്ടച്ചൂളയിൽനിന്ന് മുൻകൂറായി പണം വാങ്ങിയതിനാൽ അവരുടെ തിരിച്ചറിയൽ രേഖയുൾപ്പെടെ ചൂളനടത്തിപ്പുകാർ വാങ്ങിവെച്ചിരിക്കുകയാണ്. പണം മടക്കിനൽകാതെ അശ്വതിക്ക് തിരികെ എത്താനും സാധിക്കില്ല. ഇവർക്ക് സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തിനാൽ ഇരുപത് വർഷമായി ഏനാദിമംഗലം, ഏഴംകുളം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായി വാടകയ്ക്ക് താമസിക്കുകയാണ്.
കുട്ടികളുടെ പഠനവും മുടങ്ങിയ അവസ്ഥയിലാണ്. കുഞ്ഞുമോളുടെ കൊച്ചുമക്കളായ ഒൻപത് വയസ്സുള്ള ആദിനാഥും അഞ്ച് വയസ്സുള്ള അശ്വിനിയും കുടുംബത്തിന്റെ ബുദ്ധിമുട്ട് മൂലം സ്‌കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞ രണ്ട് വർഷം അച്ഛനമ്മമാർക്കൊപ്പം തമിഴ്‌നാട്ടിലായിരുന്നതിനാൽ അവിടെയാണ് പഠിച്ചത്. എന്നാൽ, അനീഷിന്റെ മരണശേഷം കുട്ടികളെ ഇവിടെ എത്തിക്കുകയായിരുന്നു. ഇപ്പോൾ താമസിക്കുന്ന വയലായിലെ വീട്ടിൽനിന്ന് സ്‌കൂളിലേക്ക് ഏറെ ദൂരമുണ്ട്.
അതേസമയം, പുതിയ ലൈഫ് പദ്ധതിയുടെ ലിസ്റ്റിൽ കുഞ്ഞുമോൾക്ക് വീട് അനുവദിച്ചിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലൻനായർ പറഞ്ഞു.