നോർത്തേൺ അയർലൻഡുമായി ബന്ധപ്പെട്ട ബ്രെക്സിറ്റ് നിയമങ്ങൾ പൊളിച്ചെഴുതുന്ന പുതിയ നിയമം ഇന്നലെ പ്രസിദ്ധപ്പെടുത്തിയതോടെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ നേർക്കുനേർ പോരാട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ബ്രെക്സിറ്റിന്റെ ഭാഗമായ നോർത്തെൺ അയർലൻഡ് പ്രോട്ടോക്കോളിന്റെ മിക്ക ഭാഗങ്ങളേയും നിരാകരിക്കുന്നതാണ് ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബിൽ. ബ്രിട്ടീഷ് മെയിൻ ലാൻഡിൽ നിന്നും പരിശോധനകളില്ലാത്ത ഒരു ഗ്രീൻ ചാനൽ, അതുപോലെ യൂറോപ്യൻ കോടതിയുടെ അധികാരം എടുത്തു കളയുക തുടങ്ങിയ കാര്യങ്ങളാണ് ഈ ബില്ലിലുള്ളത്.

ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വെസ്റ്റ്മിനിസ്റ്ററിൽ നിന്നും വാറ്റിൽ വരുത്തുന്ന മാറ്റങ്ങൾ നോർത്തേൺ അയർലൻഡിനും ബാധകമാവും. എന്നാൽ, പ്രവിശ്യക്ക് ആവശ്യമെങ്കിൽ സ്വന്തമ്നിലയിൽ സബ്സിഡികൾ നൽകാനുള്ള അധികാരമുണ്ടായിരിക്കും. ഈ പുതിയ നിയമം ഒരു കാരണവശാലും അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നതല്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കരാറുകൾ നിരാകരിക്കുക എന്നത് സ്വാഭാവികം മാത്രമാണെന്നും അവർ പറയുന്നു.

ഗുഡ് ഫ്രൈഡെ കരാർ സംരക്ഷിക്കുനന്നതിനായി കൂടുതൽ പ്രായോഗികമായ ഒരു വഴി കണ്ടെത്താനാണ് താൻ ശ്രമിക്കുന്നതെന്നും, യൂറോപ്യൻ യൂണീയനുമായി ഒരു ഏറ്റുമുട്ടലിന് താത്പര്യമില്ലെന്നും ഫോറിൻ സെക്രട്ടറിലിസ് ട്രസ്സ് പറഞ്ഞു. എന്നാൽ, കരാറിൽ വരുത്തുന്ന ഈ ഭേദഗതി ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് യൂറോപ്യൻ യൂണീയൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, യൂറോപ്യൻ യൂണിയനുമായി ഒരു ചർച്ചക്ക് തയ്യാറാണ് എന്നാണ് ലിസ് ട്രസ്സ് പറയുന്നത്.

ബിൽ പാർലമെന്റിൽ അവതരിപ്പിച്ച ഉടൻ തന്നെ യൂറോപ്യൻ യൂണിയൻ പറഞ്ഞത് കരാറിൽ ഉഭയസമ്മത പ്രകാരമല്ലാതെ മാറ്റങ്ങൾ വരുത്തിയാൽ ബ്രിട്ടനെതിരെ നിയമനടപടികൾ സ്വീകരിക്കും എന്നാണ്. പ്രോട്ടോക്കോളിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ ബിൽ തത്ക്കാലത്തെക്ക് മരവിപ്പിച്ചിരിക്കുകയായിരുന്നു. ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണിയനും ബ്രിട്ടനുമായുള്ള വ്യാപാര കരാറുകൾക്കുള്ള ഒരു ഉപാധികൂടിയായിരുന്നു നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ എന്നാണ് യൂറോപ്പ്യൻ യൂണിയൻ വാദിക്കുന്നത്.

ഈ ബില്ലിനൊപ്പം, ഇത് എന്തുകൊണ്ട് അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നില്ല എന്ന് വ്യക്തമാക്കുന്ന 10 പേജ് വരുന്ന ഒരു ലീഗൽ സ്റ്റേറ്റ്മെന്റ് കൂടി സർക്കാർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ ബില്ല് പാസ്സായാൽ നിയമയുദ്ധത്തിനു പുറമെ ഒരു വാണിജ്യ യുദ്ധം കൂടി ബ്രിട്ടനും യൂറോപ്യൻ യൂണീയനും ഇടയിൽ ഉണ്ടാകുമെന്നാണ് ചില നിരീക്ഷകർ വിലയിരുത്തുന്നത്.

എന്നാൽ, ഈ ബിൽ നിയമമാകാൻ ഏറെ കാലതാമസം എടുക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ജനപ്രതിനിധി സഭയിൽ വരുന്ന വേനലിനും മുൻപായി ഈ ബിൽ പാസ്സാക്കിയെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ പ്രഭു സഭയിൽ ഇതിന് കടുത്ത എതിർപ്പ് നേരിടേണ്ടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഭു സഭ ഈ ബില്ലിനെ പൂർണ്ണമായും തടഞ്ഞാൽ പിന്നെ സർക്കാരിനു മുൻപിലുള്ള ഒരേയൊരു വഴി പാർലമെന്റ് ആക്ട് ഉപയോഗിച്ച് എം പി മാരുടെ മേൽക്കൈ ഉപയോഗിക്കാം എന്നതാണ്. എന്നാൽ അത് ചെയ്യണമെങ്കിൽ ബിൽ പൂർണ്ണമായും തള്ളി ഒരു വർഷമെങ്കിലും കഴിയണം.