- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനമായി കാറും കൂടുതൽ സ്വർണാഭരണങ്ങളും ആവശ്യപ്പെട്ട് തർക്കം; ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി: ഭർത്താവ് അറസ്റ്റിൽ
സേലം: ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. സേലം മുല്ലൈ നഗർ സ്വദേശിനി ധനശ്രീ (26)യുടെ കൊലപാതകത്തിൽഭർത്താവ് തമിഴ്‌നാട് സേലം റെഡ്ഡിപ്പെട്ടി സ്വദേശി പി. കീർത്തിരാജി(31)നെയാണ് സുരമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് കീർത്തിരാജ് ധനശ്രീയെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നുവർഷം മുമ്പാണ് കീർത്തിരാജും ധനശ്രീയും വിവാഹിതരായത്.
അടുത്തിടെയാണ് വീടുവെച്ച് ഇരുവരും കുടുംബ വീട്ടിൽ നിന്നും മാറി താമസിച്ചത്. ഇതിനു ശേഷം ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്ക് പതിവായിരുന്നു. പത്തുദിവസം മുമ്പ് ഭർത്താവുമായി വഴക്കുണ്ടായതിനെത്തുടർന്ന് ധനുശ്രീ സ്വന്തം വീട്ടിലേക്ക് പോയി. ശനിയാഴ്ച രാത്രി കീർത്തിരാജ് ഭാര്യയുടെ വീട്ടിലെത്തി അനുനയിപ്പിക്കുകയും ഭാര്യയെ തിരികെ കൂട്ടിക്കൊണ്ടുവരികയും ചെയ്തു. തുടർന്ന് ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടാവുകയും കീർത്തിരാജ് ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു.
വാക്കു തർക്കത്തിനിടയിൽ കലിമൂത്ത കീർത്തിരാജ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് ധനശ്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സംഭവം ആത്മഹത്യയായി ചിത്രീകരിക്കാനും ശ്രമിച്ചു. ഇതിനായി കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൃതദേഹം വീട്ടിനുള്ളിൽ കെട്ടിത്തൂക്കുകയായിരുന്നു. ഇതിനുശേഷം ധനുശ്രീയുടെ മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും വിവരമറിയിച്ചു. ഭാര്യയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയെന്നായിരുന്നു പ്രതി ആദ്യം എല്ലാവരോടും പറഞ്ഞത്.
എന്നാൽ ധനശ്രീയുടെ തലയിൽ മുറിവുകൾ കണ്ടത് ഭാര്യവീട്ടുകാരിൽ സംശയമുണർത്തി. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുമുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, സ്ത്രീധനത്തെച്ചൊല്ലിയാണ് കീർത്തിരാജ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ചില പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് ദമ്പതിമാർ മറ്റൊരു വീട്ടിലേക്ക് താമസം മാറിയത്. ഇതിനുപിന്നാലെ കീർത്തിരാജ് ഭാര്യവീട്ടുകാരിൽനിന്ന് കാറും കൂടുതൽ സ്വർണവും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഭാര്യവീട്ടുകാർ കാർ നൽകാത്തതിനെച്ചൊല്ലി തർക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രാദേശികമാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ