- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോണിനെതിരെ രാഷ്ട്രീയ കിസാൻ മഹാസംഘ് സെക്രട്ടറിയേറ്റ് ഉപവാസം ജൂൺ 18ന്
തിരുവനന്തപുരം: കർഷകരുൾപ്പെടെ മലയോരജനതയുടെ ജീവിതത്തിന് വെല്ലുവിളിയുയർത്തുന്ന ബഫർസോണിനെതിരെ കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് കർഷകപ്രക്ഷോഭം ശക്തിപ്പെടുത്തുന്നു.
രാജ്യത്തെ വന്യമൃഗ സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെയായതിനാൽ വിധിക്കെതിരെ സംസ്ഥാന ഗവൺമെന്റ് റിവിഷൻ ഹർജി നൽകുന്നതിനോടൊപ്പം ബഫർ സോൺ വനത്തിനും വന്യജീവിസങ്കേതത്തിനുമുള്ളിലായി നിജപ്പെടുത്തണമെന്നും പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനാവശ്യമായ അടിയന്തിര നടപടികളാവശ്യപ്പെട്ടും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ഭാരവാഹികൾ ജൂൺ 18 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ സെക്രട്ടറിയേറ്റിനു മുൻപിൽ ഉപവസിക്കും. തുടർന്ന് സർക്കാരിന് കർഷകനിവേദനം കൈമാറും.
കർഷകഉപവാസം രാഷ്ട്രീയ കിസാൻ മഹാസംഘ് ദക്ഷിണേന്ത്യൻ കൺവീനർ അഡ്വ. വി സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കും. ഫാ. മാത്തുക്കുട്ടി മൂന്നാറ്റിന്മുഖം മുഖ്യപ്രഭാഷണവും ജനറൽ കൺവീനർ ഡോ.ജോസുകുട്ടി ഒഴുകയിൽ വിഷയാവതരണവും നടത്തും. ഉപവാസ സമാപന സമ്മേളനം ദേശീയ കോർഡിനേറ്റർ കെ.വി.ബിജു ഉദ്ഘാടനം ചെയ്യും.
ബഫർ സോൺ വിഷയത്തിൽ ജനാഭിപ്രായം രൂപീകരിക്കുന്നതിനും എല്ലാ കർഷകപ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുന്നതിനുമായി രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാനത്തുടനീളം കർഷക കൺവെൻഷനുകൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത് തുടരുന്നതും ജൂലൈ 1 മുതൽ 23 കേന്ദ്രങ്ങളിൽ കർഷകമാർച്ച് നടക്കുന്നതുമാണ്.
ദേശീയതലത്തിൽ പ്രശ്നസങ്കീർണ്ണമായ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്നബാധിതപ്രദേശങ്ങളിലെ കർഷകസംഘടനകളുമായി ചേർന്നുള്ള പ്രക്ഷോഭപരിപാടികൾക്ക് രാഷ്ട്രീയ കിസാൻ മഹാസംഘ് ആരംഭം കുറിച്ചിട്ടുണ്ട്.