ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിന്റെ പൊളിക്കൽ നടപടിക്കെതിരായ ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. പൊളിക്കൽ നടപടികളിൽ നിയമം പാലിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിക്കണമെന്നും നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി പരിഗണിക്കുന്നത്. മുസ്ലിം സംഘടനയായ ജാമിയത്ത് ഉലമ ഹിന്ദ് ആണ് ഹർജി സമർപ്പിച്ചത്.

നിയമവിരുദ്ധമെന്ന് കരുതുന്ന കെട്ടിടങ്ങൾ അടുത്തിടെ ഉത്തർപ്രദേശ് സർക്കാർ പൊളിച്ചുനീക്കിയിരുന്നു. വെൽഫെയർ പാർട്ടി നേതാവായ ജാവേദ് മുഹമ്മദിന്റെ വീടും പൊളിച്ച കെട്ടിടങ്ങളിൽ ഉൾപ്പെടുന്നുണ്ട്. പ്രയാഗ് രാജ് ജില്ല വികസന വിഭാഗത്തിന്റെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് ജാവേദ് മുഹമ്മദിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുപൊളിച്ചത്. അനധികൃതമായാണ് കെട്ടിടം നിർമ്മിച്ചത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം.

ഇത് സംബന്ധിച്ച് നേരത്തെ ജാവേദിന്റെ കുടുംബത്തിന് നോട്ടീസ് നൽകിയിരുന്നു, എന്നാൽ ജാവേദിന്ഡറെ കുടുംബത്തിൽ നിന്നാരും കോടതിയിൽ കേസിന് ഹാജരായില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം ബുൾഡോസർ നടപടിക്ക് തലേദിവസം മാത്രമാണ് തങ്ങൾക്ക് നോട്ടീസ് ലഭിച്ചതെന്നാണ് ജാവേദിന്റെ കുടുംബം പറയുന്നത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരം നടപടികൾ സ്വീകരിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.

യുപിയിലെ ബുൾഡോസർ സുപ്രീം കോടതി ഇടപെടേണ്ട സമയം അതിക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുൻജഡ്ജിമാർ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. മുസ്ലിം പൗരന്മാർക്ക് നേരെയുള്ള അതിക്രമമെന്നാണ് സംഭവത്തെ അവർ വിശേഷിപ്പിച്ചത്.

സുപ്രീം കോടതി മുൻ ജഡ്ജിമാരായ സുദർശൻ റെഡ്ഡി, വി. ഗോപാല ഗൗഡ, എ.കെ. ഗാംഗുലി എന്നിവർക്ക് പുറമേ മൂന്ന് ഹൈക്കോടതി ജഡ്ജിമാരും ആറ് അഭിഭാഷകരും ചേർന്നാണ് കത്തയച്ചത്. പ്രവാചകനെതിരായ പരാമർശത്തിൽ മുൻ ബിജെപി വക്താവ് നൂപുർ ശർമ, നവീൻ ജിണ്ടാൽ എന്നിവർക്കെതിരെ പ്രക്ഷോഭം നടന്നിരുന്നു. ഈ സംഭവത്തിൽ പ്രതി ചേർത്ത ശേഷം ജാവേദ് അഹമ്മദ് എന്നയാളുടെ വീടാണ് പ്രയാഗ് രാജിൽ ജില്ലാവികസന അഥോറിറ്റിയും പൊലീസും ചേർന്ന് അനധികൃത നിർമ്മാണം ആരോപിച്ച് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് തകർത്തതെന്നാണ് പറയുന്നത്.