- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് വിദേശത്തെത്തിക്കും; അവിടെ എത്തുന്ന യുവതികളെ 9.50 ലക്ഷം രൂപയ്ക്ക് വിൽക്കും: അടിമവേല ചെയ്യാൻ എതിർപ്പു കാണിക്കുന്ന യുവതികളെ സിറിയയിലേക്കു കടത്തി ഐഎസിനു വിൽക്കുന്നതായും റിപ്പോർട്ട്: തലവൻ കണ്ണൂർ സ്വദേശി മജീദ്
കൊച്ചി: മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തെത്തിച്ച ശേഷം അടിമകളാക്കി വിൽക്കുന്നതായി റിപ്പോർട്ട്. അടിമവേല ചെയ്യാൻ എതിർപ്പു കാണിക്കുന്ന യുവതികളെ സിറിയയിലേക്കു കടത്തി ഐഎസിനു വിൽക്കുന്നതായും സൂചന. എറണാകുളം രവിപുരത്തെ സ്വകാര്യ തൊഴിൽ റിക്രൂട്‌മെന്റ് സ്ഥാപനം വഴി കുവൈത്തിലെത്തിയ മാവേലിക്കര സ്വദേശിനിയെ മനുഷ്യക്കടത്ത് റാക്കറ്റ് സിറിയയിലേക്കു കടത്തിയെന്ന സംശയം ബലപ്പെടുകയാണ്. ഈ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യക്കച്ചവടം ബലപ്പെടുന്നത്.
രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചിമകൊച്ചി സ്വദേശിനിക്കൊപ്പം കുവൈത്തിലുണ്ടായിരുന്ന ഹിന്ദി സംസാരിക്കുന്ന യുവതിയെയും പ്രതികൾ സിറിയയിലേക്കു കടത്തിയതായി പരാതിയുണ്ട്. വിദേശത്ത് കുട്ടികളെ പരിചരിക്കാൻ മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് സംഘം സ്ത്രീകളെ വലയിലാക്കുന്നതും വിദേശത്തെത്തിക്കുന്നതും. അവിടെ എത്തുന്നതിന് പിനനാലെ യുവതികളെ ഒമ്പതര ലക്ഷം രൂപയ്ക്ക് വിൽക്കും. അടിമവേല ചെയ്യാൻ എതിർപ്പു കാണിക്കുന്ന യുവതികളെ സിറിയയിലേക്കു കടത്തി ഐഎസിനു വിൽക്കുകയും ചെയ്യും.
കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദാണു (ഗസ്സലി) അടിമക്കച്ചവട റാക്കറ്റിന്റെ തലവനെന്നാണ് റിപ്പോർട്ട്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. യുവതികളെ 9.50 ലക്ഷം രൂപയ്ക്കാണു ഇവർ വിൽപന നടത്തുന്നതെന്നു രക്ഷപ്പെട്ടെത്തിയ യുവതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. മജീദിന്റെ ഐഎസ് ബന്ധം സംബന്ധിച്ച വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ശേഖരിക്കുന്നുണ്ട്. സാധാരണ നടക്കുന്ന മനുഷ്യക്കടത്തല്ല, അടിമക്കച്ചവടം തന്നെയാണു പ്രതികൾ വിദേശത്തു ചെയ്യുന്നതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരുടെ കെണിയിൽ അകപ്പെട്ടു രക്ഷപ്പെട്ടു തിരികെയെത്തിയ യുവതിയിൽ നിന്നു കേന്ദ്ര ഏജൻസികൾ കൂടുതൽ വിവരം ശേഖരിക്കും. യുവതിയുടെ പരാതി പൊലീസിനു ലഭിച്ചിട്ടും വിവരം ദേശീയ അന്വേഷണ ഏജൻസിക്കു ലഭിക്കാനുണ്ടായ കാലതാമസം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മെയ് 18നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷവും ഒരു തവണ മജീദ് എറണാകുളത്ത് എത്തിയതായും രണ്ടു ദിവസത്തിനു ശേഷം കുവൈത്തിലേക്കു മടങ്ങിയതായും സൂചനയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ