- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ: സാമൂഹിക ആഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം; അനുമതി ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ; സർവേ നടപടികളിലും അവ്യക്തത; കേന്ദ്രം കൃത്യം ഉത്തരം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനത്തിന് കേന്ദ്ര സർക്കാർ അനുകൂലമായിരുന്നോ എന്നതിൽ വ്യക്തത തേടി ഹൈക്കോടതി. സാമൂഹിക ആഘാത പഠനത്തിൽ കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ പങ്കെന്താണെന്ന് കോടതി ആരാഞ്ഞു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് നിർദ്ദേശം. സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനായി (എസ്‌ഐഎ) കെറെയിൽ എന്നെഴുതിയ കുറ്റികൾ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദ്യം ഉയർത്തിയത്.
എതിർപ്പുള്ള സ്ഥലങ്ങളിൽ സർവേ കല്ലുകൾ ഒഴിവാക്കിയെന്നും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കാൻ ഉത്തരവിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ നേരത്തേ അറിയിച്ചിരുന്നു. തുടർന്ന് ഹർജിയിൽ ഉടനീളം കോടതി നടത്തിയ ശ്രമങ്ങൾക്ക്, നിർദേശമില്ലാതെ തന്നെ ഫലം കാണുന്നെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും മെയ് 24 ന് ഉത്തരവിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ജൂൺ 9 ന് ഹർജി പരിഗണിച്ചപ്പോഴാണു കെആർഡിസിഎലിന്റെ പങ്കിനെക്കുറിച്ച് കോടതി ആരാഞ്ഞത്.
കെറെയിൽ എന്നെഴുതിയ കുറ്റികൾ സ്ഥാപിക്കുന്നതിനു നിയമപ്രകാരം അനുമതിയുണ്ടെന്ന് ആദ്യം വാദിച്ച സർക്കാർ എന്നാൽ പിന്നീട് ജിയോ ടാഗിങ് വഴി സർവേ നടത്തുമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. കേന്ദ്രസർക്കാരുമായി ആലോചിച്ച് നിയമാനുസൃതമുള്ള നടപടികളും ആവശ്യങ്ങളും പൂർത്തിയാക്കുന്നതുവരെ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകില്ലെന്നാണു ഡിവിഷൻ ബെഞ്ചിൽ അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചത്. സിൽവർ ലൈൻ പദ്ധതി മാഹിയിലൂടെ കടന്നുപോകുന്നതിനാൽ കേന്ദ്രസർക്കാരിനാണ് നടപടികൾക്കുള്ള അധികാരമെന്ന വാദവും ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. പദ്ധതിക്ക് പുതുച്ചേരിയുടെ കീഴിലുള്ള ഭൂമി വേണ്ടെന്ന് അഡ്വക്കറ്റ് ജനറൽ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്.
സിൽവർലൈൻ പദ്ധതിക്കായുള്ള എസ്‌ഐഎ അംഗീകരിക്കുന്നില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. എന്നാൽ ഞങ്ങൾ ഇതിനു പിന്തുണ നൽകുന്നു. പിന്തുണ നൽകേണ്ടെന്നു കേന്ദ്രസർക്കാർ നിർദേശിച്ചിട്ടില്ലെന്നാണു കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) അറിയിച്ചത്. എന്നാൽ കെആർഡിസിഎൽ പിന്തുണയ്ക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സംയുക്ത സംരംഭമാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉത്തരം നൽകണം.
റെയിൽവേയും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാർ നടത്തുന്ന സാമൂഹിക ആഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ലെന്നു ജൂൺ രണ്ടിനു നൽകിയ വിശദീകരണ പത്രികയിൽ കേന്ദ്രസർക്കാർ അസന്ദിഗ്ധമായി പറഞ്ഞിട്ടും, ലഭ്യമായ രേഖകളിൽനിന്ന് കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) പഠനത്തിനു സജീവമായി സഹായിക്കുന്നതായിട്ടാണു കാണിക്കുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കേന്ദ്ര കേരള സർക്കാരുകളുടെ സംയുക്ത സംരംഭമാണു കെആർഡിസിഎൽ. സാമൂഹിക ആഘാത പഠനത്തിന് (എസ്‌ഐഎ) അനുമതിയോ സമ്മതമോ നൽകിയിട്ടില്ലെന്നു കേന്ദ്രസർക്കാർ പറയുമ്പോൾ എസ്‌ഐഎയിൽ പങ്കെടുക്കരുതെന്നു കേന്ദ്രസർക്കാർ കെആർഡിസിഎലിനു നിർദ്ദേശം നൽകിയിട്ടുണ്ടോയെന്നു വെളിപ്പെടുത്തണം. എന്നാൽ ഇക്കാര്യം സംബന്ധിച്ച് കേന്ദ്രസർക്കാർ വാദങ്ങളിൽ നിശബ്ദത പ്രകടമാണ്. എസ്‌ഐഎ നടത്തുന്നതിനു കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും കേരളസർക്കാരിനാണ് അധികാരമെന്നും ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച നിയമത്തിന്റെ നാലാം വകുപ്പ് ചൂണ്ടിക്കാട്ടി കേരള സർക്കാരിന്റെ അഭിഭാഷകൻ ടി.ബി.ഹൂദ് അറിയിച്ചിരുന്നു.
ഈ ഘട്ടത്തിൽ, സംസ്ഥാന സർക്കാർ നടത്തുന്ന എസ്‌ഐഎയ്ക്കു കോടതി എതിരല്ലെന്നു കൃത്യമായി വ്യക്തമാക്കുകയാണെന്നു കോടതി പറഞ്ഞു. ഇതിനിടെ, കെആർഡിസിഎൽ സ്‌പെഷൽ ഓഫിസർ വലിയ കല്ലുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ചു സർവേ ഡയറക്ടർക്കു നൽകിയ അപേക്ഷ സംബന്ധിച്ചു വിവരങ്ങൾ നൽകുമെന്ന് കെആർഡിസിഎല്ലിന്റെ അഭിഭാഷകൻ ദിനേശ് റാവു അറിയിച്ചു. തുടർന്ന് വിധി പറയാനായി ഹർജികൾ 30ലേക്ക് മാറ്റി.
കോടതി അവിശ്വസനീയമെന്നു നേരത്തേ വിശേഷിപ്പിച്ച സർവേ ഡയറക്ടറുടെ ഉത്തരവ് സംബന്ധിച്ച് കോടതി ആരാഞ്ഞിരുന്നു. ഇക്കാര്യത്തിൽ രേഖകൾ നൽകുമെന്നാണ് അറിയിച്ചത്. മെയ് 24ലെ ഉത്തരവിൽ കോടതി കൃത്യമായി ഇക്കാര്യം പറഞ്ഞിരുന്നു. കേരള സർവേ ആൻഡ് ബൗണ്ടറീസ് ചട്ടത്തിന്റെ വ്യവസ്ഥ പ്രകാരം സർവേ നടത്തണമെന്നും ചട്ടപ്രകാരമുള്ള സർവേ അടയാളങ്ങൾ മാത്രമാണു സ്ഥാപിക്കേണ്ടതെന്നും അതിൽ കൂടുതൽ വലുപ്പമുള്ളവ സ്ഥാപിക്കരുതെന്നും ഹൈക്കോടതി ഡിസംബർ 23 ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഇടക്കാല ഉത്തരവ് അങ്ങനെയാണെങ്കിലും വലിയ സർവേ കല്ലുകൾ സ്ഥാപിക്കാൻ അനുമതി നൽകി സർവേ ഡയറക്ടർ ഫെബ്രുവരി രണ്ടിനു കത്ത് നൽകിയെന്നു കെആർഡിസിഎൽ സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചു.
ഇടക്കാല ഉത്തരവ് നിലനിൽക്കെ, കോടതിയുടെ വിലക്കുണ്ടെന്ന് പൂർണ അറിവുണ്ടായിട്ടും കോടതിയുടെ അനുമതി തേടാതെ, കെആർഡിസിഎല്ലിന്റെ ജനുവരി 29ലെ കത്തിന്റെ അടിസ്ഥാനത്തിൽ സർവേ ഡയറക്ടർ വലിയ കല്ലുകൾ സ്ഥാപിക്കാൻ അനുമതി നൽകിയ ഉത്തരവ് പ്രഥമ ദൃഷ്ട്യാ അനുചിതമാണെന്നു കോടതി പറഞ്ഞു.
സർവേ ഡയറക്ടർ ഉത്തരവ് ഇട്ടത് എന്തുകൊണ്ട്, ഏതു രീതിയിൽ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ച് സത്യവാങ്മൂലം നൽകണമെന്നും നിർദേശിച്ചു. സർവേ നടപടികൾ എന്നാണ് ആരംഭിച്ചതെന്നും മുന്നോട്ടുപോയ സമയക്രമവും അറിയിക്കണമെന്നും കോടതി മെയ് 24ലെ ഉത്തരവിൽ നിർദേശിച്ചു. കോടതി ഉത്തരവിനെ മറികടക്കാനാണു ശ്രമിച്ചതെന്നാണു പ്രഥമദൃഷ്ട്യാ മനസ്സിലാക്കുന്നതെന്നും അല്ലായിരുന്നെങ്കിൽ സർവേ ഡയറക്ടറെ സമീപിക്കുന്നതിനു മുൻപ് കെആർഡിസിഎൽ വ്യക്തത തേടിയോ അനുമതി തേടിയോ കോടതിയെ സമീപിക്കുമായിരുന്നെന്നും ഹൈക്കോടതി ജൂൺ 9ലെ ഉത്തരവിൽ അഭിപ്രായപ്പെട്ടിരുന്നു.