- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാർട്ട്അപ്പ് ലോകത്തെ സാധ്യതകളും വിശേഷങ്ങളും പങ്കുവെച്ച് കെഎസ്എൻ ഗ്ലോബൽ സൊസൈറ്റി സ്റ്റാർട്ട്അപ്പ് കോൺക്ലേവ്
കളമശ്ശേരി: കെഎസ്എൻ ഗ്ലോബൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരള സ്റ്റാർട്ട്അപ്പ് മിഷന്റെ പങ്കാളിത്തത്തോടെ വെള്ളി, ശനി (ജൂൺ 10, 11) ദിവസങ്ങളിലായി സംഘടിപ്പിച്ച സ്റ്റാർട്ട്അപ്പ് കോൺക്ലേവ് 2022 ശ്രദ്ധേയമായി. സംസ്ഥാനത്തിനകത്തെയും പുറത്തെയും സ്റ്റാർട്ട്അപ്പ് രംഗത്തെ സാധ്യതകളും വിശേഷങ്ങളുമായി കൊച്ചി സ്റ്റാർട്ട്അപ്പ് മിഷനിലാണ് കോൺക്ലേവ് അരങ്ങേറിയത്. സ്റ്റാർട്ട് ഐഡിയ രൂപീകരണം, നിക്ഷേപം, സ്‌കെയിൽഅപ്പ് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്ത സംഗമത്തിൽ സംരംഭകർക്ക് വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവുമുണ്ടായിരുന്നു.
സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഉയരങ്ങളിലേക്കെത്തിക്കാൻ സ്റ്റാർട്ട്അപ്പ് ലോകവും സർക്കാരും ഒരുമിച്ച് മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു. മോശം കാര്യങ്ങളെ മാത്രം ഉയർത്തിക്കാട്ടുന്ന മനോഭാവമുണ്ട്. അത് മാറ്റണം. കേരളത്തിൽ ഒരുപാട് ഗുണകരമായ കാര്യങ്ങളുണ്ടെങ്കിലും മാധ്യമങ്ങളും മറ്റും അത് ചൂണ്ടിക്കാട്ടുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ 17000 എംഎസ്എംഇകളാണ് സംസ്ഥാനത്ത് പുതുതായി രജിസ്റ്റർ ചെയ്തത്. നിലവിൽ ഒരു ലക്ഷത്തിലധികം എംഎസ്എംഇകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കായി എംബിഎ ഉദ്യോഗാർഥികളടക്കമുള്ള ആയിരത്തിലധികം പ്രൊഫഷണലുകളെ നിയമിച്ചിട്ടുണ്ട്. കൂടാതെ, സ്റ്റാർട്ട്അപ്പ് കമ്യൂണിറ്റിയുമായി സംവദിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്നും ഉടൻതന്നെ അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്എൻ ഗ്ലോബൽ സൊസൈറ്റിയുടെ വെബ്സൈറ്റിന്റെ ലോഞ്ചിംഗും മന്ത്രി നിർവഹിച്ചു. വി ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഫെഡറൽ ബാങ്ക് ചെയർമാൻ സി ബാലഗോപാൽ എന്നിവർ വിശിഷ്ടാതിഥികളായി. തങ്ങളുടെ വിജയകഥകളും അനുഭവങ്ങളും ഇരുവരും സംരംഭകരുമായി പങ്കുവച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന സംഗമത്തിൽ ശരത് വി രാജ്, അഫ്‌സൽ അബു, ഡെബ്ലീന മജുംദാർ, കെപി രവീന്ദ്രൻ, വരുൺ അഘനൂർ, മധു വാസന്തി, എസ്ആർ നായർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. പുതുതായി സ്റ്റാർട്ട്അപ്പ് രംഗത്തേക്ക് കടന്നുവരുന്നവർക്കുള്ള മാർഗനിർദേശങ്ങൾ നൽകുന്നതോടൊപ്പം അവർക്ക് വിദഗ്ധരോട് വേദി കൂടിയായിരുന്നു കോൺക്ലേവ്. 10000 സ്റ്റാർട്ട്അപ്പ്‌സ്, ടൈ കേരള, കെഐഇഡി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റാർട്ട്അപ്പ് കോൺക്ലേവ് 2022 അരങ്ങേറിയത്.
2020 ൽ സ്റ്റാർട്ട്അപ്പ് മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്തവരുടെ കൂട്ടായ്മയാണ് കെഎസ്എൻ ഗ്ലോബൽ സൊസൈറ്റി. ആദ്യകാലത്ത് കേരള സ്റ്റാർട്ട്അപ്പ നെറ്റ്‌വർക്ക് എന്ന പേരിലായിരുന്ന ഈ കൂട്ടായ്മ പിന്നീട് ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് കെഎസ്എൻ ഗ്ലോബൽ സൊസൈറ്റി എന്ന പേരിലാണ് പ്രവർത്തിച്ചുവരുന്നത്. അനിൽ ബാലൻ പ്രസിഡന്റായും ബിനു മാത്യു ട്രഷററായും ജയൻ ജോസഫ് സെക്രട്ടറിയായും സുനിൽ ഹരിദാസ് കൺവീനറായുമുള്ള 25 അംഗ കമ്മിറ്റിയാണ് ഈ കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ്റ്റാർട്ട്അപ്പുകൾക്ക് അനുയോജ്യമായ സാഹചര്യമൊരുക്കുക, സംരംഭകരെ പിന്തുണക്കുക, ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുക, മാർഗ നിർദേശങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി കെഎസ്എൻ ഗ്ലോബൽ സൊസൈറ്റി, ദ സ്റ്റാർട്ട്അപ്പ് ബോർഡുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചു.