- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈംബ്രാഞ്ച് ഈ കേസിലെ അന്വേഷണ ഏജൻസിയല്ല; രഹസ്യമൊഴി കിട്ടാൻ ക്രൈംബ്രാഞ്ചിന് നിയമപരമായ എന്ത് അവകാശം; അന്വേഷണം പൂർത്തിയാകാതെ സ്വപ്നയുടെ രഹസ്യമൊഴി ആർക്കും നൽകാനാവില്ലെന്ന് കോടതി
കൊച്ചി: സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
സ്വപ്ന സുരേഷ് നൽകിയ 164 മൊഴിയുടെ പകർപ്പ് അന്വേഷണം പൂർത്തിയാകാതെ ആർക്കും നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മൊഴി പകർപ്പ് അന്വേഷണ ഏജൻസിക്ക് നൽകിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനെ ഈ കേസിലെ അന്വേഷണ ഏജൻസിയായി കാണാനാകില്ലെന്നും കോടതി അറിയിച്ചു.
രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ നിരീക്ഷണം നടത്തിയത്. ക്രൈംബ്രാഞ്ചിന്റെ അപേക്ഷ ഉത്തരവിനായി കോടതി മാറ്റിവെച്ചു.
മുഖ്യമന്ത്രിക്കെതിരായ സ്വപ്നയും പി.സി.ജോർജും ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണത്തിനു മൊഴിയുടെ പകർപ്പ് ആവശ്യമുണ്ടെന്നു ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചു.
അതേസമയം മൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിനു നൽകരുതെന്ന ആവശ്യവുമായി സ്വപ്ന സുരേഷിന്റെ അഭിഭാഷകനും കോടതിയെ സമീപിച്ചു. ക്രൈം ബ്രാഞ്ച് ആവശ്യം ചോദ്യം ചെയ്ത് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ കൃഷ്ണരാജ് കോടതിയിൽ വാദിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് ക്രൈം ബ്രാഞ്ചിന് നൽകരുതെന്നും ക്രൈം ബ്രാഞ്ചിന് എന്തിനാണ് ഈ രഹസ്യമൊഴിയെന്നും അദ്ദേഹം ചോദിച്ചു. എന്താണ് ആവശ്യമെന്ന് കോടതിയും ക്രൈം ബ്രാഞ്ചിനോട് ചോദിച്ചിരുന്നു. സ്വപ്നയുടെ സത്യവാങ്മൂലം എങ്ങനെ പുറത്തായെന്ന് അന്വേഷിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
ഗൂഢാലോചന കേസിന്റെ അന്വേഷണത്തിനായി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെയും സത്യവാങ്മൂലത്തിന്റെയും പകർപ്പ് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ രഹസ്യമൊഴിയുടെ പകർപ്പ് ലഭിക്കാൻ ക്രൈംബ്രാഞ്ചിന് നിയമപരമായ എന്ത് അവകാശമാണുള്ളതെന്ന് കോടതിയുടെ ചോദിച്ചു.
സ്വപ്ന രഹസ്യമൊഴി നൽകിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണത്തിന് മൊഴി പകർപ്പ് അനിവാര്യമാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ക്രൈംബ്രാഞ്ച് അപേക്ഷയ്ക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും രഹസ്യമൊഴി എങ്ങനെയെങ്കിലും വാങ്ങിയെടുക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചു.
ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിലാണ് രഹസ്യമൊഴി നൽകിയിരിക്കുന്നതെന്നും ഈ കേസിലെ അന്വേഷണ ഏജൻസി ഇ.ഡിയാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ഇതേ വാദം തന്നെയാണ് ഇ.ഡി.യുടെ അഭിഭാഷകനും കോടതിയിൽ ഉന്നയിച്ചത്. കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അതിനാൽ രഹസ്യമൊഴിയുടെ പകർപ്പ് ആർക്കും നൽകാനാവില്ലെന്നും ഇ.ഡി.യുടെ അഭിഭാഷകൻ പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ സർക്കാർ അഭിഭാഷകനും സ്വപ്നയുടെ അഭിഭാഷകനും തമ്മിൽ രൂക്ഷമായ വാദപ്രതിവാദമാണ് അരങ്ങേറിയത്.
അതിനിടെ, കേന്ദ്രസേനയുടെ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജി ജൂൺ 22-ലേക്ക് മാറ്റിവെച്ചു. സ്വപ്നയുടെ സുരക്ഷ സംബന്ധിച്ച കാര്യത്തിൽ വിശദീകരണം നൽകാൻ കൂടുതൽ സമയം വേണമെന്നായിരുന്നു ഇ.ഡി. അഭിഭാഷകൻ വ്യാഴാഴ്ച കോടതിയെ അറിയിച്ചത്. വിഷയത്തിൽ ഇ.ഡി. ആസ്ഥാനത്തുനിന്നുള്ള മറുപടി ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
സ്വപ്നയുടെ അഭിഭാഷകർ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസിൽ ഇ ഡി അന്വേഷണം നടക്കുകയാണെന്ന് കോടതി പറഞ്ഞു. അന്വേഷണ ഏജൻസി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണെന്ന് ഇ ഡി അഭിഭാഷകനും കോടതിയിൽ പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ തനിക്കെതിരെയും കേസെടുത്തെന്ന് സ്വപനയുടെ അഭിഭാഷകൻ കോടതിയോട് പറഞ്ഞു. സ്വപ്നയുടെ സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചെന്ന് ഇഡി അഭിഭാഷകൻ വ്യക്തമാക്കി. മറുപടിക്ക് ഒരാഴ്ച സമയം വേണം. രഹസ്യമൊഴി കേന്ദ്ര എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കുകയാണെന്നും ഇഡിയുടെ അഭിഭാഷകൻ പറഞ്ഞു.