കൊച്ചി: കോൺഗ്രസ് നേതാവ് വി.ടി. ബലറാമിന്റെ വർഗീയ വിഷം ചീറ്റലാണോ കോൺഗ്രസിന്റെ മതേതര നിലപാടെന്നുള്ളത് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

തൃക്കാക്കരയിലെ വിജയം എന്തും പറയാനുള്ള ലൈസൻസായി കോൺഗ്രസ് നേതാക്കൾ കാണേണ്ടതില്ല. വോട്ടു രാഷ്ട്രീയത്തിന് കുടപിടിച്ച് ഭീകരവാദ പ്രസ്ഥാനങ്ങൾക്ക് പാദസേവ ചെയ്ത് അവരെ വെള്ളപൂശുന്നവരായി സ്വാതന്ത്ര്യസമര ഉല്പന്നമായ കോൺഗ്രസിന്റെ അഭിനവ നേതാക്കൾ അധഃപതിക്കരുത്. കാലങ്ങളായി രാജ്യത്തുടനീളം നിരന്തരം പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടും പാഠം പഠിക്കാത്തവർ ഭീകരവാദികളുടെ കളിപ്പാട്ടങ്ങളായി മാറിയിരിക്കുന്നുവെന്നതിന്റെ സൂചനകളാണ് ഇത്തരം പ്രസ്താവനകൾ.

മയക്കുമരുന്നിനും ഭീകരവാദത്തിനുമെതിരേ ക്രൈസ്തവ സഭാനേതൃത്വം വിശ്വാസി സമൂഹത്തിന് നൽകുന്ന മുന്നറിയിപ്പുകൾ തെളിവുകളുടെയും യാഥാർഥ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. കേരളം അനുദിനം കണ്ടുകൊണ്ടിരിക്കുന്നതും സംസ്ഥാനത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഭീകരവാദത്തിനെ മഹത്വവത്ക്കരിച്ച് പാലൂട്ടിവളർത്തുവാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത് അപക്വവും അപകടകരവും അപലപനീയവുമാണ്. കേന്ദ്ര സംസ്ഥാന സർക്കാർ സംവിധാനങ്ങളും രാജാന്തര ഏജൻസികളും ഭീകരവാദികളുടെ സ്ലീപ്പർ സെല്ലുകൾ കേരളത്തിലുണ്ടെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടും ചില കോൺഗ്രസ് നേതാക്കൾ കണ്ണടച്ച് ഇരുട്ടാക്കി ക്രൈസ്തവ ആക്ഷേപം നിരന്തരമായി തുടരുന്നത് ആരുടെ പിന്തുണ നേടിയെടുക്കാനുള്ള അണിയറ അജണ്ടയാണെന്നുള്ളത് അരിയാഹാരം കഴിക്കുന്ന കേരളീയർക്കെല്ലാം അറിയാം.

മതസൗഹാർദത്തെ വെല്ലുവിളിക്കുന്ന വർഗീയവാദികളായ ഇത്തരം അപക്വ നേതാക്കളെ നേതൃത്വത്തിൽനിന്ന് വെട്ടിമാറ്റാൻ നോക്കുന്നില്ലെങ്കിൽ രാജ്യത്തുടനീളം തകർച്ച നേരിടുന്ന കോൺഗ്രസിന് വൻ പ്രഹരമേൽക്കേണ്ടിവരുമെന്നും വി സി. സെബാസ്റ്റ്യൻ പറഞ്ഞു.