മംഗളുരു: കാറിൽ കടത്തുകയായിരുന്ന മാരകമായ എംഡിഎംഎ മയക്കുമരുന്നുമായി നാല് പേർ മംഗളൂരുവിൽ പിടിയിലായി. ഇതിൽ മൂന്ന് പേർ കാസർകോട് സ്വദേശികളും ഒരാൾ യുവതിയുമാണ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റമീസ് (24), അബ്ദുർ റഊഫ് (35), കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹ്യുദ്ദീൻ റശീദ് (24), ബെംഗ്‌ളുറു ജില്ലയിലെ സമീറ എന്ന ചിഞ്ചു എന്ന സബിത (25) എന്നിവരാണ് അറസ്റ്റിലായത്.

മയക്കുമരുന്ന് മംഗളൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്ന് സിസിബി പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ മഹേഷ് പ്രസാദ്, സബ് ഇൻസ്പെക്ടർ പ്രദീപ് ടി ആർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പടിലിന് സമീപത്ത് നിന്നാണ് കാറിൽ നിന്ന് ഏകദേശം ആറ് ലക്ഷം രൂപ വിലമതിക്കുന്ന 125 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.

കൂടാതെ, ആറ് മൊബൈൽ ഫോണുകളും ഒരു ഡിജിറ്റൽ വെയിങ് മെഷീനും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ മുഹമ്മദ് റമീസ് കഴിഞ്ഞ വർഷം കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിൽ എൻഡിപിഎസ് ആക്ട് പ്രകാരം രണ്ട് കേസുകളിൽ പ്രതിയാക്കപ്പെടുകയും ആറ് മാസം മുമ്പ് ജയിൽ മോചിതനാകുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അബ്ദുർ റഊഫിനെ 2018-ൽ മംഗളുരു റൂറൽ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരവും ആയുധ നിയമപ്രകാരവും അറസ്റ്റ് ചെയ്തിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.