പത്തനംതിട്ട: 16 വയസ്സുകാരിയെ പീഡിപ്പിച്ചത് സ്വന്തം സഹോദരനും അമ്മാവനും അടക്കം അഞ്ചുപേർ. പത്താംക്ലാസ് പൂർത്തിയായ പെണ്കുട്ടിയെ 17 വയസ്സുകാരനായ സഹോദരനാണ് പീഡനത്തിനിരയാക്കിയത്. കൂടാതെ അമ്മാവനും സുഹൃത്തുക്കളുമടക്കം അഞ്ചുപേർ പീഡിപ്പിച്ചതായി പെൺകുട്ടി പരാതി നൽകി. സഹോദരനും അമ്മാവനും പുറമെ മറ്റ് മൂന്ന് പേരിൽ രണ്ടുപേർ പെൺകുട്ടിയുടെ സുഹൃത്തുക്കളും ഒരാൾ അമ്മയുടെ കാമുകനുമാണ്.

കോയിപ്രം സ്റ്റേഷനിൽ ചൈൽഡ്ലൈൻ നൽകിയ പരാതിയ തുടർന്ന് നാല് പേരെ അറസ്റ്റുചെയ്തു. ഒളിവിൽ പോയ അമ്മയുടെ കാമുകനായ അഞ്ചാമന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പരാതി ചൈൽഡ് ലൈനിന് ലഭിച്ചത്. സുഹൃത്തുക്കളായ രണ്ടുപേർ പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പെൺകുട്ടി നൽകിയ മൊഴിയിൽ പറഞ്ഞിരുന്നത്. മറ്റ് മൂന്ന് പേരുടെയും പേരുകൾ പെൺകുട്ടി പറഞ്ഞിരുന്നില്ല.

തുടർന്ന് വിശദമായി മൊഴിയെടുത്തപ്പോഴാണ് സ്വന്തം സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും പീഡിപ്പിച്ച കാര്യം വ്യക്തമായത്. ഇതിൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്യുകയും അവരെ പ്രതിചേർക്കുകയുമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി പീഡനം നടന്നിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. സ്വന്തം വീട്ടിൽ വച്ചാണ് സഹോദരൻ പീഡിപ്പിച്ചത്. അമ്മയുടെ വീട്ടിൽ താമസിക്കാൻ പോയപ്പോൾ അവിടെ നിന്ന് അമ്മാവനും പീഡിപ്പിച്ചു.

പെൺകുട്ടിയുടെ വീട്ടിലെ സാഹചര്യം മുതലെടുത്ത് മറ്റ് മൂന്നുപേരും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കേസിൽ കോയിപ്രം പൊലീസ് പോക്സോ വകുപ്പുപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.