- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക ശില്പശാല സമാപിച്ചു; ജോർജ്ജ് ഓണക്കൂർ, മുസഫർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു
തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽബന്ധിപ്പിച്ച് വൈജ്ഞാനികകേന്ദ്രമാക്കി വികസിപ്പിക്കാനാവശ്യമായ കർമ്മപദ്ധതി തയാറാക്കുന്നതിനുവേണ്ടി സംഘടിപ്പിച്ചുവന്ന രണ്ടുദിവസത്തെ ശില്പശാല സമാപിച്ചു. സമാപന ദിവസം രാവിലെ മുതൽ പ്രസിദ്ധീകരണം, സാമൂഹികശാസ്ത്രം, ഭൗതികശാസ്ത്രവും സാങ്കേതികശാസ്ത്രവും, വിവർത്തനം എന്നീ സെഷനുകളിൽ യഥാക്രമം പി. എസ്. റംഷാദ്, റിസ് വാൻ സി., ഷെഹനാസ്.എം. എ., ഡോ. പി. ജെ വിൻസെന്റ്, ഡോ. കെ. എം. ഷീബ, അലിന്റമേരി ജാൻ, പ്രൊഫ. കെ. പാപ്പൂട്ടി, പ്രൊഫ. ഡോ. അച്യുത്ശങ്കർ എസ്. നായർ, ഡോ. എൻ. ഷാജി, ഡോ. വൈശാഖൻ തമ്പി, ജി. ബി. ഹരീന്ദ്രനാഥ്, ഡോ.ജോർജ് ഓണക്കൂർ, വി. മുസഫർ അഹമ്മദ്, ലക്ഷ്മി ദിനചന്ദ്രൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സമാപന സമ്മേളനത്തിൽ ശില്പശാലാ ഡയറക്ടർ കെ.കെ. കൃഷ്ണകുമാർ ക്രോഡീകരണം നടത്തി സംസാരിച്ചു. ഡോ. ജോർജ് വർഗീസ് രചിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അന്യഗ്രഹജീവികൾ : സത്യവും മിഥ്യയും എന്ന പുസ്തകം പ്രകാശനം ഡോ.ജോർജ് ഓണക്കൂർ വി. മുസഫർ അഹമ്മദിന് നൽകി പ്രകാശനം ചെയ്തു. ഡയറക്ടർ ഡോ. പി. എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ ഡോ. ഷിബു ശ്രീധർ സ്വാഗതവും ഫിനാൻസ് അസിസ്റ്റന്റ് സാജുമോൻ. എസ് നന്ദിയും പറഞ്ഞു. അസി. ഡയറക്ടർ ഡോ. പ്രിയ വർഗീസ് പങ്കെടുത്തു. പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഭാഷാ പഠനം വ്യക്തിത്വവികാസത്തിന്റെ ഭാഗമാക്കണമെന്ന് ബുധനാഴ്‌ച്ച രാവിലെ ശില്പശാല ഉദ്ഘാടനം ചെയ്ത ഫിഷറീസ്-സാംസ്‌കാരിക-യുവജനകാര്യവകുപ്പുമന്ത്രി സജിചെറിയാൻ പറഞ്ഞു. വൈജ്ഞാനികസമൂഹത്തെ സൃഷ്ടിക്കുന്നതിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യപങ്കുവഹിക്കണമെന്ന് മന്ത്രി പറഞ്ഞു. ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ദൗത്യം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുക്കണം. മറ്റെല്ലാ ഭാഷാപദങ്ങളെയും സ്വീകരിക്കുന്ന ഭാഷയാണ് മലയാളം. ലളിതമായ ഭാഷയാണ് പ്രയോഗിക്കേണ്ടത്. ഒരുനാട്ടിലെ ജനതയെ ഒരുമിപ്പിക്കാനുള്ള അടയാളമാണ് ഭാഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ ബുധനാഴ്ച നടന്ന ശില്പശാലയുടെ ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ. പി. എസ്. ശ്രീകല സമീപനരേഖ അവതരിപ്പിച്ചു. കേരളസമൂഹത്തെ ജ്ഞാനസമൂഹമായി ഉയർത്തുന്നതിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രധാനപങ്കുവഹിക്കുമെന്ന് ഡയറക്ടർ പറഞ്ഞു. ഭാഷയെ ജനകീയമാക്കണമെന്നും ഭാഷാവബോധം സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് സമൂഹത്തിനെ പഠിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഡോ. ശ്രീവൃന്ദനായർ രചിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ മനഃശ്ശാസ്ത്രം: സിദ്ധാന്തങ്ങളും പ്രയോഗങ്ങളും എന്ന പുസ്തകം മഹാരാജാസ് കോളെജ് മലയാളം വിഭാഗം വകുപ്പധ്യക്ഷ ഡോ. സുമിജോയി ഓലിയപ്പുറത്തിനും ശ്രീകല ചിങ്ങോലി രചിച്ച അടയാളങ്ങൾ ഉള്ള വഴി എന്ന കവിതാസമാഹാരം അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎക്ക് നൽകിയും മന്ത്രി പ്രാകാശനം ചെയ്തു. ശില്പശാലാ ഡയറക്ടർ കെ.കെ. കൃഷ്ണകുമാർ, അസി. ഡയറക്ടർ ഡോ. പ്രിയ വർഗീസ്, വിജ്ഞാനകൈരളി എഡിറ്റർ ജി.ബി. ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.
ശില്പശാലയുടെ ആദ്യദിനത്തിൽ സി. എം. മുരളീധരൻ, ഡോ.ആർ.ശിവകുമാർ, പ്രദീപ് പനങ്ങാട്, ഡോ. ടി.കെ. ആനന്ദി, കെ. കെ. ബാബുരാജ്, ഡോ. സുമിജോയ് ഓലിയപ്പുറം, ഡോ. രവിശങ്കർ.എസ്. നായർ, ഡോ. ലിജിഷ.എ.ടി, ഡോ. ജോർജ് തോമസ്, സീമ ശ്രീലയം, മൈന ഉമൈബാൻ എന്നിവരാണ് യഥാക്രമം ഭാഷാമാനകീകരണം, സംസ്‌കാരപഠനവും ലിംഗപദവീപഠനവും, ഭാഷാശാസ്ത്രം, പ്രകൃതിശാസ്ത്രം എന്നീ വിഷയമേഖലകളിലെ സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നെത്തിയ തെരഞ്ഞെടുത്ത പ്രതിനിധികൾ അഭിപ്രായങ്ങളും പങ്കുവെച്ചു