കണ്ണൂർ: പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിൽ സിപിഎം നേതാക്കൾക്കെതിരെ പരാതി നൽകിയതിന് ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയതിൽ പ്രതിഷേധിച്ച് വി.കുഞ്ഞികൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിച്ചു. ഇക്കാര്യം അദ്ദേഹം സിപിഎം നേതൃത്വത്തെ അറിയിച്ചു. ഇനി താൻ പൊതുപ്രവർത്തനരംഗത്തില്ലെന്നും എല്ലാം അവസാനിപ്പിച്ചതായും കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.

കുറ്റാരോപിതർക്കൊപ്പം പരാതിക്കാരനായ തനിക്കെതിരെയും നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് പാർട്ടി ഏരിയാ സെക്രട്ടറി സ്ഥാനവും കർഷക സംഘം ഏരിയാ സെക്രട്ടറിസ്ഥാനവും ഒഴിയുന്നതെന്നും ഇതു കഴിഞ്ഞ ദിവസം നടന്ന ഏരിയാകമ്മിറ്റി യോഗത്തിൽ അറിയിച്ചതായും കുഞ്ഞികൃഷ്ണൻ പറഞ്ഞു. തന്റെ തീരുമാനം അംഗീകരിച്ചാലും ഇല്ലെങ്കിലും മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയെ പിടിച്ചുകുലുക്കിയ സാമ്പത്തിക ആരോപണ വിവാദത്തിൽ ആരോപണ വിധേയർക്കെതിരും പരാതി നൽകിയ ആൾക്കെതിരെയും ഒരേ പോലെ അച്ചടക്കനടപടി സ്വീകരിച്ചതിൽ അണികൾക്കിടെയിൽ പ്രതിഷേധം ശക്തമാണ്. പാർട്ടി ഏരിയാ നേതൃത്വത്തിനെതിരെ വെള്ളൂർ ലോക്കലിലെ പ്രവർത്തകർ പരസ്യപ്രതികരണം നടത്തുന്ന അവസ്ഥയിലാണിപ്പോൾ. ഇതു വരും ദിനങ്ങളിൽ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നാണ് സൂചന.

നേരത്തെയുണ്ടായ ഏരിയാ സെക്രട്ടറി കെ.വി മധുവിനെ സോഷ്യൽമീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് നീക്കം ചെയ്തത്. ഇതിനു ശേഷമാണ് വെള്ളൂർ സ്വദേശിയായ കുഞ്ഞികൃഷ്ണനെ ഏരിയാസെക്രട്ടറിയുടെ ചുമതല ഏൽപ്പിച്ചത്. ഇപ്പോൾ ടി.വി രാജേഷിനാണ് ഏരിയാസെക്രട്ടറിയുടെ പകരം ചുമതല നൽകിയിരിക്കുന്നത്.

പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ കഴിഞ്ഞ ദിവസം നടന്ന സി.പി. എം മാരത്തോൺ ഏരിയാകമ്മിറ്റിയോഗത്തിലാണ് ടി. ഐ മധുസൂദനൻ എംഎൽഎ ഉൾപ്പെടെ ആറുപേർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. ടി. ഐ.മധുസൂദനൻ എംഎൽഎയെ ജില്ലാസെക്രട്ടറിയേറ്റിൽ നിന്നും ജില്ലാകമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. ഏരിയാകമ്മിറ്റഅംഗമായ ടി.വി വിശ്വനാഥനെ ലോക്കൽ കമ്മിറ്റിയിലേക്കും മാറ്റി.

എംഎൽഎയ്ക്കും മറ്റുള്ളവർക്കുമെതിരെ പരാതി ഉന്നയിച്ചതിനാണ് വി.കുഞ്ഞികൃഷ്ണനെ ഏരിയാസെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്. മറ്റൊരു ഏരിയാകമ്മിറ്റിയംഗമായ കെ. എം ഗംഗാധരനെതിരെ പരസ്യശാസനയും ഓഫിസ് സെക്രട്ടറി കരുണാകരൻ ടി. ഐ മധുസൂദനൻ എംഎൽഎയുടെ സെക്രട്ടറി സജീഷ്‌കുമാർ എന്നിവർക്ക് പരസ്യമായ താക്കീതുമാണ് നടപടിയെടുത്തത്. എന്നാൽ കുഞ്ഞികൃഷ്ണനെതിരായ നടപടിക്കെതിരെ 17 പേർ രംഗത്തു വന്നു. ഇതോടെ യോഗത്തിൽ ചൂടേറിയ ചർച്ചയും വാക്കേറ്റവുമുണ്ടായി.

പയ്യന്നൂരിൽ നടന്ന ചിട്ടിതട്ടിപ്പ്, തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി, പാർട്ടി ഓഫിസിലെ നിർമ്മാണത്തിലെ അഴിമതി, രക്തസാക്ഷി ധനരാജിന്റെ പേരിലുള്ള പണപിരിവിലെ സുതാര്യത എന്നിവ കണക്കുസഹിതം കുഞ്ഞികൃഷ്ണൻ യോഗത്തിൽ അവതരിപ്പിച്ചതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്.കഴിഞ്ഞ ജൂൺ 12നാണ് പയ്യന്നൂരിലെ പാർട്ടി ഫണ്ട് വെട്ടിപ്പ് സംഭവത്തിൽ നടപടിയെടുക്കാൻ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാകമ്മിറ്റിയോഗത്തിൽ തീരുമാനമായത്.

അണികളുടെ വികാരമുൾക്കൊള്ളാതെ നേതൃത്വത്തിൽ ചിലരെടുക്കുന്ന നടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന വികാരംപാർട്ടി നേതൃത്വത്തെ ഏരിയാകമ്മിറ്റിയിലെ ചിലർ അറിയിച്ചിട്ടുണ്ട്. ഏരിയാകമ്മിറ്റിയോഗത്തിലും ചാപിള്ളയെയും മറുപിള്ളെയും തിരിച്ചറിയാൻ കഴിയാത്ത തീരുമാനമാണിതെന്ന് ചിലർ വിമർശനമുന്നയിച്ചിട്ടുണ്ട്.

ആരോപണവിധേയനായ ടി. ഐ മധുസൂദനനൻ എംഎൽഎൽയെ സംരക്ഷിക്കാൻ ഇ.പി ജയരാജനടക്കമുള്ള നേതാക്കൾ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും മുൻ എംഎൽഎ സി.കൃഷ്ണന്റെ നേതൃത്വത്തിലുള്ള വെള്ളൂരിലെ പാർട്ടി നേതാക്കളും പ്രവർത്തകരും നടപടിവേണമെന്ന ശക്തമായ നിലപാട് സ്വീകരിച്ചതു കാരണം നടക്കാതെ പോവുകയായിരുന്നു. പ്രഥമദൃഷ്ട്യാ തന്നെ പണാപഹരണം നടന്നുവെന്ന തെളിവുകൾ ഇവർ നൽകുകയും ടി.വി രാജേഷ്, പി.വി ഗോപിനാഥ് എന്നിവരടങ്ങിയ പാർട്ടി നിയോഗിച്ച അന്വേഷണകമ്മിഷൻ ഈക്കാര്യം കണ്ടെത്തുകയും ചെയ്തതോടെയാണ് നടപടിക്ക് കളമൊരുങ്ങിയത്.