കൊളംബോ: അദാനി ഗ്രൂപ്പിനെതിരെ ശ്രീലങ്കയിൽ വൻപ്രതിഷേധം. കുറുക്കുവഴിയിലൂടെ കാറ്റാടിപ്പാടം നിർമ്മിക്കാനുള്ള കരാർ നേടിയെന്നാരോപിച്ചാണ് അദാനിക്കെതിരെ ശ്രീലങ്കയിൽ വൻ പ്രതിഷേധം ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലങ്കൻ പ്രസിഡന്റിന് മേൽ നടത്തിയ സമ്മർദ്ദത്തിന്റെ ഫലമായാണ് അദാനി ഗ്രൂപ്പിന് ശ്രീലങ്കയിൽ കാറ്റാടിപ്പാടം നിർമ്മിക്കാൻ അനുമതി കിട്ടിയതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുമുന്നിലേക്ക് ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി എത്തി. ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിലേക്കു മാർച്ച് നടത്തിയ ജനം മുദ്രാവാക്യം വിളികളുമായി ഇവിടെ തടിച്ചു കൂടി. സ്റ്റോപ്പ് അദാനി എന്ന ഹാഷ്ടാഗിൽ അദാനിക്കെതിരായ പ്രതിഷേധം സമൂഹമാധ്യമങ്ങളിലും വ്യാപകമായിട്ടുണ്ട്. കരാറിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെമേൽ സമ്മർദം ചെലുത്തിയെന്നു വൈദ്യുതി ബോർഡ് ചെയർമാനാണു വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അദാനിക്കെതിരെ പ്രതിഷേധം ശക്തമായത്.

പ്രതിഷേധക്കാർ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടും പ്രതിഷേധം തുടരുകയാണ്. രാമേശ്വരവുമായി അടുത്തുകിടക്കുന്ന ശ്രീലങ്കയിലെ വടക്കു കിഴക്കൻ മാന്നാറിൽ 500 മെഗാവാട്ടിന്റെ കാറ്റാടിപ്പാടം നിർമ്മിക്കാനാണ് അദാനി ഗ്രൂപ്പ് കരാർ നേടിയത്. തന്ത്രപ്രധാന മേഖലയിലെ കരാർ ഇന്ത്യൻ കമ്പനിക്കു നൽകാൻ പ്രധാനമന്ത്രി മോദി ലങ്കൻ പ്രസിഡന്റിനുമേൽ സമ്മർദം ചെലുത്തിയെന്ന വെളിപ്പെടുത്തലാണു പ്രതിഷേധങ്ങൾക്കു കാരണം. പാർലമെന്ററി മേൽനോട്ട സമിതി മുൻപാകെ സിലോൺ വൈദ്യുതി ബോർഡ് ചെയർമാൻ എം.എം.സി. ഫെർണ്ടിനാന്റോയാണു വെളിപ്പെടുത്തൽ നടത്തിയത്. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ തള്ളിപ്പറഞ്ഞതിനു പിന്നാലെ ഫെർണ്ടിനാന്റോയ്ക്കു സ്ഥാനം നഷ്ടമായി.

ഇതോടെ വിഷയം പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ടു സമരം ചെയ്യുന്ന ജനകീയപ്രക്ഷോഭകർ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ഇന്ത്യൻ ഹൈക്കമ്മിഷണിലേക്കു നൂറുകണക്കിനു യുവാക്കളാണു മാർച്ച് നടത്തിയത്. ലങ്കയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇന്ത്യ ഇടപെടുന്നുവെന്ന വികാരം ശക്തമാണ്. അതേസമയം, ലങ്കയുടെ ആവശ്യം പരിഗണിച്ചാണു നിക്ഷേപത്തിനു തയാറായതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമാണു പദ്ധതിയെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.