ഉദുമ: കാട്ടുപന്നിയെ കൊല്ലാൻ കെണി വെച്ച തോക്കിൽ നിന്നും വെടിയേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് 14-ന് രാവിലെയാണ് കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ സിപിഐ നേതാവ് അറുപത്തിയഞ്ചുകാരനായ എം മാധവൻ നമ്പ്യാർക്ക് വെടിയേറ്റത്.

ചൊവ്വാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ വീടിന് സമീപത്ത് ചക്ക പറിക്കാൻ പോയപ്പോഴാണ് അനധികൃതമായൊരുക്കിയ കെണിയിൽത്തട്ടി മാധവൻ നമ്പ്യാരുടെ ജീവൻ നഷ്ടമായത്. തോക്കിന്റെ കാഞ്ചിയിൽ കെട്ടിയ ചരടിൽ അബദ്ധത്തിൽ തട്ടിയതോടെ തോക്കിൽ നിന്നും വെടിയുതിരുകയായിരുന്നു. മുട്ടിന് താഴെ വെടിയേറ്റ ഇദ്ദേഹത്തെ പ്രദേശവാസികൾ വളരെ വൈകിയാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി.

സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയംഗമായ മാധവൻ നമ്പ്യാരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ വീട്ടുപറമ്പിൽ സംസ്‌കരിച്ചു. പനയാലിലെ ശ്രീഹരിയാണ് കാട്ടുപന്നിയെ പിടിക്കാൻ കെണിയൊരുക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. തോക്കിന് ലൈസൻസുണ്ടോയെന്നതടക്കം പൊലീസ് പരിശോധിക്കും.