കോട്ടയം: സഹകരണ മന്ത്രി വി എൻ വാസവന്റെ വിശ്വസ്തനും അടുത്ത സുഹൃത്തുമായ എം ബിനോയ് കുമാറിനെ സഹകരണ ഇലക്ഷൻ കമ്മീഷണറായി നിയമിച്ചത് വിവാദത്തിൽ. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി വിരമിച്ചയാളെ പാർട്ടി നേതൃത്വവുമായി വേണ്ടത്ര കൂടിയാലോചിക്കാതെ ഉന്നത തസ്തികയിൽ നിയമിച്ചതിലാണ് സി പി എം കോട്ടയം ജില്ലാ കമ്മിറ്റിയിലടക്കം മുറുമുറുപ്പ് ഉയരുന്നത്. നിയമനം ലഭിച്ച എം ബിനോയ്കുമാർ സഹകരണ വകുപ്പിൽ അഡീഷണൽ രജിസ്ട്രാർ ആയി അടുത്തിടെയാണ് വിരമിച്ചത്.

യോഗ്യത നോക്കുകയാണെങ്കിൽ ഇതിനെക്കാൾ മിടുക്കരും പാർട്ടി അനുഭാവികളും ഉണ്ടായിരുന്നിട്ടും ഏകപക്ഷീയമായി സിപിഐ അനുഭാവക്കാരനെ നിയമിച്ചതിലാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് അതൃപ്തി. കെ ജി ഒ എ യിലും മുറുമുറുപ്പുണ്ട്. കടുത്ത പാർട്ടിക്കാരനായ മുൻ അഡീഷണൽ സെക്രട്ടറി താൽപര്യം പ്രകടിപ്പിച്ചിട്ടും അതെല്ലാം മറികടന്നാണ് വിശ്വസ്തനായ ബിനോയ്കുമാറിന് വേണ്ടി മന്ത്രി ചരടു വലിച്ചെന്നാണ് ആക്ഷേപം.

കഴിഞ്ഞ ഇടത് ഭരണക്കാലത്ത് പാർട്ടിക്കു സർക്കാരിനും വേണ്ടി സഹകരണ വകുപ്പിൽ കരുക്കൾ നീക്കിയ തിരുവനന്തപുരം സ്വദേശിയായ മുൻ അഡീഷണൽ രജിസട്രാർക്ക് മെച്ചപ്പെട്ട മറ്റൊരു നിയമനം നല്കി ആക്ഷേപങ്ങൾ അവസാനിപ്പിക്കാനാണ് മന്ത്രിയുടെ അടുപ്പക്കാർ ശ്രമിക്കുന്നത്. വാസവൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതു കൊണ്ട് തന്നെ ഏ കെ ജി സെന്ററിൽ നിന്നും അനുമതി വാങ്ങിയാണ് നിയമനം നടത്തിയതെന്ന് വാസവനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.

എന്നാൽ ഭരണ മാറുന്നതിന് അനുസരിച്ച് നിറം മാറുന്ന ഉദ്യോഗസ്ഥനാണ് ബിനോയ്കുമാർ എന്നാണ് കോട്ടയത്തെ പാർട്ടിക്കാരുടെ പരാതി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പല ആവശ്യങ്ങൾക്കും എത്തിയ പാർട്ടിക്കാർക്ക് ചെയ്യാവുന്ന സഹായം പോലും ചെയ്തു തരാത്തയാളാണ് ഇപ്പോൾ വിവാദത്തിൽപ്പെട്ട ഉദ്യോഗസ്ഥനെന്ന് ചില പാർട്ടി പ്രവർത്തകർ ആരോപിക്കുന്നു.

വി എൻ വാസവൻ സഹകരണ മന്ത്രിയായി ചുമതലയേറ്റപ്പോൾ തന്നെ എം ബിനോയ് കുമാർ നേരിട്ടെത്തി പേഴ്സണൽ സ്റ്റാഫിൽ ചേരാൻ താല്പര്യം പ്രകടപ്പിച്ചിരുന്നു. അന്ന് ബിനോയ്കുമാറിന് വേണ്ടി മന്ത്രി പാർട്ടിക്കുള്ളിൽ സംസാരിച്ചുവെങ്കിലും ഇയാളുടെ പൂർവ്വകാല പശ്ചാത്തലം പരിഗണിച്ച് പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണ്ടായെന്ന് തീരുമാനിച്ചു.

എന്നാൽ മന്ത്രി ബിനോയ്കുമാറിനെ കൈവിടാൻ തയ്യാറായില്ല. ഒരു അനൗദ്യോഗിക ഉപദേശകനായി കൂടെ കൂട്ടി. സഹകരണ വകുപ്പിലെ പ്രധാന പരിപാടികളുടെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചു. കോടികളുടെ ധൂർത്ത് ആരോപണമുള്ള കോപ്പറേറ്റീവ് എക്സ്പോയുടെ പ്രധാന നടത്തിപ്പുകാരനും ബിനോയ്കുമാർ ആയിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാലത്ത് അപ്രധാന തസ്തികളിൽ ജോലി നോക്കിയിട്ടുള്ള ബിനോയ്കുമാർ വി എൻ വാസവൻ മന്ത്രിയായി എത്തിയതോടെ സഹകരണ വകുപ്പിലെ അജയ്യനായി മാറുകയായിരുന്നു.

ഭരണപക്ഷ യൂണിയനിൽ മെമ്പർഷിപ്പ് ഉണ്ടെങ്കിലും ആരും അടുപ്പിക്കാതിരുന്ന ബിനോയ്കുമാറിന്റെ വളർച്ച പിന്നിട് യൂണിയനെക്കാൾ ഉയരത്തിലായി എന്നാണ് കേട്ടു കേൾവി. ഏറ്റവു ഒടുവിൽ കാർഷിക വികസന ബാങ്കിൽ അഡ്മനിസ്ട്രേറ്റീവ് ഭരണ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചപ്പോഴും അതിന്റെ എം ഡിയായി ബിനോയ്കുമാറിനെയാണ് നിയമിച്ചത്. കഴിഞ്ഞ മാസം സർവ്വീസിൽ നിന്നും വിരമിച്ചപ്പോഴും മന്ത്രി ഓഫീസിലാണ് അടുത്ത നിയമനമെന്ന് അടുപ്പക്കാരോടു ബിനോയ്കുമാർ പറഞ്ഞിരുന്നു.

എന്നാൽ വിരമിച്ചവരെ മന്ത്രി ഓഫീസുകളിൽ വേണ്ട എന്ന മുൻ നിലപാട് തിരുത്താൻ സി പി എം തയ്യാറാകാത്തതിനാൽ ആ വാതിൽ അടയുകയായിരുന്നു. ബിനോയ് കുമാറിന് വേണ്ടി പാർട്ടി സെന്ററിൽ രണ്ടു വട്ടമാണ് വാസവൻ സമ്മർദ്ദം ചെലുത്തിയത്. ഒടുവിൽ പാർട്ടി സെക്രട്ടറിയോടു വ്യക്തിപരമായി സൂചിപ്പിച്ചുവെങ്കിലും ബിനോയ് കുമാറിന് മന്ത്രി ഓഫീസിലേക്കുള്ള വാതിൽ തുറന്ന് കൊടുത്തില്ല.

എന്നിരുന്നാലും സഹകരണ വകുപ്പിൽ എന്താവിശ്യത്തിനും മന്ത്രി ആദ്യം വിളിക്കുന്ന ഉദ്യോഗസ്ഥൻ ബിനോയ്കുമാർ തന്നെയായിരുന്നു. കരുവന്നൂരിൽ 300 കോടി രൂപയുടെ ക്രമക്കേടിന് കാരണം പിണറായി സർക്കാരിന്റെ വീഴ്ചയാണന്ന് മന്ത്രിയെ ആദ്യം അറിയച്ചതും ബിനോയ് തന്നെയാണ്. . രണ്ടു വർഷം മുമ്പ് കരുവന്നൂർ ബാങ്കിലെ അഴിമതി കണ്ടെത്തിയിരുന്നു. അന്ന് ഒരു ഉദ്യോഗസ്ഥനെ മാത്രം പിരിച്ചുവിട്ട് ഭരണസമിതിയെ നിലനിർത്തിയതാണ് അഴിമതിക്ക് കാരണം. ബാങ്കിൽ സാമ്പത്തിക തിരിമറിയും അഴിമതിയും നടന്നതായി 2019 ലും 2020 ലും സഹകരണ വകുപ്പ് നിയമസഭയിൽ അറിയിച്ചിരുന്നു

കേസെടുത്തെന്നും സത്വര നടപടി സ്വീകരിച്ചെന്നും അഴിമതി കണ്ടെത്തിയെന്നുമെല്ലാം സഭയിൽ അറിയിച്ചെങ്കിലും ബാങ്ക് ഭരണസമിതിക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നതാണു വസ്തുത. ഇക്കാര്യങ്ങൾ മന്ത്രിയെ ബിനോയ് കുമാർ ധരിപ്പിച്ചിരുന്നു. അസി.രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു മാനേജരെ സസ്പെൻഡ് ചെയ്തെങ്കിലും ഭരണസമിതിയെയും മറ്റുദ്യോഗസ്ഥരെയും അതേപടി തുടരാൻ അനുവദിച്ച് പുതിയൊരു സംഘത്തെ അന്വേഷണം ഏൽപിക്കുകയാണു ചെയ്തത്.

ഇതിനെക്കാൾ കുറഞ്ഞ തുകയുടെ ക്രമക്കേടും ചട്ടലംഘനവും കണ്ടെത്തിയ മുപ്പതിലേറെ സഹകരണ സംഘങ്ങളെ കഴിഞ്ഞ സർക്കാരിന്റെ കാലത്തു പിരിച്ചുവിട്ടപ്പോഴാണ് കരുവന്നൂർ ബാങ്കിനു സംരക്ഷണം ലഭിച്ചത്. ഇതൊക്ക മനസിലാക്കി കരുന്നൂർ വായ്പത്തട്ടിപ്പ് പരിശോധിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥതല സംഘത്തിന്റെ തലപ്പത്ത് സഹകരണ മന്ത്രി അന്ന് അഡീഷണൽ രജിസ്ട്രാർ ആയിരുന്ന എം ബിനോയ്കുമാറിനെയും നിയമിച്ചിരുന്നു.

കൂടാതെ കരുവന്നൂർതട്ടിപ്പിന്റെ വെളിച്ചത്തിൽ സഹകരണ സംഘങ്ങളെ സംബന്ധിച്ച് പാർട്ടി നിർദ്ദേശ പ്രകാരം മൊത്തത്തിൽ അന്വേഷണം നടത്താനു മന്ത്രി ചുമതലപ്പെടുത്തിയത് ബിനോയ്കുമാറിനെ തന്നെയാണ്. എന്തായാലും ഇപ്പോഴത്തെ ആക്ഷേപങ്ങൾ ആളികത്താതെ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കാനാണ് മന്ത്രിയുടെ അടുപ്പക്കാർ ശ്രമിക്കുന്നത്.