പയ്യന്നൂർ: പയ്യന്നൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസ് കവാടത്തിലെ ഗാന്ധി ശിൽപം തകർത്ത സംഭവത്തിൽ പ്രതി ഷേധിച്ച് പയ്യന്നൂർ ഡി.വൈ എസ് പി ഓഫിസിലേക്ക് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഇതിനെ തുടർന്ന് പൊലിസ് ബാരിക്കേഡ് മറികടന്നുകൊണ്ടു അകത്തേക്ക് കടക്കാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെയിൽ പുരുഷ പൊലിസ് വനിതാ പ്രവർത്തകയെ തല്ലിച്ചതച്ചതായി പരാതി.

വനിതാപ്രവർത്തക ഉൾപ്പെടെ നാല് യൂത്ത് കോൺഗ്രസ്- കെ. എസ്.യു പ്രവർത്തകർക്കാണ് പരുക്കേറ്റത്.ശനിയാഴ്‌ച്ച രാവിലെയാണ് പയ്യന്നൂരിനെ യുദ്ധക്കളമാക്കി കൊണ്ടു പൊലിസ് പ്രതിഷേധമാർച്ചിനെതിരെ ലാത്തിചാർജ്ജ് നടത്തിയത്.

ഡി.വൈ. എസ്‌പി ഓഫിസിനു മുൻപിൽ പൊലിസ് ഒരുക്കിയ ബാരിക്കേഡിന് മുകളിലൂടെപ്രവർത്തകർ അകത്തേക്ക് കയറാൻ ശ്രമിച്ചതോടെയാണ് ലാത്തിചാർജ്ജ് തുടങ്ങിയത്. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മഹിതമോഹനനെ പുരുഷപൊലീസ് ക്രൂരമായി മർദ്ദിച്ചത്.

പുരുഷ പൊലീസുകാരാണ് ആദ്യം ഇവരെ മർദ്ദിച്ചത്. ഇതുതടയാൻ ശ്രമിച്ചനേതാക്കളായ നവനീത് നാരായണൻ, ആകാശ് ഭാസ്‌ക്കർ എന്നിവർക്കാണ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റത്.ഇവരെ അറസ്റ്റു ചെയ്തതിനു ശേഷം പൊലിസ് വാഹനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പയ്യന്നൂരിൽ പൊലീസ് ലാത്തിചാർജ്ജിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ്, മുസ്ലിംലീഗ് ജില്ല സെക്രട്ടറി കെ.ടി സഹദുള്ള , സതീശൻ പാച്ചേനി എന്നിവർ സന്ദർശിച്ചു.

ജനാധിപത്യസമരത്തെ അടിച്ചൊതുക്കാനുള്ള പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് നടപടിയാണ് പയ്യന്നൂർ സമരത്തിന് നേരെ നടന്ന ലാത്തിചാർജെന്നും ഗാന്ധിപ്രതിമ തകർത്തവരെ പിടികൂടാത്ത പൊലിസ് ഇതിൽ പ്രതിഷേധിച്ചവരെ തല്ലിയൊതുക്കുകയാണെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.