കൊച്ചി: കുവൈത്തിലേക്കു മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശി അജുമോനെ (35) യാ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അജുമോൻ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചിരുന്നു. കോടതി അപേക്ഷ തള്ളിയതോടെ ഇന്നലെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദാണു കേസിലെ ഒന്നാം പ്രതി. ഇയാൾ ഇപ്പോഴും വിദേശത്ത് ഒളിവിലാണ്.

കുട്ടികളെ പരിചരിക്കാനെന്ന വ്യാജേന 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണു യുവതികളെ കുവൈത്തിലെത്തിച്ച് അടിമകളായി വിൽപന നടത്തിയത്. എതിർത്തവരെ സിറിയയിലെ ഐഎസ് ക്യാംപിലെത്തിച്ചും വിൽപന നടത്തി. കുവൈത്തിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ ഇടപെട്ടു രക്ഷപ്പെടുത്തിയ പശ്ചിമകൊച്ചി സ്വദേശിനിയുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു പ്രാഥമിക അന്വേഷണം.

അടിമക്കച്ചവടത്തിനു വഴങ്ങാത്തവരെ സിറിയയിലേക്കു കടത്തുന്നതായാണു രക്ഷപ്പെട്ടു നാട്ടിലെത്തിയ യുവതിയുടെ മൊഴി. എന്നാൽ സംഭവത്തെ കുറിച്ചു വ്യക്തമായ അറിവില്ലെന്നാണ് ഇന്ത്യൻ എംബസിയുടെ ആദ്യപ്രതികരണം. എൻഐഎ അന്വേഷിക്കുന്ന മറ്റ് ഐഎസ് റിക്രൂട്മെന്റ് കേസുകളിൽ നിന്നു വ്യത്യസ്തമാണ് ഈ കേസ്. കേസിൽ പൊലീസ് മനുഷ്യക്കടത്തു (ഐപിസി370) കുറ്റവും ചേർത്ത് എഫ്‌ഐആർ പുതുക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ ദേശീയ അന്വേഷണ ഏജൻസിക്ക് കേസന്വേഷണം ഏറ്റെടുക്കാനുള്ള അവസരം ഒരുങ്ങി.

കുട്ടികളെ പരിചരിക്കാൻ മാസം 60000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് മജീദാണ് യുവതികളെ ജോലിയിലേക്കു ആകർഷിച്ചത്. സൗജന്യവിമാന ടിക്കറ്റും വീസയും വാഗ്ദാനം ചെയ്തതാണു പ്രതികൾ നിർധനകുടുംബങ്ങളിലെ യുവതികളെ കെണിയിൽ വീഴ്‌ത്തിയത്. പരാതിക്കാരിയായ കൊച്ചി സ്വദേശിനിയെ ദുബായിലാണ് ആദ്യം എത്തിച്ചത്.

യുവതിയെ പിന്നീട് കുവൈത്തിൽ എത്തിച്ചു. അവിടെ 'മാമ' എന്നു വിളിക്കുന്ന കുവൈത്തി സ്ത്രീ വന്നു കൂട്ടിക്കൊണ്ടുപോയി, യുവതിയെ കൈമാറിയപ്പോൾ മജീദിനു മൂന്നര ലക്ഷം രൂപയോളം ലഭിച്ചതായും പരാതിയിലുണ്ട്. പരാതി കൊടുത്ത കൊച്ചി സ്വദേശിക്കു പുറമേ കൊല്ലം സ്വദേശിയായ യുവതിയും തൃക്കാക്കര സ്വദേശിയായ യുവതിയും ഇവരുടെ തട്ടിപ്പിൽ അകപ്പെട്ടിരുന്നു.

യുവതികളെ സിറിയയിലേക്കു കടത്തി ഐഎസിനു വിൽപന നടത്തിയെന്ന ആരോപണത്തിൽ ദേശീയ അന്വേഷണ ഏജൻസിക്കും കൂടുതൽ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. കേസിലെ മുഖ്യപ്രതിയായ മജീദിനെ ചോദ്യം ചെയ്താൽ മാത്രമേ ഐഎസ് ബന്ധം സംബന്ധിച്ചു വ്യക്തത വരുത്താൻ കഴിയൂ.

എറണാകുളം രവിപുരത്തെ സ്വകാര്യ തൊഴിൽ റിക്രൂട്മെന്റ് സ്ഥാപനം വഴി കുവൈത്തിലെത്തിയ മാവേലിക്കര സ്വദേശിനിയെ മനുഷ്യക്കടത്ത് റാക്കറ്റ് സിറിയയിലേക്കു കടത്തിയെന്ന സംശയം ഉയർന്നിരുന്നു. സാധാരണ നടക്കുന്ന മനുഷ്യക്കടത്തല്ല, അടിമക്കച്ചവടം തന്നെയാണു പ്രതികൾ വിദേശത്തു ചെയ്യുന്നതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കെണിയിൽ അകപ്പെട്ടു രക്ഷപ്പെട്ടു തിരികെയെത്തിയ യുവതിയിൽ നിന്നു കേന്ദ്ര ഏജൻസികൾ കൂടുതൽ വിവരം ശേഖരിക്കും.